കൊറോണ പ്രതിസന്ധി യുകെയെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിടുമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്. ജൂണ്‍ മാസത്തില്‍ ലോക്ക് ഡൗണ്‍ ഇളവ് വരുത്തിയാല്‍ പോലും ഈ വര്‍ഷം സമ്പദ്‌വ്യവസ്ഥ 14 ശതമാനത്തില്‍ ചുരുങ്ങുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണ നിലയിലേക്ക് വേഗത്തില്‍ മടങ്ങിവരില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി പറഞ്ഞു. ലോക്ക്ഡൗണ്‍, യുകെയിലെ ജോലിയും വരുമാനവും ഗണ്യമായി കുറയ്ക്കുകയാണെന്ന് ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു.
ഏറ്റവും പുതിയ മോണിറ്ററി പോളിസി റിപ്പോര്‍ട്ടില്‍ യുകെ സമ്പദ്‌വ്യവസ്ഥ ഒരു ദശകത്തിന് ശേഷം ആദ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി കാണിക്കുന്നു. 2020 ന്റെ ആദ്യ പാദത്തില്‍ സമ്പദ്‌വ്യവസ്ഥ 3ശതമാനം കുറഞ്ഞു. തുടര്‍ന്ന് ജൂണ്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ 25ശതമാനം ഇടിവ്. ഈ സാമ്പത്തിക തകര്‍ച്ച യുകെയെ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടും. 1949 മുതലുള്ള ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് (ഒഎന്‍എസ്) ഡാറ്റ പ്രകാരം ഏറ്റവും വലിയ വാര്‍ഷിക ഇടിവാണിത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിവരങ്ങള്‍ പ്രകാരം 1706 ന് ശേഷമുള്ള വലിയ സാമ്പത്തിക പ്രതിസന്ധി കൂടിയാണിത്.
സമ്പദ്‌വ്യവസ്ഥ നിലവില്‍ അനിശ്ചിതത്വത്തിലാണെന്നും ജീവനക്കാരും ബിസിനസ്സുകളും പകര്‍ച്ചവ്യാധിയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ തിരിച്ചുവരവെന്നും ബാങ്ക് പറയുന്നു. വേതന സബ്‌സിഡികള്‍, വായ്പകള്‍, ഗ്രാന്റുകള്‍ എന്നിവയിലൂടെ തൊഴിലാളികളെയും ബിസിനസുകളെയും പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ നടപടിയെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി പ്രശംസിച്ചു.
പ്രതിവാര ശരാശരി വരുമാനം ഈ വര്‍ഷം 2 ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് തൊഴിലാളികളുടെ വേതനം കുറയുന്നതിന് കാരണമാകും. ഒപ്പം തൊഴിലില്ലായ്മ നിരക്ക് നിലവിലെ 4 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 9 ശതമാനത്തിന് മുകളിലെത്തും. ഫ്ലൈറ്റുകള്‍ , ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, വിനോദം എന്നിവയ്ക്കുള്ള ചെലവ് അഞ്ചിലൊന്നായി കുറഞ്ഞു. ഒപ്പം ഹൈ സ്ട്രീറ്റ് റീട്ടെയിലര്‍മാരുടെ കച്ചവടം 80ശതമാനം കുറഞ്ഞു. അതുപോലെ ഹൗസിംഗ് മാര്‍ക്കറ്റ് സ്തംഭിച്ചിരിക്കുകയാണെന്നും ഉപഭോക്തൃ ചെലവ് 30 ശതമാനം കുറഞ്ഞുവെന്നും ബാങ്ക് അറിയിച്ചു.