തിരഞ്ഞെടുപ്പിന് ഒരാഴ്ച; പൗണ്ട് രണ്ടര വര്‍ഷത്തെ ഏറ്റവും മികച്ച നിലയില്‍
യുകെയില്‍ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ പൗണ്ട് കരുത്താര്‍ജ്ജിക്കുന്നു. യൂറോക്കും ഡോളറിനുമെതിരെ സമീപകാലത്തെ ഏറ്റവും മികച്ച നിരക്കിലെത്തിയ പൗണ്ട് രൂപയ്‌ക്കെതിരെയും മികച്ച നില കൈവരിച്ചു. ടോറി പാര്‍ട്ടി ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നുമുള്ള പുതിയ അഭിപ്രായ സര്‍വേയാണ് യൂറോക്കും ഡോളറിനുമെതിരെ പൗണ്ടിന് രണ്ടരവര്‍ഷത്തെ മികച്ച നില നേടിക്കൊടുത്തത് . യൂറോയ്ക്കെതിരേ 1.183ല്‍ എത്തി. രണ്ടര മാസം മുമ്പ് വെറും 1.9 ലും താഴെ പോയിരുന്നു മൂല്യം. ഇന്റര്‍ബാങ്ക് നിരക്കില്‍ യൂറോക്കെതിരെ ഉയര്‍ന്ന നിരക്കിലേക്ക് എത്തി. 2019 ലെ പൗണ്ട് / യൂറോ ഇന്റര്‍ബാങ്ക് ഉയര്‍ന്ന നിരക്ക് മാര്‍ച്ച് 12 ന് ഉണ്ടായിരുന്ന 1.1763 ആണ്. കൂടാതെ മെയ് 5 ന് 1.1758 ഉം എത്തിയിരുന്നു. പിന്നീട് പടിപടിയായി ഇടിയുകയായിരുന്നു. എന്നാലിപ്പോള്‍ 1.18 ഭേദിച്ചു. ഡോളറിനെതിരെ സമീപകാലത്തെ ഏറ്റവും മികച്ച നിലയിലെത്തി പൗണ്ട് 1.31 എന്ന അപ്രതീക്ഷിത നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. രൂപയ്‌ക്കെതിരെ 93.75 ആണ്.
ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ബോറിസ് വീണ്ടും അധികാരത്തിലെത്തുമെന്ന ഉറച്ച പ്രതീക്ഷയാണ് വിദേശ നിക്ഷേപകര്‍ക്കുള്ളത്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന സര്‍വേയിലും ഒമ്പതു പോയിന്റിന്റെ ലീഡ് ടോറികള്‍ക്കുണ്ട്. നോ ഡീല്‍ ബ്രക്സിറ്റ് ഭീതി ആയിരുന്നു ഒരു മാസം മുമ്പ് വരെ പൗണ്ടിന്റെ ഇടിവിനു പ്രധാന കാരണം. എന്നാല്‍ ഡീലോടുകൂടിയുള്ള ബ്രക്സിറ്റ് ഉണ്ടാവും എന്നതും ഡിസംബര്‍12 ലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ സര്‍ക്കാര്‍ വരുമെന്ന പ്രതീക്ഷയും സമ്പദ്‌വ്യവസ്ഥയ്ക്കു ഉണര്‍വേകി. ഇതിന്റെ ഭാഗമായാണ് പൗണ്ട് തുടരെ കരുത്തു നേടുന്നത്.
ബ്രക്‌സിറ്റ് വിഷയത്തില്‍ ഏറ്റുമുട്ടല്‍ ഒഴിവായതും വിദേശ നിക്ഷേപകരുടെ ഭീതിയൊഴിഞ്ഞതും ബ്രക്സിറ്റിനു ശേഷമുള്ള രാഷ്ട്രീയ സ്ഥിരതാ പ്രതീക്ഷയുമാണ് സമ്പദ്‌വ്യവസ്ഥയ്ക്കു ഉണര്‍വേകുന്നത്. കാലാവധി തികയ്ക്കാതെ രണ്ടാമതും തിരഞ്ഞെടുപ്പ് വേണ്ടിവന്നത് തിരിച്ചടിയാണെങ്കിലും ബ്രക്‌സിറ്റ് ഇനി ഒരു കീറാമുട്ടിയാവില്ല എന്ന പ്രതീക്ഷയാണ് ബിസിനസ് ലോകത്തിനുള്ളത്.
പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ അവസാന വട്ട ബ്രക്‌സിറ്റ് ഡീലിനായുള്ള ഇടപെടലുകളും യൂറോപ്യന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും പൗണ്ടിന് അനുകൂല സാഹചര്യം ഒരുക്കി. പൗണ്ടിന് വലിയ വീഴ്ച ഉണ്ടാകുമെന്ന ആശങ്കയില്‍ കഴിഞ്ഞിരുന്ന യുകെയിലെ പ്രവാസികള്‍ക്ക് ഇപ്പോഴത്തെ നേട്ടം സന്തോഷം നല്‍കുന്നു. ഈ ദിവസങ്ങളില്‍ നാട്ടിലേയ്ക്ക് കൂടുതല്‍ പണം അയക്കപ്പെടുന്നുണ്ട്.
ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്. ഇപ്പോഴത്തെ നിലയില്‍ രൂപയ്‌ക്കെതിരെ മൂല്യം വീണ്ടും മൂന്നക്കത്തിലെത്തുമെന്ന പ്രതീക്ഷയും സജീവമാണ്.