ലണ്ടന്‍ : ബ്രിട്ടനില്‍ യുവാക്കളില്‍ പ്രമേഹം പകര്‍ച്ചവ്യാധിപോലെ പടരുകയാണെന്നു പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്. കുട്ടികളിലും കൗമാരക്കാരിലും വര്‍ധിച്ചു വരുന്ന പൊണ്ണത്തടിയാണ് പ്രായപൂര്‍ത്തിയാവുമ്പോഴേയ്ക്കും അവരെ പ്രമേഹ രോഗികളാക്കുന്നത്.പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ പ്രമേഹ കേസുകളില്‍ എട്ടില്‍ ഒന്ന് ഇപ്പോള്‍ 18-40 വയസിനിടയിലുള്ളവര്‍ക്കാണ് എന്നാണ് ഏറ്റവും പുതിയ പഠനം പറയുന്നത്. ചെറു പ്രായത്തിലെ ടൈപ്പ് 2 പ്രമേഹം പിടിപെടുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും ഉള്ളതിനാല്‍ ഹൃദയാഘാതത്തിനും ചെറുപ്പക്കാര്‍ക്ക് സാധ്യത കൂടുതലാണ്. പ്രമേഹം 'ഇനി മധ്യവയസ്കരുടേതല്ല 'എന്ന സ്ഥിതിയ്ക്ക് സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന് പ്രചാരകര്‍ ആവശ്യപ്പെടുന്നു. 370,000 യുകെ രോഗികളുടെ ആരോഗ്യ രേഖകള്‍ പരിശോധിച്ച പഠനം നടത്തിയത് ലെസ്റ്റര്‍ സര്‍വകലാശാലയും മെല്‍ബണ്‍ സര്‍വകലാശാലയുമാണ്.
2017 ല്‍ ടൈപ്പ് 2 പ്രമേഹ രോഗബാധിതരില്‍ 12.5 ശതമാനം 18-40 വയസ് പ്രായമുള്ളവരാണെന്ന് കണ്ടെത്തി. 2000 ല്‍ഇത് 9.5 ശതമാനം ആയിരുന്നു. ആളുകള്‍ക്ക് വളരെ ഉയര്‍ന്ന ലിപിഡുകളും ഉയര്‍ന്ന കൊളസ്ട്രോളും ഉണ്ടെന്ന് കാണുകയാണെങ്കില്‍, അവരുടെ പ്രായം കണക്കിലെടുക്കാതെ നിങ്ങള്‍ എന്തെങ്കിലും ചെയ്യണം എന്നതാണ് ജിപികള്‍ക്കുള്ള സന്ദേശം.
നാലുവയസില്‍ സ്‌കൂളിലെത്തുന്ന പത്തിലൊന്നു കുട്ടികളും പൊണ്ണത്തടിയുള്ളവരാണ് എന്ന് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. കഴിഞ്ഞവര്‍ഷം 745 പേര് പീഡിയാട്രിക് ഡയബറ്റിക് ചികിത്സ തേടി. അഞ്ചു വര്‍ഷം കൊണ്ട് 47 ശതമാനം വര്‍ധന. പൊണ്ണത്തടിയുള്ള 85 ശതമാനം പേര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ട് എന്ന് റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് (RCPCH) റിപ്പോര്‍ട്ട് പറയുന്നു .
ഫാസ്റ്റ് ഫുഡ് ശീലവും വ്യായാമക്കുറവും ആണ് യുകെയില്‍ പൊണ്ണത്തടിക്കാരെ സൃഷ്ടിക്കുന്നത്. ഇതിന്റെ അനന്തരഫലമാണ് ഹൃദ്രോഗം, കൊളസ്ട്രോള്‍, സ്ട്രോക്ക് എന്നിവയും . കുട്ടികളിലും കൗമാരക്കാരിലും പൊണ്ണത്തടി ആശങ്കപ്പെടുത്തും ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ബജറ്റില്‍ ഷുഗര്‍ ടാക്സ് തന്നെ കൊണ്ടുവന്നത് . ഇപ്പോഴിതാ ഫാറ്റ് ടാക്‌സും ഏര്‍പ്പെടുത്തണമെന്ന
നിര്‍ദ്ദേശം വന്നിരിക്കുന്നു. കുട്ടികളുടെ ഇഷ്ട വിഭവങ്ങളായ കേക്കുകള്‍ , ഐസ് ക്രീം എന്നിവയ്ക്ക് ഫാറ്റ് ടാക്സ് ഏര്‍പ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ ശുപാര്‍ശ.
ഭക്ഷണത്തിലെ വെണ്ണ, ക്രീം, പണ്ണിക്കൊഴുപ്പ് തുടങ്ങിയവ പഞ്ചസാരയേക്കാള്‍ ദൈനംദിന ഭക്ഷണത്തില്‍ കൂടുതല്‍ കലോറി ചേര്‍ക്കുന്നുവെന്നും വിദഗ്ദ്ധര്‍ പറയുന്നു. പഞ്ചസാര നികുതിയോടൊപ്പം കൊഴുപ്പ് നികുതി ഏര്‍പ്പെടുത്തണമെന്ന് ആക്ഷന്‍ ഗ്രൂപ്പ് ആഗ്രഹിക്കുന്നു.
ആറ് വര്‍ഷം മുമ്പ് 100 ഗ്രാമിന് 275 കലോറിയില്‍ കൂടുതല്‍ ജങ്ക് ഫുഡിന് 8% നികുതി ഏര്‍പ്പെടുത്തിയ മെക്സിക്കന്‍ മോഡലിനെ പിന്തുടരുന്നതാണ് ഈ നിരക്ക്. പൂരിത കൊഴുപ്പിന്റെ ദൈനംദിന അളവ് പുരുഷന്മാര്‍ക്ക് 30 ഗ്രാം, സ്ത്രീകള്‍ക്ക് 20 ഗ്രാം എന്നിവയില്‍ കൂടുതലാകരുത്.
ജീവിതശൈലീ രോഗമായ ടൈപ്പ് 1പ്രമേഹം, ടൈപ്പ് 2പ്രമേഹം എന്നിവ സാധാരണ 40 വയസിനു ശേഷമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 20 വര്‍ഷം മുമ്പേ പിടിപെടുന്ന സ്ഥിതിയാണ്. 25 വയസിനു മുമ്പേ നിരവധി യുവാക്കള്‍ വിദഗ്ധ ക്ലിനിക്കുകളില്‍ ചികിത്സ തേടുന്നു. ആറ് വയസില്‍ എത്തുമ്പോള്‍ അഞ്ചിലൊന്ന് കുട്ടികളും പൊണ്ണത്തടിക്കാരാണ് എങ്കില്‍ പതിനൊന്നു വയസിലെത്തുമ്പോള്‍ അത് നാലിലൊന്നാകും. ടൈപ്പ് 2പ്രമേഹം നേരത്തെ പിടിപെടുന്നത് ഹൃദ്രോഗം, കിഡ്‌നി തകരാര്‍ ,അന്ധത എന്നിവയ്ക്ക് കാരണമാകുന്നുണ്ട്. പകുതിയോളം യുവാക്കള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ട്. അത് പോലെ 34 ശതമാനത്തിനു കൊളസ്‌ട്രോള്‍ കൂടുതലാണ്. 2030 ഓടെ കുട്ടികളിലെ പൊണ്ണത്തടിക്കാരുടെ എണ്ണം കുതിച്ചുയരാന്‍ ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്.
പൊണ്ണത്തടി വിവിധ ടൈപ്പിലുള്ള കാന്‍സറിനും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ അടുത്തിടെ ചൂണ്ടിക്കാണിച്ചിരുന്നു. പൊണ്ണത്തടി പുകവലിയേക്കാള്‍ ഹാനികരം എന്നാണ് കാന്‍സര്‍ റിസേര്‍ച്ച് യുകെ ചൂണ്ടിക്കാണിക്കുന്നത്. കുടല്‍ , കിഡ്‌നി, ലിവര്‍ , അണ്ഡശയം എന്നിവിടങ്ങളിലെ കാന്‍സറിനു പൊണ്ണത്തടി പ്രധാന കാരണമായി മാറുന്നുവെന്നാണ് കണ്ടെത്തല്‍ .
പുകവലിയെ അപേക്ഷിച്ചു പൊണ്ണത്തടി മൂലം യുകെയില്‍ പ്രതിവര്‍ഷം 1900 കുടലിലുള്ള കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് . കിഡ്‌നി കാന്‍സര്‍ 1400 , അണ്ഡശയ കാന്‍സര്‍ 460 ലിവര്‍ കാന്‍സര്‍ 180 എന്നിങ്ങനെയാണ് പൊണ്ണത്തടിയുടെ ഫലമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നുവെച്ചു പുകവലി നല്ലതാണെന്നല്ല, അത് ശരീരത്തില്‍ വലിയ തോതില്‍ കേടുപാട് വരുത്തും .
ആരോഗ്യപരമായ ജീവിത രീതികളും, മികച്ച ആരോഗ്യപരിപാലനവും, വ്യായാമവും ഒക്കെയാണ് പൊണ്ണത്തടിയെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടത് . എന്‍എച്ച്എസ് ഇതിനായി വലിയ പ്രചാരണമാണ് നടത്തുന്നത്. എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ ജീവിതശൈലിയിലുള്ള ഗുണപരമായ മാറ്റവും അനിവാര്യമാണ്.