ലണ്ടന്‍ : ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചുകഴിഞ്ഞാലും യുകെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉടനടി ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ടതില്ലെന്നു ചാന്‍സലര്‍ റിഷി സുനക്. സമ്പദ്‌വ്യവസ്ഥ സാധാരണ നിലയിലേക്ക് എത്താന്‍ സമയമെടുക്കുമെന്നു അദ്ദേഹം പറഞ്ഞു. ആളുകള്‍ക്ക് അവരുടെ ശീലങ്ങളിലേക്ക് മടങ്ങിവരാന്‍ സമയമെടുക്കും, ഇപ്പോഴും നിയന്ത്രണങ്ങളുണ്ട്- ചാന്‍സലര്‍ പറഞ്ഞു. രാജ്യത്തെ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ അവകാശപ്പെടുന്നവരുടെ എണ്ണം ഏപ്രിലില്‍ 21 ലക്ഷമായി ഉയര്‍ന്നതായുള്ള കണക്കുകള്‍ വ്യക്തമാക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഏപ്രിലില്‍ 856,500 ക്ലെയിമുകള്‍ ഉയര്‍ന്നത് ലോക്ക് ഡൗണിന്റെ ആദ്യ മാസത്തെ പ്രതിഫലനമാണെന്നു ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് (ഒഎന്‍എസ്) വ്യക്തമാക്കിയിരുന്നു .
പകര്‍ച്ചവ്യാധി സമയത്ത് ആര്‍ക്കാണ് ജോലിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യാന്‍ കഴിയുക എന്നതില്‍ സര്‍ക്കാര്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ കോവിഡ് തൊഴില്‍ വിപണിയില്‍ ചെലുത്തുന്ന സമ്മര്‍ദ്ദം എത്ര വലുതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്. ലോര്‍ഡ്‌സ് ഇക്കണോമിക് അഫയേഴ്‌സ് കമ്മിറ്റിയോട് സുനക് പറഞ്ഞത് , ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ക്രമാനുഗതമായി നിയന്ത്രണങ്ങള്‍ നീക്കുന്ന അവസ്ഥയില്‍ പൂര്‍ണ്ണമായ വീണ്ടെടുക്കലിന് സമയമെടുക്കുമെന്നാണ്.
ജൂണ്‍ ഒന്നിന് ആസൂത്രണം ചെയ്തതുപോലെ ഇംഗ്ലണ്ടില്‍ റീട്ടെയില്‍ വീണ്ടും തുറക്കാന്‍ സര്‍ക്കാരിനു കഴിയുമെങ്കിലും ആളുകള്‍ക്ക് എങ്ങനെ ഷോപ്പിംഗ് നടത്താമെന്നതിന് നിയന്ത്രണങ്ങളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് അവര്‍ എത്രമാത്രം ചെലവഴിക്കുന്നു, എത്ര പേര്‍ പുറത്തുപോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നു സുനക് പറഞ്ഞു. നിലവില്‍ അടച്ച മേഖലകള്‍ വീണ്ടും തുറന്നുകഴിഞ്ഞാല്‍പ്പോലും കാര്യങ്ങള്‍ സാധാരണ നിലയിലാകാന്‍ സമയമെടുക്കുമെന്ന് സുനക് കൂട്ടിച്ചേര്‍ത്തു.
കമ്മിറ്റി തൊഴിലില്ലായ്മയെക്കുറിച്ച് ചോദിച്ചപ്പോള്‍ വര്‍ഷാവസാനത്തെ സംഖ്യ എന്തായിരിക്കുമെന്ന് കൃത്യമായ കണക്ക് തന്റെ പക്കലില്ലെന്ന് സുനക് പറഞ്ഞു. ലോക്ക് ഡൗണ്‍ ആരംഭിക്കുന്നതിന് മുമ്പ്, തൊഴില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. എന്നാല്‍ കൊറോണ മൂലം എല്ലാം മാറിമറിഞ്ഞു.
ലോക്ഡൗണ്‍ മൂലം അവധിയിലുള്ള തൊഴിലാളികള്‍ക്ക് വേതനം നല്‍കാനുള്ള പദ്ധതിയായ ഫര്‍ലോ സ്കീം നാല് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. കോവിഡ് പ്രതിസന്ധി തുടരുന്നതിനാല്‍ ഭൂരിഭാഗം തൊഴിലാളികള്‍ക്കും തങ്ങളുടെ ജോലിയിലേക്ക് മടങ്ങിവരാന്‍ സാധിക്കാത്തതിനാലാണ് ഫര്‍ലോ സ്കീം ഒക്ടോബര്‍ വരെ നീട്ടുന്നതെന്നു സുനക് പറഞ്ഞിരുന്നു. ലോക്ക്ഡൗണില്‍ നിന്ന് പുറത്തുവരുന്ന തൊഴിലാളികളെയും കമ്പനികളെയും സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ടെന്നും സുനക് അറിയിച്ചു.
ജീവനക്കാരുടെ പ്രതിമാസ വേതനത്തിന്റെ 80ശതമാനം അതായത് 2,500 പൗണ്ട് വരെ തുടര്‍ന്നും അവര്‍ക്കു ലഭിക്കും. 7.5 ദശലക്ഷം തൊഴിലാളികളെ ഇപ്പോള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു മാസം 14 ബില്യണ്‍ പൗണ്ട് വേണ്ടിവരും. കഴിഞ്ഞയാഴ്ച ഇത് 6.3 ദശലക്ഷമായിരുന്നു. തുടക്കത്തില്‍ ജോബ് റീട്ടെന്‍ഷന്‍ സ്‌കീം മെയ് മാസം വരെ നല്‍കാനായിരുന്നു സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് നീട്ടുകയായിരുന്നു
ജൂലൈ അവസാനം മുതല്‍ ജോബ് റീട്ടെന്‍ഷന്‍ പദ്ധതിയുടെ ചെലവ് തൊഴിലുടമകളുമായി കൂടുതല്‍ പങ്കിടുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ, യുകെയിലെ എല്ലാ മേഖലകള്‍ക്കും പ്രദേശങ്ങള്‍ക്കുമായി ഈ പദ്ധതി തുടരും. ചെലവ് പങ്കിടുമ്പോള്‍ തൊഴിലുടമകള്‍ക്ക് പാര്‍ട്ട് ടൈം ജീവനക്കാരെ തിരികെ കൊണ്ടുവരാന്‍ കഴിയും.