യുകെയിലെ വീട് വിപണി വലിയ സെല്ലിങ് മാര്‍ക്കറ്റായി മാറുകയാണോ. രാജ്യത്തു ശരാശരി വീട് വില 5വര്‍ഷത്തിനകം 40,000 പൗണ്ട് വര്‍ദ്ധിക്കും എന്നാണു സാവില്‍സ് പ്രവചിക്കുന്നത്. നിലവിലെ 327,838 പൗണ്ടില്‍ നിന്നും 2026 എത്തുമ്പോള്‍ 370,785 പൗണ്ടിലേക്ക് വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
നോര്‍ത്ത്-സൗത്ത് മേഖലകള്‍ തമ്മിലുള്ള വില വ്യത്യാസം കുറയുന്നത് തുടരുമെന്നും സാവില്‍സ് വ്യക്തമാക്കി. മധ്യ ലണ്ടന്‍ തന്നെയാകും മറ്റ് പ്രധാന വിപണികളെ മറികടന്ന് പ്രകടനം കാഴ്ചവെയ്ക്കുക. 'അടുത്ത വര്‍ഷവും പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുമെന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ആദ്യമായി പലിശ നിരക്കും ഉയരും, ഇതോടെ വിപണി വളര്‍ച്ച തടസ്സപ്പെടും', സാവില്‍സ് റസിഡന്‍ഷ്യല്‍ റിസേര്‍ച്ച് ഹെഡ് ലൂസിയാന്‍ കുക്ക് പറഞ്ഞു.
ഈ ഘട്ടത്തിലും ശരാശരി വീട് വില വര്‍ദ്ധിക്കുന്നത് തുടരുമെന്നാണ് പ്രവചനങ്ങള്‍. മഹാമാരി ആരംഭിച്ച ശേഷം മേഴ്‌സിസൈഡും, ലങ്കാഷയര്‍ പട്ടണങ്ങളുമാണ് വിലയില്‍ വലിയ വളര്‍ച്ച കൈവരിച്ചത്. ആളുകള്‍ കൂടുതല്‍ ഇടങ്ങള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതും, സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേയുടെ ആനുകൂല്യവും ചേര്‍ന്നാണ് മഹാമാരി കാലത്ത് വീട് വില റെക്കോര്‍ഡ് ഉയരങ്ങളില്‍ എത്തിച്ചത്.
സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ വഴി 2020 ജൂലൈ മുതല്‍ 2021 ജൂണ്‍ വരെ നികുതി ഇനത്തില്‍ 15,000 പൗണ്ട് വരെ ലാഭിക്കാനും സാധിച്ചിരുന്നു. 2021 സെപ്റ്റംബറില്‍ യുകെയിലെ വീട് വില വളര്‍ച്ച 10.3 ശതമാനം ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ അവസാനിച്ചതും, മോര്‍ട്ട്‌ഗേജ് നിരക്ക് ഉയരാനുള്ള സാധ്യതയും ചേര്‍ന്ന് വീട് വിലയിലെ വളര്‍ച്ച ചുരുങ്ങുമെന്നാണ് പ്രവചനങ്ങളെങ്കിലും ഇത് ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല.