ബ്രക്സിറ്റ് അനിശ്ചിതത്വം നിലനില്‍ക്കുകയാണെങ്കില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ നിരക്ക് കുറയ്ക്കേണ്ടിവരുമെന്ന് വെളിപ്പെടുത്തല്‍ .കരാര്‍ ഇല്ലാത്ത ബ്രക്‌സിറ്റ് യുകെ ഒഴിവാക്കുകയാണെങ്കിലും, നിരക്ക് വെട്ടിക്കുറയ്‌ക്കേണ്ടിവരുമെന്ന് നയരൂപീകരണക്കാരില്‍ ഒരാളായ മൈക്കല്‍ സോണ്ടേഴ്‌സ് പറഞ്ഞു. നോ-ഡീല്‍ ബ്രക്‌സിറ്റ് ഉണ്ടായാല്‍, വളര്‍ച്ചയുടെ നാശനഷ്ടവും പൗണ്ടിന്റെ വീഴ്ച യില്‍ നിന്ന് പണപ്പെരുപ്പം എത്രത്തോളം വര്‍ദ്ധിക്കുന്നു എന്നതിനെ ആശ്രയിച്ച് എല്ലാ പോളിസി ഓപ്ഷനുകളും തുറന്നിരിക്കുമെന്ന ബാങ്കിന്റെ നിലപാട് സോണ്ടേഴ്‌സ് ആവര്‍ത്തിച്ചു.ബ്രക്‌സിറ്റ് അനിശ്ചിതത്വം മൂലം യുകെ സമ്പദ്‌വ്യവസ്ഥ അതിന്റെ പ്രതീക്ഷകളേക്കാള്‍ താഴെയാണ്. പലിശനിരക്ക് 2018 ഓഗസ്റ്റ് മുതല്‍ 0.75 ശതമാനമാണ്.
പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടി വരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി നേരത്തെ വ്യക്തമാക്കിയിരുന്നു. 2009ല്‍ 0.5 ശതമാനം പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ഈ നിരക്കാണ് 2016 വരെ നിലനിന്നിരുന്നത്. ബ്രക്‌സിറ്റ് വോട്ടെടുപ്പിന് ശേഷം 0.25 ശതമാനം നിരക്ക് കുറയ്ക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുന്‍ വര്‍ഷങ്ങളെക്കാള്‍ കുറവ് വേഗതയിലാണ് മുന്നോട്ട് പോകുന്നതെന്ന് കാര്‍ണി പറഞ്ഞിരുന്നു.
ഈ വര്‍ഷം വളര്‍ച്ചാ നിരക്ക് 1.3 ശതമാനമായി കുറയുമെന്നാണ് പ്രവചനം. മെയില്‍ ഇത് 1.5 ശതമാനമായിരുന്നു. 2020 ലും വളര്‍ച്ചാ നിരക്ക് 1.3 ശതമാനമായി തുടരും. നേരത്തെ ഇത് 1.6 ശതമാനമായിരുന്നു. മറ്റൊരു സാമ്പത്തിക മാന്ദ്യമാണ് ബ്രിട്ടനെ തുറിച്ചു നോക്കുന്നത്.ഒക്ടോബര്‍ 31 നു മുമ്പ് ഡീലാകാതെ പുറത്തു പോകേണ്ടിവരുന്നത് വലിയ തിരിച്ചടിയാകും ഉണ്ടാക്കുക.
യുകെ യൂണിയനുമായി വിട്ടു പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പ്രവചനം. നോ ഡീലിന്റെ പശ്ചാത്തലത്തില്‍ സ്ഥിതി ഒരു പക്ഷെ ഇതിലും മോശമായേക്കാം. ബിസിനസുകളും തൊഴിലവസരങ്ങളും പുറത്തേയ്ക്കു പോയേക്കാം. പണപ്പെരുപ്പവും കൂടും.