ന്യൂഡല്‍ഹി: കടക്കെണിയില്‍ വീണ കേരളത്തെ താങ്ങിനിര്‍ത്തുന്നത് പ്രവാസികളുടെ പണമാണ്. എന്നാല്‍, പ്രവാസികളും ഇപ്പോള്‍ നിസ്സഹായരാണ്. അതുകൊണ്ടുതന്നെ കേരളത്തിലേക്ക് വരുന്ന പ്രവാസി പണത്തില്‍ പകുതിയിലധികം കുറവുണ്ടായി. റിസര്‍വ്വ് ബാങ്കിന്റെ ഗവേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
വിദേശ മലയാളികള്‍ കേരളത്തിലേക്ക് അയയ്ക്കുന്ന പണത്തിന്റെ വിഹിതം 5 വര്‍ഷത്തിനിടെ പകുതിയായി കുറഞ്ഞുവെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍. യുഎസ്, യുകെ, സിംഗപ്പൂര്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും അയക്കുന്ന പണത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തു വിട്ടിരിക്കുന്നത്. ഇതില്‍ യുകെയില്‍ നിന്ന് അയച്ച പണത്തില്‍ മാത്രമാണ് മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടി വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016-17ല്‍ മൂന്നു ശതമാനം പ്രവാസി പണമാണ് കേരളത്തിലേക്ക് എത്തിയതെങ്കില്‍ 2020-21 വര്‍ഷത്തില്‍ ഇത് 6.8 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്നെല്ലാം മുന്‍വര്‍ഷത്തേക്കാള്‍ കുറവോ നേരിയ വ്യത്യാസമോ മാത്രം കാണിക്കുമ്പോഴാണ് ബ്രിട്ടനില്‍ നിന്നും ഇരട്ടിയിലധികം പണം കേരളത്തിലേക്ക് എത്തിയത്.
മഹാരാഷ്ട്രയിലേക്കാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിദേശപണം എത്തുന്നതെന്നാമാണ് റിപ്പോര്‍ട്ടുകള്‍. 2016-17ല്‍ ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം ലഭിച്ചിരുന്ന കേരളത്തെ 2020-21 കണക്കുപ്രകാരം മഹാരാഷ്ട്ര മറികടന്നു. 5 വര്‍ഷം മുന്‍പ് രാജ്യത്തെത്തിയിരുന്ന പ്രവാസി പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കായിരുന്നു. ഇതാണ് ഇപ്പോള്‍ 10.2%ത്തിലേക്കായി ചുരുങ്ങിയത്.
അതേസമയം 5 വര്‍ഷം മുന്‍പ് രണ്ടാമതായിരുന്ന മഹാരാഷ്ട്ര 16.7 ശതമാനത്തില്‍ നിന്ന് 35.2% ആയി വളര്‍ന്നു. കേരളത്തിലെ സമരങ്ങളും നൂലാമാലകളും കാരണം പ്രവാസികള്‍ സംസ്ഥാനത്തു നിക്ഷേപത്തിന് മടിക്കുകയാണ്.
നോര്‍ക്കയുടെ കണക്കനുസരിച്ച് 14.7 ലക്ഷം പേരാണ് കോവിഡ് മൂലം വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയത്. ഇതില്‍ 59 ശതമാനവും യുഎഇയില്‍ നിന്നായിരുന്നു.