ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേരിട്ട അപ്രതീക്ഷിത തിരിച്ചടിയിലെ ഞെട്ടലില്‍ ഇപ്പോഴും കോണ്‍ഗ്രസ് നേതൃത്വം. അമേഠിയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടതും തുറുപ്പുചീട്ടാകുമെന്നു പ്രതീക്ഷിച്ചിരുന്ന പ്രിയങ്ക ഗാന്ധി വാധ്രയ്ക്കു നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്നതും കോണ്‍ഗ്രസിന്റെ പ്രതിസന്ധി ഇരട്ടിയാക്കി.
സംസ്ഥാനതോല്‍വിയുടെ ഉത്തരവാദിത്തമേറ്റ് ഉത്തര്‍ പ്രദേശിയെും ഒഡീഷയിലെയും പി.സി.സി. അധ്യക്ഷന്മാര്‍ രാജി പ്രഖ്യാപിച്ചതു രാഹുല്‍ ഗാന്ധിയെ കുടുതല്‍ സമ്മര്‍ദത്തിലാക്കി. ജനാര്‍ദന്‍ ദ്വിവേദി, രാധാകൃഷ്ണ വിഖെ പാട്ടീല്‍ തുടങ്ങിയ നേതാക്കളും വിമര്‍ശനവുമായെത്തി. ഉത്തര്‍ പ്രദേശ് പി.സി.സി. അധ്യക്ഷന്‍ രാജ് ബബ്ബറും ഒഡീഷ പി.സി.സി. അധ്യക്ഷന്‍ നിരഞ്ജന്‍ പട്നായിക്കും കര്‍ണാടകയില്‍ തെരഞ്ഞെടുപ്പു ചുമതലയില്‍ നിയോഗിച്ചിരുന്ന എച്ച്.കെ. പാട്ടീലുമാണു രാജിവച്ചത്. കഴിഞ്ഞ തവണ െവെസ് പ്രസിഡന്റായും ഇത്തവണ പ്രസിഡന്റായും പാര്‍ട്ടിയെ നയിച്ചു പരാജയപ്പെട്ട സാഹചര്യത്തില്‍ രാഹുല്‍ ഇന്നു പ്രവര്‍ത്തക സമിതിയെ രാജി സന്നദ്ധത അറിയിക്കുമെന്നാണു സൂചന.
തെരഞ്ഞെടുപ്പിനു മുമ്പ് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗമാണ് രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിശ്ചയിച്ചു മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രിപദത്തിനു ശഠിക്കില്ലെന്നു പിന്നീട് നിലപാടു മാറ്റിയെങ്കിലും ഇത്ര വലിയ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ല. ഫലപ്രഖ്യാപനത്തിനു പിന്നാലെ രാഹുല്‍ യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിയെ രാജിസന്നദ്ധത അറിയിച്ചെങ്കിലും പ്രവര്‍ത്തക സമിതിയില്‍ അവതരിപ്പിക്കാനായിരുന്നു നിര്‍ദേശം. പകരംവയ്ക്കാന്‍ മറ്റൊരാളില്ലാത്ത നിലയില്‍ രാജി സ്വീകരിക്കപ്പെടില്ലെന്ന് ഉറപ്പാണ്. അതേസമയം സംഘടനാ തലത്തില്‍ മാറ്റങ്ങള്‍ക്കു തീരുമാനമുണ്ടായേക്കും.
ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ദേശീയ, സംസ്ഥാന തലങ്ങളില്‍ ഉയിര്‍ത്തെഴുനേല്‍പ്പ് സാധ്യമല്ലെന്ന വിലയിരുത്തലാണ മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്. നരേന്ദ്ര മോഡിക്ക് എതിരായ ചൗക്കീദാര്‍ ചോര്‍ ഹേ മുദ്രാവാക്യം കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കിയെന്ന് വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് അനില്‍ശാസ്ത്രി ഇന്നലെ രംഗത്തുവന്നു. തോല്‍വിയില്‍ അത്ഭുതപ്പെടുന്നില്ലെന്നു ജനാര്‍ദന്‍ ദ്വിവേദിയും നേതൃത്വമാണു പരാജയകാരണമെന്നു രാധാകൃഷ്ണ വിഖെ പാട്ടിലും തുറന്നടിച്ചതും അപ്രതീക്ഷിതമായി.
സംസ്ഥാന ഘടകങ്ങളില്‍ നേതാക്കള്‍ തമ്മില്‍ ഗ്രൂപ്പു പോര് മൂര്‍ഛിച്ചതോടെ സംഘടനാ സംവിധാനം കുത്തഴിഞ്ഞു. ഭരണത്തിലുള്ള മധ്യപ്രദേശിലും കര്‍ണാടകയിലും സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബി.ജെ.പി. കരുനീക്കം തുടങ്ങിയ സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗം കണ്ടെത്തേണ്ടതുണ്ട്. രാഹുല്‍ പരാജയപ്പെടുന്നിടത്ത് പരീക്ഷിക്കാന്‍ മാറ്റിവച്ചിരുന്ന പ്രിയങ്കയും പരാജയപ്പെട്ടതു കോണ്‍ഗ്രസിനു കനത്ത ആഘാതമാണു സമ്മാനിച്ചത്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 18 ഇടത്ത് ഒരു സീറ്റ് പോലും നേടാനാകാത്ത ദയനീയാവസ്ഥയ്ക്കാണ് പ്രവര്‍ത്തക സമിതി യോഗം പ്രതിവിധി കണ്ടെത്തേണ്ടത്.