പലിശ നിരക്കുകള്‍ കൂട്ടിയുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഹരം തുടരും. അടുത്ത മാസം 0.5% നിരക്ക് വര്‍ദ്ധനയാണ് വരുക. ഇതോടെ സെപ്റ്റംബറില്‍ പലിശ നിരക്കുകള്‍ 2.25 ശതമാനത്തിലെത്തുമെന്ന് വിദഗ്ധര്‍ പറയുന്നു. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്താനുള്ള പരിശ്രമത്തിലാണ് പലിശ നിരക്കുകള്‍ കൂട്ടേണ്ടി വരുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്നു. തുടര്‍ച്ചയായി ആറ് തവണ വര്‍ദ്ധിപ്പിച്ച പലിശ നിരക്ക് അടുത്ത മാസം വീണ്ടും ഉയരുമെന്നത് മോര്‍ട്ഗേജുകാരെയും ബാധിക്കും.
പണപ്പെരുപ്പത്തിന് എതിരായ പോരാട്ടം ശക്തിപ്പെടുത്തുമ്പോള്‍ അടുത്ത മാസം പലിശ നിരക്കുകളില്‍ 0.5 ശതമാനം പോയിന്റ് വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. റോയിറ്റേഴ്‌സ് നടത്തിയ സര്‍വയില്‍ സെപ്റ്റംബറില്‍ നിരക്കുകള്‍ നിലവിലെ 1.75 ശതമാനത്തില്‍ നിന്നും 2.25 ശതമാനത്തിലേക്ക് കുതിച്ചുചാടുമെന്നാണ് 51 ഇക്കണോമിസ്റ്റുകളില്‍ 30 പേരും അഭിപ്രായപ്പെട്ടത്. ബാക്കിയുള്ള 21 പേരാകട്ടെ 0.25 ശതമാനം പോയിന്റ് ഉയര്‍ന്ന് 2 ശതമാനത്തില്‍ എത്തുമെന്നും പ്രവചിക്കുന്നു.
കഴിഞ്ഞ ആഴ്ചയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 1.75 ശതമാനത്തിലേക്ക് ഉയര്‍ത്തിയത്. 27 വര്‍ഷത്തിനിടെ ഏറ്റവും വലിയ വര്‍ദ്ധനവാണ് നടപ്പാക്കിയത്. പണപ്പെരുപ്പം പിടിവിട്ട് ഉയര്‍ന്നതോടെയാണ് ഡിസംബറില്‍ 0.1 ശതമാനത്തില്‍ നിന്നും നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് തുടങ്ങിയത്.
പണപ്പെരുപ്പം ജൂണില്‍ 40 വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കായ 9.4 ശതമാനത്തില്‍ എത്തിയിരുന്നു. എനര്‍ജി ബില്ലുകള്‍ കുതിച്ചുയരുന്നതിനാല്‍ ഓട്ടം സീസണില്‍ പണപ്പെരുപ്പം 13 ശതമാനത്തില്‍ തൊടുമെന്നാണ് ബാങ്ക് കരുതുന്നത്.