ലണ്ടന്‍: രാജ്യത്തു 50 ബില്ല്യണ്‍ പൗണ്ടിന്റെ ബാങ്ക് നോട്ടുകള്‍ പ്രചാരത്തിലില്ല എന്ന് കണ്ടെത്തല്‍. ഇവ ഇടപാടുകളില്‍ ഉപയോഗിക്കുകയോ സമ്പാദ്യത്തില്‍ സൂക്ഷിക്കുകയോ ചെയ്യുന്നില്ല എന്ന് ദേശീയ ഓഡിറ്റ് ഓഫീസ് അറിയിച്ചു. നോട്ടുകളുടെയും നാണയങ്ങളുടെയും ഉപയോഗം കഴിഞ്ഞ ദശകത്തില്‍ കുത്തനെ ഇടിഞ്ഞതിനാലാണ് പണത്തെക്കുറിച്ചുള്ള വാച്ച്ഡോഗിന്റെ പുതിയ റിപ്പോര്‍ട്ട്.
പ്രതിസന്ധി ഒഴിവാക്കാന്‍ ആവശ്യമായ നാണയങ്ങളും നോട്ടുകളും നിര്‍മ്മിക്കുകയും കൂടുതല്‍ കാര്യക്ഷമമായി വിതരണം ചെയ്യുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ രാജ്യത്തിന്റെ പണ വ്യവസ്ഥയുടെ ഉത്തരവാദിത്തമുള്ള സ്ഥാപനങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഇത് മുന്നറിയിപ്പ് നല്‍കുന്നു. കാണാതായ 50 ബില്ല്യണ്‍ വിദേശത്ത് സൂക്ഷിക്കുകയോ 'ഷാഡോ എക്കണോമി'യില്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത കള്ളപ്പണ സമ്പാദ്യമായി സൂക്ഷിക്കുകയോ ചെയ്തിരിക്കാമെന്നു ദേശീയ ഓഡിറ്റ് ഓഫീസ് പറഞ്ഞു.
ഈ ജൂലൈയില്‍, പ്രചാരത്തിലുള്ള നോട്ടുകളുടെ എണ്ണം റെക്കോര്‍ഡ് ഉയര്‍ന്ന നിലയായ 4.4 ബില്യണ്‍ എത്തിയിരുന്നു . പണ മൂല്യം 76.5 ബില്യണും ആയിരുന്നു. പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യത്തിന്റെ 20 മുതല്‍ 24 ശതമാനം വരെ പണമിടപാടുകള്‍ക്കായി ഉപയോഗിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നുവെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണക്കാക്കിയിരുന്നു. യുകെയിലെ കുടുംബങ്ങള്‍ 5 ശതമാനം കൂടി സമ്പാദ്യമായി കൈവശം വച്ചിട്ടുണ്ട്. ബാക്കിയുള്ളവയെക്കുറിച്ച് വേണ്ടത്ര അറിവില്ല - ഇത് 50 ബില്യണ്‍ പൗണ്ട് ഉണ്ട്.
പത്ത് വര്‍ഷം മുമ്പ്, പത്ത് ഇടപാടുകളില്‍ ആറില്‍ പണം ഉപയോഗിച്ചുവെങ്കിലും കഴിഞ്ഞ വര്‍ഷം ഇത് പത്തില്‍ മൂന്നില്‍ താഴെ മാത്രമാണ് ഉപയോഗിച്ചിരുന്നത്. 2028 ഓടെ ഇത് പത്തില്‍ ഒന്നായിരിക്കുമെന്ന് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു.
കോവിഡ് മൂലം നോട്ടുകളുടെയും നാണയങ്ങളുടെയും വിപണി ആവശ്യം മാര്‍ച്ച് ആദ്യം മുതര്‍ ഏപ്രിര്‍ പകുതി വരെ 71 ശതമാനം ഇടിഞ്ഞു. എന്നിരുന്നാലും, ബിസിനസുകള്‍ വീണ്ടും തുറന്നതിനാല്‍ പണ ഉപയോഗം വീണ്ടെടുക്കാനാവുമെന്നാണ് പ്രതീക്ഷ. ട്രഷറി, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, റോയല്‍ മിന്റ്, ഫിനാന്‍ഷ്യല്‍ കണ്ടക്റ്റ് അതോറിറ്റി, പേയ്‌മെന്റ് സിസ്റ്റംസ് റെഗുലേറ്റര്‍ എന്നീ അഞ്ച് പൊതുസ്ഥാപനങ്ങള്‍ എല്ലാം പണ വ്യവസ്ഥയില്‍ ഒരു പങ്കു വഹിക്കുന്നു. എന്നാല്‍ ഉപഭോക്താവിന് ലഭിക്കുന്ന നല്ല ഫലം എന്താണെന്നതിനെക്കുറിച്ച് അവര്‍ക്ക് പങ്കുവെക്കാനാവില്ല, എന്‍എഒ പറഞ്ഞു.