കൊച്ചി: കേരളത്തിലെ ബാങ്കുകളിലുള്ള പ്രവാസികളുടെ നിക്ഷേപം കുമിഞ്ഞുകൂടുന്നു പ്രവാസിനിക്ഷേപത്തില്‍ റെക്കോഡ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2019 ഡിസംബര്‍ 31-ലെ കണക്ക് അനുസരിച്ച് 1.99 ലക്ഷം കോടി രൂപയുടെ എന്‍.ആര്‍.ഐ. നിക്ഷേപമാണ് കേരളത്തിലെ ബാങ്കുകളിലേക്ക് എത്തിയിട്ടുള്ളത്. കൃത്യമായി പറഞ്ഞാല്‍ 1,99,711.27 കോടി രൂപ. ആദ്യമായാണ് സംസ്ഥാനത്തെ ബാങ്ക് ശാഖകളിലുള്ള പ്രവാസി നിക്ഷേപം രണ്ടുലക്ഷം കോടി രൂപയിലേക്ക് എത്തുന്നത്. സംസ്ഥാനത്തെ ബാങ്ക് ശാഖകളില്‍ പ്രവാസി മലയാളികള്‍ നടത്തിയിട്ടുള്ള വിദേശ കറന്‍സി നിക്ഷേപത്തിന്റെ കണക്കാണിത്.
സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം 7.19 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനയാണ് എന്‍.ആര്‍.ഐ. നിക്ഷേപത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കേരള ഗ്രാമീണ്‍ ബാങ്ക് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പൊതുമേഖലാ ബാങ്ക് ശാഖകളില്‍ മാത്രമായി 96,469.61 കോടി രൂപയുടെ നിക്ഷേപം എത്തിയിട്ടുണ്ട്.
സ്വകാര്യ ബാങ്കുകളിലെ എന്‍.ആര്‍.ഐ നിക്ഷേപം 1,02,095.08 കോടി രൂപയും സ്മോള്‍ ഫിനാന്‍സ് ബാങ്ക് ശാഖകളിലെ നിക്ഷേപം 1,216.55 കോടി രൂപയുമാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്കാണ് ഏറ്റവുമധികം നിക്ഷേപമെത്തിയത് -58,516.29 കോടി രൂപ. ഫെഡറല്‍ ബാങ്കില്‍ -51,709.44 കോടി രൂപയെത്തി.
ഇത് ഡിസംബറിലെ കണക്കാണ്. എന്നാല്‍ കൊറോണ സമയത്തും വന്‍തോതില്‍ പ്രവാസി നിക്ഷേപം എത്തിയിട്ടുണ്ട്. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങാന്‍ വളരെയധികം പേര്‍ തീരുമാനിച്ചതാണ് ഇതിനു കാരണമെന്ന് കരുതുന്നു. നിക്ഷേപത്തിനനുസരിച്ചു വായ്പ പോകാത്തത് ബാങ്കുകളെ വലയ്ക്കുന്ന സ്ഥിതിയാണ്.