ജമ്മുകാശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. കുറ്റക്കാരെന്ന് കണ്ടെത്തിയവരില്‍ രണ്ട് പൊലീസുകാരുമുണ്ട്. ഒരാളെ കോടതി വെറുതേ വിട്ടു. മുഖ്യപ്രതിയുടെ മകനെയാണ് വെറുതെ വിട്ടത്.
പത്താന്‍കോട്ട് ജില്ലാ സെഷന്‍ കോടതിയുടേതാണ് വിധി. കുറ്റക്കാര്‍ക്കുള്ള ശിക്ഷ ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും.
2018 ജനുവരിയിലായിരുന്നു ക്രൂരമായ ബലാത്സംഗവും കൊലപാതകവും. എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. നാടോടി സമുദായമായ ബക്കര്‍വാളുകളെ കത്വയിലെ രസാന ഗ്രാമത്തില്‍ നിന്ന് പുറന്തള്ളാന്‍ ലക്ഷ്യമിട്ടായിരുന്നു കൂരത. എട്ട് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഗ്രാമത്തിലെ പൗരപ്രമുഖനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജി റാമാണ് മുഖ്യ ഗൂഢാലോചന നടത്തിയത്. ഇയാളുടെ അധീനതയിലുള്ള ദേവിസ്ഥാനിലാണ് പീഡനം നടന്നത്. ഇയാളുടെ മകന്‍ വിശാല്‍, പ്രായപൂര്‍ത്തിയെത്താത്ത അനന്തരവന്‍, സുഹൃത്ത്, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് കജൂരിയ എന്നിവര്‍ കൃത്യങ്ങളില്‍ നേരിട്ട് പങ്കെടുത്തു. കേസ് ആദ്യം അന്വേഷിച്ച എസ്.ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ സുരേന്ദര്‍ വര്‍മ എന്നിവര്‍ തെളിവ് നശിപ്പിക്കാനും കൂട്ട് നിന്നു.
പ്രായം സംബന്ധിച്ച തര്‍ക്കം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രായപൂര്‍ത്തിയെത്താത്ത ഒരു പ്രതിയുടെ വിചാരണ ആരംഭിച്ചിട്ടില്ല. കുറ്റപത്രം കത്വ കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരു കൂട്ടം അഭിഭാഷകര്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് സുപ്രിം കോടതിയാണ് വിചാരണ പഠാന്‍കോട്ടിലെ അതിവേഗ കോടതിയിലേക്ക് മാറ്റിയത്. രാഷ്ട്രീയ ലക്ഷ്യത്തോടെ സജ്ഞി റാമിനെയും മകനെയും പൊലീസ് ഉദ്യോഗസ്ഥരെയും കേസില്‍ പെടുത്തിയതാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം.