കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ മുഴുവന്‍ ആഗ്രഹിച്ചതും മാധ്യമങ്ങള്‍ പ്രവചിച്ചതും മലയാളി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക കുമ്മനം രാജശേഖരനായിരിക്കുമെന്നാണ് എന്നാല്‍ എല്ലാ പ്രതീക്ഷകളയും വെട്ടി വി മുരളീധരന്‍ മന്ത്രിയാവുകയായിരുന്നു... കേരളത്തില്‍ നിന്ന് നേരത്തെ മന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനവും വെട്ടിനിരത്തില്‍ പെട്ടുപോയ മന്ത്രിയാണ്. കേരളത്തില്‍ ബിജെപി ഇക്കുറിയെങ്കിലും കാര്യമായ നേട്ടമുണ്ടാക്കുമെന്ന് കരുതിയെങ്കിലും കേന്ദ്ര നേതൃത്വത്തിന് നിരാശ നല്‍കിയ പ്രകടനമായിരുന്നു കേരളത്തിലെ ബിജെപിയുടേത്. ഉറപ്പായും വിജയം പ്രതീക്ഷിച്ച കുമ്മനവും ദയനീയ പരാജയമായിരുന്നു സമ്മാനിച്ചത്.
മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയായി കുമ്മനത്തെ കേന്ദ്രമെത്തിച്ചപ്പോള്‍ വിജയപ്രതീക്ഷക്കൊപ്പം ശശി തരൂരിനെപോലെയുള്ള കോണ്‍ഗ്രസിന്റെ പുലികളെ പാഠംപടിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു, ബിജെപിയുടെ ഹിറ്റ്‌ലിസ്റ്റില്‍ പെട്ട രാഹൂല്‍ ഗാന്ധിയുള്‍പ്പെടയുള്ള പ്രമുഖര്‍വരെ തോറ്റപ്പോഴും ശശിതരൂരിന് ഒരു പോറല്‍പോലുമേല്‍പ്പിക്കാന്‍ കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ആയില്ല. കുമ്മനത്തിന് മന്ത്രിസ്ഥാനം നഷ്ടപ്പെടാനുള്ള കാരണങ്ങളില്‍ പ്രധാനം ഈ തോല്‍വിതന്നെയാണ്. കേരളത്തിലെ ബിജെപിയ്ക്ക് ന്യൂനപക്ഷങ്ങള്‍ക്കിടയിലെ മുഖമാകാനും ടൂറിസം മന്ത്രി എന്നനിലയില്‍ കേരളത്തില്‍ ബിജെപിയ്ക്ക് കാര്യമായ വേരോട്ടമുണ്ടാക്കാനുമാണ് അല്‍ഫോണ്‍സ് കണ്ണന്താനനത്തെ കേന്ദ്രമന്ത്രിയാക്കിയത്.
എന്നാല്‍ കാര്യമായ ഗുണമുണ്ടായില്ലെന്ന് മാത്രമല്ല പാര്‍ട്ടിയ്ക്ക് മോശപേരുണ്ടാക്കാന്‍ മുന്നില്‍ നില്‍ക്കുകയും ചെയ്തു. യുവജനങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ട്രോളുകളില്‍ കുടുങ്ങിയ രാഷ്ട്രീയക്കാരനെന്ന പദവിയും അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സ്വന്തമായി. കേരളത്തിലെ ബിജെപി ഘടകവും അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കേന്ദ്രമന്ത്രിയെന്ന നിലമറന്ന് വെറും കോമാളി ലെവലിലേയ്ക്ക് താഴുന്നതായിരുന്നു പലപ്പോഴും അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ശൈലി. ഇത് കൊണ്ട് തന്നെ ട്രോളന്‍മാര്‍ക്കും മന്ത്രി ഇരയായി മാറി. എറണാകുളം മണ്ഡലത്തില്‍ കാര്യമായി അനക്കമുണ്ടാക്കാനും കണ്ണന്താനത്തിനായില്ല കെട്ടിവച്ച് കാശ് പോയ അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഒടുവില്‍ മോദിയും കയ്യൊഴിയുകയായിരുന്നു. അവസാനഘടത്തില്‍ പോലും അല്‍ഫോണ്‍സ് മന്ത്രിയാകുമെന്ന് പലരും കരുതിയെങ്കിലും ട്രോളുകളില്‍ കുടുങ്ങി കണ്ണന്താനവും ഔട്ടാവുകയായിരുന്നു.