ന്യൂഡല്‍ഹി: യു.കെയെ പിന്തള്ളി ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായെന്നു മാധ്യമങ്ങള്‍. എന്നാല്‍ ജനം പട്ടിണിയും പരിവട്ടവുമായി ജീവിക്കാന്‍ പാടുപെടുമ്പോഴാണ് കടലാസിലെ ഈ കരുത്ത്. ഒരു വര്‍ഷം ഒന്നരലക്ഷം രൂപ പ്രതിശീര്‍ഷ വരുമാനം ഉള്ള ഇന്ത്യ 33 ലക്ഷം രൂപ പ്രതിശീര്‍ഷ വരുമാനം ഉള്ള യുകെയെ പിന്തള്ളുന്നതിന്റെ പൊള്ളത്തരമാണ് ഇവിടെ വെളിപ്പെടുന്നത് . മാത്രമല്ല വര്‍ഷം തോറും ഇന്ത്യയില്‍ നിന്ന് പതിനായിരങ്ങളാണ് മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി യുകെയിലേയ്ക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും ചേക്കേറുന്നത്.
റിപ്പോര്‍ട്ടില്‍ പറയുന്നത് അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു മുന്നിലുള്ളത് എന്നാണ്. യു.കെ ഇന്ത്യയ്ക്കു പിന്നില്‍ ആറാം സ്ഥാനത്തും. പത്തുകൊല്ലം മുന്‍പ് ഇന്ത്യ ലോക സാമ്പത്തികശക്തികളുടെ പട്ടികയില്‍ 11-ാമതായിരുന്നത്രെ . അന്നും ബ്രിട്ടന്‍ അഞ്ചാംസ്ഥാനത്തായിരുന്നു. 2021-ലെ അവസാന മൂന്നുമാസങ്ങളിലെ പ്രകടനമാണ് യു.കെ. മറികടക്കാന്‍ ഇന്ത്യയ്ക്കു തുണയായത് എന്നും ജീവിതച്ചെലവ് ക്രമാതീതമായി ഉയര്‍ന്നതാണ് ബ്രിട്ടനെ ആറാംസ്ഥാനത്തേക്ക് തള്ളിയത് എന്നും പറയുന്നു.
അടിമുടി അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന ഇന്ത്യയില്‍ രാഷ്ട്രീയ നേതാക്കളും മറ്റും നല്ല സാമ്പത്തിക വളര്‍ച്ചയിലാണ്. എന്നാല്‍ സാധാരണക്കാര്‍ ജീവിക്കാന്‍ പെടാപ്പാട് പെടുകയാണ്. സകല മേഖലകളിലും പ്രതിസന്ധിയാണ്. ശമ്പളം വെട്ടിക്കുറക്കലും വിലക്കയറ്റവും ആണ്. നേതാക്കളുടെ വീടുകളില്‍ ചാക്ക് കണക്കിന് പണം കൂട്ടിവയ്ക്കുമ്പോള്‍ ജനം ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ ബുദ്ധിമുട്ടുന്നു. എംഎല്‍എ മാരെ പിടിക്കാന്‍ ആളൊന്നിന് 50 കോടി വരെയാണ് വില. ഈ പണമൊക്കെ എത്തുന്നത് അഴിമതിയിലൂടെയാണ്. കള്ളക്കടത്തുമായി സമാന്തര സമ്പദ്‌വ്യവസ്ഥയും ശക്തമാണ് . വസ്തുത ഇതെല്ലാമായിരിക്കെയാണ് രാജ്യം ലോക സാമ്പത്തിക ശക്തി എന്ന് മേനി നടിക്കുന്നത്.