തൊഴില്‍ പദ്ധതികളിലൂടെയും വായ്പകളിലൂടെയും കൊറോണ വൈറസിനെ നേരിടാനുള്ള ചെലവിനായി ഏപ്രിലില്‍ ബോറിസ് സര്‍ക്കാര്‍ കടമെടുത്തത് 62 ബില്യണ്‍ പൗണ്ട്. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ കടമെടുക്കലാണ്. പകര്‍ച്ചവ്യാധി പ്രതിരോധം , തൊഴില്‍ നിലച്ചവര്‍ക്കുള്ള ധനസഹായം, വായ്പകള്‍ എന്നിവയ്ക്കായി വന്‍ തുകയാണ് വേണ്ടിവന്നത്. ഇത് പല സാമ്പത്തിക വിദഗ്ധരുടെയും പ്രവചനത്തിന്റെ ഇരട്ടിയാണ്. വിദഗ്ധര്‍ പ്രവചിച്ചത് മാസം 30.7 ബില്യണ്‍ പൗണ്ട് ആയിരുന്നു. ഇതോടെ മൊത്തം പൊതു കടം ഇതാദ്യമായി 2 ട്രില്യണ്‍ പൗണ്ടിലെത്തിയതായി കണക്കാക്കപ്പെടുന്നു. ഇത് മൊത്തം സമ്പദ്‌വ്യവസ്ഥയുടെ അതേ വലുപ്പമാണ്.
ഏപ്രിലിലെ വായ്പയെടുക്കല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 51.1 ബില്യണ്‍ പൗണ്ട് അധികമാണെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് (ഒഎന്‍എസ്) അറിയിച്ചു. അതായത് ഏപ്രില്‍ മാസത്തെ വായ്പാ തുകയായ 62 ബില്യണ്‍ പൗണ്ട് 2019 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള മുഴുവന്‍ സാമ്പത്തിക വര്‍ഷത്തിനും തുല്യമാണ്. മാര്‍ച്ചിലെ ബജറ്റില്‍ മുഴുവന്‍ സാമ്പത്തിക വര്‍ഷവും പ്രവചിച്ചതിലും അധികമായിരുന്നു ഇത്.
വായ്പയെടുക്കുന്നതില്‍ ഏകദേശം 14 ബില്യണ്‍ പൗണ്ട് വേണ്ടിവന്നത് ഫര്‍ലോഫ് പദ്ധതി പ്രകാരം 7.5 മില്യണ്‍ ജോലിക്കാര്‍ക്കു വരുമാനത്തിന്റെ 80 ശതമാനം (പ്രതിമാസം 2,500 ) പൗണ്ട് നല്‍കാനാണ് ചെലവുകള്‍ക്കൊപ്പം, സര്‍ക്കാരിന്റെ വരുമാനം കുത്തനെ കുറയുകയും ചെയ്തു. 2019 ഏപ്രിലിനേക്കാള്‍ 25 ബില്യണ്‍ പൗണ്ട് കുറവാണ്. വാറ്റ് വരുമാനം കുറഞ്ഞതിന്റെ ഫലമാണ് പകുതി ഇടിവും. ഈ രീതിയിലാണെങ്കില്‍ ഈ വര്‍ഷം സര്‍ക്കാരിന് 300 ബില്യണ്‍ പൗണ്ട് വായ്പയെടുക്കേണ്ടിവരുമെന്നു ഓഫീസ് ഓഫ് ബജറ്റ് റെസ്പോണ്‍സിബിലിറ്റി മുന്നറിയിപ്പ് നല്‍കി. ഫര്‍ലോഫ് പദ്ധതി ഏതാനും മാസങ്ങള്‍കൂടി നീട്ടിയതോടെ ബാധ്യത ഇനിയുമുയരും.
റെസല്യൂഷന്‍ ഫൗണ്ടേഷന്റെ ഗവേഷകനായ ചാര്‍ലി മക്കാര്‍ഡി പറയുന്നതു കൊറോണ വൈറസിന്റെ ധനച്ചെലവുകളും ലോക്ക്ഡൗണ്‍ നടപടികളും വ്യക്തമാക്കുന്ന കഴിഞ്ഞ മാസത്തെ വായ്പ കണക്കുകള്‍, കഴിഞ്ഞ വര്‍ഷത്തെ ആകെ വായ്പാ തുകയ്ക്ക് ഒപ്പമാണ് .
എങ്കിലും പണം കണ്ടെത്താന്‍ സര്‍ക്കാര്‍ പാടുപെടുന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ല. അതിനാല്‍ കൊറോണ വൈറസ് പിന്തുണാ നടപടികള്‍ തുടരണം. തൊഴിലാളികളെയും സ്ഥാപനങ്ങളെയും പിന്തുണയ്ക്കുകയും വേണം.