ബിസിനസ്‌

ബോറിസിന്റെ ബ്രക്‌സിറ്റ് പ്ലാനിനെക്കുറിച്ചു ആശങ്ക; പൗണ്ട് കയറിയതുപോലെ തിരിച്ചിറങ്ങി


തിരഞ്ഞെടുപ്പ് പൂര്‍ത്തിയായശേഷം റോക്കറ്റ് പോലെ കുതിച്ച പൗണ്ട് അപ്രതീക്ഷിതമായി കയറിയതിനേക്കാള്‍ വേഗത്തിലിറങ്ങി. ഡോളറിനും പൗണ്ടിനും എതിരെ മൂന്നുപോയിന്റിലധികം വീഴ്‌ചയാണ്‌ ഉണ്ടായത്. രൂപയ്‌ക്കെതിരെയും രണ്ടു പോയിന്റിലേറെ നഷ്ടം ഉണ്ടായി.

ടോറി പാര്‍ട്ടിയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന എക്സിറ്റ് പോളുകള്‍ പുറത്തുവന്നതിന് പിന്നാലെ പൗണ്ട് കുതിച്ചിരുന്നു. യൂറോക്കും ഡോളറിനുമെതിരെ റെക്കോഡ് ഭേദിച്ചായിരുന്നു മുന്നേറ്റം. യൂറോയ്ക്കെതിരേ 1.205ല്‍ എത്തിയിരുന്നു. അതുപോലെ ഡോളറിനെതിരെ സമീപകാലത്തെ ഏറ്റവും മികച്ച നിലയായ 1.347 ലും എത്തിയിരുന്നു. എന്നാലിപ്പോള്‍ ഡോളറിനും യൂറോയ്ക്കും എതിരെ യഥാക്രമം 1.307 , 1.175 എന്ന നിലയാണ്. രൂപയ്ക്ക്തിരെ 95.12 ലെത്തിയ സ്ഥാനത്തുനിന്ന് 92.78 ലേക്ക് കൂപ്പുകുത്തി.

ടോറി പാര്‍ട്ടി മഹാ ഭൂരിപക്ഷം നേടിയതോടെ ബ്രക്‌സിറ്റ് പ്ലാനിനെക്കുറിച്ചു ആശങ്ക പരന്നതാണ് പൗണ്ടിനെ ബാധിച്ചത്. യൂണിയനെയും പാര്‍ലമെന്റിനെയും ഭയക്കേണ്ട സ്ഥിതിയില്ലാത്തതിനാല്‍ നോ ഡീല്‍ ബ്രക്‌സിറ്റിന് തുല്യമാകുമോ കാര്യങ്ങള്‍ എന്ന ആശങ്ക പരന്നിട്ടുണ്ട്. ബ്രക്‌സിറ്റിനു തിടുക്കം കൂട്ടുന്ന ബോറിസും സാവകാശം ആഗ്രഹിക്കുന്ന യൂണിയനും തമ്മിലുള്ള ചര്‍ച്ചകളും എംപിമാരുടെ പുതിയ നിലപാടുകളും ആണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിനു വഴിവച്ചിരിക്കുന്നത്.

ഒറ്റയ്ക്ക് ബോറിസ് മൃഗീയ ഭൂരിപക്ഷം നേടിയതാണ് തിരിച്ചടിയായതെന്നു ചുരുക്കം. ബ്രക്‌സിറ്റ് വിഷയത്തില്‍ യുകെ കടുംപിടുത്തം നടത്തുമോ എന്നതാണ് ഇപ്പോഴത്തെ വിഷയം. രാഷ്ട്രീയ സ്ഥിരതാ പ്രതീക്ഷ സമ്പദ്‌വ്യവസ്ഥയ്ക്കു ഉണര്‍വേകുമെങ്കിലും ധൃതിപിടിച്ചുള്ള ബ്രക്‌സിറ്റ്‌ യൂണിയന്‍ ഏത് വിധത്തില്‍ കാണുമെന്നാണ് അറിയേണ്ടത്. യൂണിയന്‍ ഉടക്കിയാല്‍ ഡീലില്ലാതെയും പോകാന്‍ ബോറിസ് ശ്രമിക്കുമോ എന്നതാണ് ഇപ്പോഴത്തെ ആശങ്കയ്ക്കു പ്രധാന കാരണം. പാര്‍ട്ടിയിലെ ബ്രക്‌സിറ്റ് വിരുദ്ധരെയെല്ലാം തിരഞ്ഞെടുപ്പിലൂടെ മെരുക്കിയിരുന്നു.

ബ്രക്‌സിറ്റ് അനുകൂല എംപിമാരെ അണിനിരത്തി ഭേദഗതി വരുത്തിയ വിത്‌ഡ്രോവല്‍ ബില്‍ വെള്ളിയാഴ്ച സഭയില്‍ അവതരിപ്പിക്കും . 2020 ഡിസംബറിന് അപ്പുറത്തേക്ക് ട്രാന്‍സിഷന്‍ പിരീഡ് ദീര്‍ഘിപ്പിക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിക്കുന്നതാണ് വിത്‌ഡ്രോവല്‍ ബില്‍. വിത്‌ഡ്രോവല്‍ ബില്‍ സഭയില്‍ പാസാക്കിയാല്‍ 2020 ഡിസംബര്‍ വരെ മാത്രമാകും സ്വതന്ത്ര യാത്രയും, ഇയു നിയമങ്ങളും പ്രാബല്യത്തില്‍ ഉണ്ടാവുക. അടുത്ത വര്‍ഷം ആരംഭിക്കുന്ന വ്യാപാര ചര്‍ച്ചകളില്‍ നിലപാട് മയപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന ശക്തമായ സന്ദേശമാണ് പ്രധാനമന്ത്രി ബ്രസല്‍സിന് നല്‍കുന്നത്. കാനഡ സ്റ്റൈല്‍ ഫ്രീ ട്രേഡ് എഗ്രിമെന്റിനാണ് പ്രധാനമന്ത്രി ശ്രമിക്കുക. അതോടെ വ്യാപാര ചര്‍ച്ചകളിലെ ഫലങ്ങള്‍ വീറ്റോ ചെയ്യാനുള്ള അധികാരം പാര്‍ലമെന്റിന് നഷ്ടമാകും.

അടുത്ത ഡിസംബറിനുള്ളില്‍ പൂര്‍ണ്ണമായ കരാര്‍ നേടുകയെന്നത് അപ്രാപ്യമായ കാര്യമാണെന്നാണ് ഇയു മുഖ്യ നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍ണിയര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യൂറോപ്പുമായുള്ള 45 വര്‍ഷത്തെ സര്‍വ മേഖലയിലുമുള്ള സങ്കീര്‍ണ ബന്ധം മുറിച്ചു മാറ്റാന്‍ സമയമേറെ വേണ്ടിവരും. വ്യാപാരം, സാമ്പത്തികം, കുടിയേറ്റം, സുരക്ഷ, ഇന്റലിജന്‍സ്, നിര്‍മാണം, വ്യോമ ഗതാഗതം, മത്സ്യബന്ധനം, മരുന്നുകള്‍, പേറ്റന്റ്, വിവരം പങ്കുവെക്കല്‍ തുടങ്ങി ഒട്ടേറെ മേഖലകളിലാണ് ബ്രിട്ടന്‍ യൂണിയനുമായി സഹകരിക്കുന്നത്. ഇതിന് ഒരുവര്‍ഷമെങ്കിലും വേണ്ടിവരും. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ 2020 ഡിസംബറിന് മുമ്പ് ബ്രക്‌സിറ്റ് പൂര്‍ത്തിയാക്കുമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നത്. അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions