ബിസിനസ്‌

ഇന്ത്യ ഈ വര്‍ഷം സ്വന്തമായി ഡിജിറ്റല്‍ കറന്‍സി കൊണ്ടു വരും

ന്യൂഡല്‍ഹി:രാജ്യത്തിന് സ്വന്തമായി ഡിജിറ്റല്‍ കറന്‍സി കൊണ്ടു വരും. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ കറന്‍സിയുടെ വിതരണം തുടങ്ങും. ബ്ലോക്ക് ചെയിന്‍ അടക്കമുള്ള സാങ്കേതിക വിദ്യങ്ങള്‍ ഉപയോഗിച്ചാവും ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുകയെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.

ആദായനികുതി റിട്ടേണിന് പുതിയ സംവിധാനം പ്രഖ്യാപിച്ചു. ഐടി റിട്ടേണ് രണ്ട് വര്‍ഷത്തിനകം പുതുക്കി സമര്‍പ്പിക്കാം എന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. അധിക നികുതി മാറ്റങ്ങളോടെ ഇനി റിട്ടേണ് സമര്‍പ്പിക്കാനാവും. തെറ്റുകള്‍ തിരുത്തി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ രണ്ടുവര്‍ഷം സാവകാശം നല്‍കും. റിട്ടേണ്‍ അധികനികുതി നല്‍കി മാറ്റങ്ങളോടെ ഫയല്‍ ചെയ്യാം. മറച്ചുവച്ച വരുമാനം പിന്നീടു വെളിപ്പെടുത്താനും അവസരമുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. ആദായ നികുതിയില്‍ പുതിയ ഇളവുകളില്ല. ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല. ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ചുമത്തി. കേന്ദ്രബജറ്റ് വിര്‍ച്വല്‍ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ചുമത്തി. ബജറ്റിന്റെ ലക്ഷ്യം അടുത്ത 25 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് അടിത്തറ പാകലാണെന്നും ധനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടു വരുകയാണ്. കൊവിഡ് സമ്പദ് വ്യവസ്ഥയില്‍ പ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും വിപുലമായ നിലയില്‍ നടത്തിയ വാക്സിനേഷന്‍ ഗുണം ചെയ്‌തെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധി പരാമര്‍ശിച്ചായിരുന്നു ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യം ഏറെ വളര്‍ച്ച നേടി. അടുത്ത 25 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള വികസന പദ്ധതികളുടെ ബ്ലൂ പ്രിന്റാണ് ഇപ്പോള്‍ തയ്യാറായിരിക്കുന്ന ബജറ്റ്. ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യവികസനത്തിനായി പി.എം ഗതി ശക്തി മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.

പി.എം ഗതിശക്തി, ഉല്‍പ്പാദനം വര്‍ധിപ്പിക്കല്‍, നിക്ഷേപം, എല്ലാവര്‍ക്കും വികസനം എന്നി മേഖലകള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതാണ് ബജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. ഗതിശക്തി പദ്ധതിക്ക് സമഗ്രപ്ലാന്‍ രൂപീകരിക്കും. റോഡ്, റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍, തുടങ്ങിയ ഏഴു മേഖലകളില്‍ ദ്രുതവികസനം സാധ്യമാക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. 14 മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇത് 30 ലക്ഷം കോടിയുടെ അധിക ഉത്പാദനത്തിന് വഴിയൊരുക്കും. നാല് സ്ഥലങ്ങളില്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ നിര്‍മിക്കും.

2022-23ല്‍ 25000 കിലോമീറ്റര്‍ എക്സ്പ്രസ് വേ നിര്‍മിക്കും. 100 മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലുകള്‍ സ്ഥാപിക്കും. മലയോര റോഡ് വികസനം വേഗത്തിലാക്കാന്‍ പര്‍വത് മാല പദ്ധതിക്ക് തുടങ്ങമിടുമെന്നും ധനമന്ത്രി അറിയിച്ചു. മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ഓടി തുടങ്ങുമെന്നും ധനമന്ത്രി അറിയിച്ചു.

എല്‍.ഐ.സി ഐ.പി.ഒ ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. ദേശീയ പാതകള്‍ 25000 കി.മീ ആക്കി ഉയര്‍ത്തും. നദീസംയോജനത്തിന് പദ്ധതി രേഖ തയ്യാറാക്കും.

ചെറുകിട മേഖലയ്ക്ക് രണ്ട് ലക്ഷം കോടിയുടെ സഹായം നല്‍കും. കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കാന്‍ 1.37 ലക്ഷം കോടി മാറ്റിവെയ്ക്കും. ഡിജിറ്റല്‍ അധ്യയനത്തിന് പി.എം ഇ-വിദ്യ പദ്ധതി നടപ്പാക്കും. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഉടന്‍ രൂപീകരിക്കും. പ്രാദേശിക ഭാഷകളില്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി ചാനല്‍ തുടങ്ങും.
ബജറ്റും അനുബന്ധരേഖകളും പാര്‍ലമെന്റംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പിന് രൂപം നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉള്‍പ്പെടെ 14 രേഖകള്‍ ഇതിലൂടെ ലഭ്യമാകും.


പ്രതിരോധ മേഖലയിലും ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി നടപ്പാക്കും.പ്രത്യേക സാമ്പത്തിക മേഖല നിയമത്തില്‍ ഭേദഗതി കൊണ്ടുവരും. 68% പ്രതിരോധ വ്യാപാരവും ഇന്ത്യയില്‍ തന്നെയാക്കും.പ്രതിരോധ മേഖലയിലെ ഗവേഷണത്തില്‍ സ്വകാര്യ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തും. ആയുധ ഇറക്കുമതി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കും

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions