യൂറോപ്യന്‍ യൂണിയനുമായുള്ള ഡീലും കോവിഡ് വാക്സിന്റെ വരവും മൂലം യുകെയുടെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ പ്രതിസന്ധിയില്‍ നിന്നും കരകയറുമെന്നു പ്രവചനം. ഇത് പ്രകാരം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഏറ്റവും വേഗതയാര്‍ന്ന നിരക്കിലായിരിക്കും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം പുനരുജ്ജീവനം നടത്താന്‍ പോകുന്നത്. 2021ല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയില്‍ എട്ട് ശതമാനം വളര്‍ച്ചയാണുണ്ടാകാന്‍ പോകുന്നത്. യുകെ യൂണിയനില്‍ നിന്നും പൂര്‍ണമായി വിട്ട് പോകുന്ന വേളയിലാണ് പ്രവചനം പുറത്ത് വന്നത്.
ലോക്ക്ഡൗണിനിടെ ബ്രിട്ടീഷുകാര്‍ സമ്പാദിച്ച ബില്യണ്‍ കണക്കിന് പൗണ്ടുകള്‍ ചെലവഴിക്കുന്നതിനെ തുടര്‍ന്നാണ് സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകരയറുകയെന്നും വിദഗ്ധര്‍ പറയുന്നു. പുതിയ പ്രവചനമനുസരിച്ച് ദേശീയ വരുമാനത്തില്‍ 2021ല്‍ എട്ട് ശതമാനം വളര്‍ച്ച രേഖപ്പെടുത്തും.
രാജ്യത്തു കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതും ബ്രക്‌സിറ്റ് ഡീലോടു കൂടി നടപ്പിലാക്കിയതും യുഎസില്‍ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ ചാര്‍ജെടുക്കുന്നതും യുകെയുടെ സമ്പദ് വ്യവസ്ഥയുടെ ശക്തമായ തിരിച്ച് വരവിന് കാരണമാകുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.
ദി സെന്റര്‍ ഫോര്‍ എക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ചിലെ വിദഗ്ധരാണ് പുതിയ പ്രവചനം പുറത്ത് വിട്ടിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്ക് ചെലവിടുന്നതിനുള്ള അതിയായ താല്‍പര്യമാണ് സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ തിരിച്ച് വരുന്നതിന് പ്രധാന കാരണമാവുകയെന്നാണ് ദി സെന്റര്‍ ഫോര്‍ എക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ചിന്റെ ഡെപ്യൂട്ടി ചെയര്‍മാനായ ഡൗഗ് വില്യംസ് പറയുന്നത്. ചെലവിടലില്‍ മറ്റ് രാജ്യക്കാരേക്കാള്‍ ഏറെ മുന്നിലാണ് ബ്രിട്ടീഷുകാരെന്നും അതിനാല്‍ ലോക്ക്ഡൗണില്‍ സമ്പാദിച്ച പണം ബ്രിട്ടീഷുകാര്‍ ഇപ്പോള്‍ വന്‍ തോതില്‍ ചെലവിടാന്‍ തുടങ്ങിയതിനാല്‍ അതിന്റെ അഭിവൃദ്ധിയില്‍ സമ്പദ് വ്യവസ്ഥ മാന്ദ്യത്തില്‍ നിന്നും തിരിച്ച് വരാന്‍ തുടങ്ങുമെന്നും അദ്ദേഹം പറയുന്നു.