ബിസിനസ്‌

തിരഞ്ഞെടുപ്പ് ചൂടില്‍ പൗണ്ട് മൂല്യം കയറുന്നു; രൂപയ്‌ക്കെതിരെ 93 ലേക്ക്, യൂറോക്കെതിരെ ആറുമാസത്തെ മികച്ച നില


യുകെയില്‍ തിരഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുകയും ഭൂരിപക്ഷ സര്‍ക്കാര്‍ വരുമെന്ന അഭിപ്രായ സര്‍വേകളും പൗണ്ട് മൂല്യം കയറ്റുന്നു. രൂപയ്‌ക്കെതിരെ 93 ലേക്ക് അടുത്തിരിക്കുകയാണ്. 92.72 പോയിന്റ് വരെയെത്തി. ഇത് സമീപകാലത്തെ മികച്ച നിലയാണ്. യൂറോക്കെതിരെ ആറുമാസത്തെ മികച്ച നിലയിലെത്തിയിരിക്കുകയാണ് പൗണ്ട്. യൂറോയ്ക്കെതിരേ 1.168ല്‍ എത്തി ഒന്നരമാസം മുമ്പ് 1.9 ലും താഴെ പോയിരുന്നു മൂല്യം.

ഇന്റര്‍ബാങ്ക് നിരക്കില്‍ യൂറോക്കെതിരെ 6 മാസത്തെ ഉയര്‍ന്ന നിരക്കിലേക്ക് എത്തിയത് യാത്രക്കാരെ സന്തോഷിപ്പിക്കുന്നു. ഇത് 2019 മെയ് 5 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോയിന്റാണ്. 2019 ലെ പൗണ്ട് / യൂറോ ഇന്റര്‍ബാങ്ക് ഉയര്‍ന്ന നിരക്ക് മാര്‍ച്ച് 12 ന് 1.1763 ആണ് കൂടാതെ മെയ് 5 ന് 1.1758 ഉം എത്തിയിരുന്നു. പിന്നീട് പടിപടിയായി ഇടിയുകയായിരുന്നു. നോ ഡീല്‍ ബ്രക്സിറ്റ് ഭീതി ആയിരുന്നു അതിനു പ്രധാന കാരണം. എന്നാല്‍ ഡീലോടുകൂടിയുള്ള ബ്രക്സിറ്റ് ഉണ്ടാവും എന്നതും ഡിസംബര്‍12 ലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ സര്‍ക്കാര്‍ വരുമെന്ന പ്രതീക്ഷയും സമ്പദ്‌വ്യവസ്ഥയ്ക്കു ഉണര്‍വേകി. ഇതിന്റെ ഭാഗമായാണ് പൗണ്ട് കരുത്തു നേടുന്നത്. ഡോളറിനെതിരെ സമീപകാലത്തെ ഏറ്റവും മികച്ച നിലയായ 1.2918 പോയിന്റിലെത്തിയിരുന്നു. ഇത് 1.284 പോയിന്റില്‍ ഏതാണ്ട് സ്ഥിരതയിലാണ്.

വോട്ടെടുപ്പില്‍ പെട്ടെന്നുള്ള മാറ്റം ഉണ്ടെങ്കിലോ അല്ലെങ്കില്‍ ജന വികാരത്തിലും ബ്രക്സിറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും എന്തെങ്കിലും മാറ്റം കണ്ടാല്‍ അത് പൗണ്ട് നിലയെ ബാധിക്കാം. എല്ലാ സീറ്റുകളിലും മത്സരിക്കുന്നതില്‍ നിന്നും കണ്‍സര്‍വേറ്റീവുകളുടെ ഒരു സീറ്റിലും മത്സരിക്കാതിരിക്കാനുമുള്ള ബ്രക്‌സിറ്റ് പാര്‍ട്ടിയുടെ നീക്കം പൗണ്ട് ഉയരുന്നതിനിടയാക്കി. ഇതുവഴി ലീവ് വോട്ട് വിഭജിക്കാനുള്ള സാധ്യത കുറവാണെന്നും ഇത് യാഥാസ്ഥിതിക വിജയത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ഉള്ള വിലയിരുത്തലുകളുണ്ട് . എങ്കിലും സ്‌കോട്ട്‌ലന്‍ഡിലെ കണ്‍സര്‍വേറ്റീവുകള്‍ക്ക് സീറ്റുകള്‍ എത്രയെന്നു നിര്‍ണായകമായിരിക്കും.

ബ്രക്‌സിറ്റ് വിഷയത്തില്‍ ഏറ്റുമുട്ടല്‍ ഒഴിവായതും വിദേശ നിക്ഷേപകരുടെ ഭീതിയൊഴിഞ്ഞതും ബ്രക്സിറ്റിനു ശേഷമുള്ള രാഷ്ട്രീയ സ്ഥിരതാ പ്രതീക്ഷയുമാണ് സമ്പദ്‌വ്യവസ്ഥയ്ക്കു ഉണര്‍വേകുന്നത്. കാലാവധി തികയ്ക്കാതെ രണ്ടാമതും തിരഞ്ഞെടുപ്പ് വേണ്ടിവന്നത് തിരിച്ചടിയാണെങ്കിലും ബ്രക്‌സിറ്റ് ഇനി ഒരു കീറാമുട്ടിയാവില്ല എന്ന പ്രതീക്ഷയാണ് ബിസിനസ് ലോകത്തിനുള്ളത്.

ബ്രക്‌സിറ്റ് വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും ബ്രിട്ടനും തമ്മില്‍ കരാറിലെത്തിയതിനെ ഐഎംഎഫ് സ്വാഗതം ചെയ്തിരുന്നു. ബ്രക്‌സിറ്റ് അനിശ്ചിതത്വം യുകെയിലും യൂറോപ്യന്‍ സമ്പദ്‌വ്യവസ്ഥയിലും വളരെയധികം ഭാരം ഉണ്ടാക്കിയിട്ടുണ്ടെന്നും അത് ഇനി മാറുമെന്നും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു. ഇത് വികസിത രാജ്യങ്ങള്‍ക്കും വികസ്വര രാജ്യങ്ങള്‍ക്കും നല്ലതാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കരാര്‍ പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ പൗണ്ട് സ്റ്റെര്‍ലിംഗ് ഡോളറിനെതിരെ ഉയര്‍ന്ന് അഞ്ച് മാസത്തെ ഉയര്‍ന്ന നിരക്കായ 1.2988 ഡോളറിലെത്തിയിരുന്നു.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ അവസാന വട്ട ബ്രക്‌സിറ്റ് ഡീലിനായുള്ള ഇടപെടലുകളും യൂറോപ്യന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും പൗണ്ടിന് അനുകൂല സാഹചര്യം ഒരുക്കി.

പൗണ്ടിന് വലിയ വീഴ്ച ഉണ്ടാകുമെന്ന ആശങ്കയില്‍ കഴിഞ്ഞിരുന്ന യുകെയിലെ പ്രവാസികള്‍ക്ക് ഇപ്പോഴത്തെ നേട്ടം സന്തോഷം നല്‍കുന്നു. ഈ ദിവസങ്ങളില്‍ നാട്ടിലേയ്ക്ക് കൂടുതല്‍ പണം അയക്കപ്പെടുന്നുണ്ട്.

ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions