ഭുവനേശ്വര്‍: ആശുപത്രിയില്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ച നഴ്സുമാര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാരണംകാണിക്കല്‍ നോട്ടീസ്. ഒഡീഷയിലെ മാല്‍ക്കാഗിരി ജില്ലാ ആശുപത്രിയിലെ നഴ്സുമാര്‍ക്കെതിരെയാണ് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഉടന്‍തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും ആശുപത്രി ഓഫീസര്‍ ഇന്‍-ചാര്‍ജ് തപന്‍ കുമാര്‍ ഡിന്‍ഡയും അറിയിച്ചു.
ജില്ലാ ആശുപത്രിയിലെ നവജാതശിശുക്കളുടെ പ്രത്യേകപരിചരണ വിഭാഗത്തില്‍വെച്ചാണ് നഴ്സുമാര്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ചത്. നഴ്സുമാര്‍ പാട്ടുപാടുന്നതും നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളെയും വീഡിയോയില്‍ കാണാം.
നഴ്സുമാരുടെ വീഡിയോ വൈറലായതോടെ പലരും രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് നഴ്സുമാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചത്.