ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രി പദവിയില്‍ ഇരുന്നയാളെന്ന 'റെക്കോര്‍ഡോടെ' രാജി വച്ച ലിസ് ട്രസിന്റെ നടപടി വിപണിയ്ക്ക് ഉണര്‍വ് നല്‍കി. തകര്‍ന്നടിഞ്ഞ പൗണ്ടിന്റെ മൂല്യത്തില്‍ നേരിയ വര്‍ദ്ധനവും ഉണ്ടായി. ലിസ് ട്രസിന്റെ രാജി പ്രഖ്യാപനം വരുന്നതിനു മുന്‍പ് തന്നെ പൗണ്ടിന്റെ മൂല്യം 1.13 ഡോളര്‍ ആയി ഉയര്‍ന്നിരുന്നു. രാജി പ്രഖ്യാപനം വന്നതോടെ അത് 1.127 ഡോളര്‍ ആയി. യു കെ ഗവണ്മെന്റ് ബോണ്ടുകള്‍ക്കും ഉണര്‍വ്വ് ഉണ്ടായി.
നേരത്തെ ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി ബജറ്റാണ് നിക്ഷേപകരെ ഭയപ്പെടുത്തിയത്. രാജ്യത്തിന്റെ ബോണ്ട് വിപണി തകരുമെന്നായതോടെ ബാങ്ക് 65 ബില്ല്യണ്‍ പൗണ്ട് വിപണിയിലിറക്കിയാണ് പിടിച്ചുനിര്‍ത്തിയത്.
ബ്രിട്ടന്‍ എത്രയും പെട്ടെന്ന് സ്ഥിരത കൈവരിക്കട്ടെ എന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ ആശംസിച്ചു. ബ്രിട്ടനുമായുള്ള ശക്തമായ ബന്ധം ഇനിയും തുടരും എന്നായിരുന്നു വൈറ്റ്ഹൗസില്‍ നിന്നുള്ള സന്ദേശം. രാജ്യത്ത് സ്ഥിരത ഉറപ്പാക്കാനായി എത്രയും പെട്ടെന്ന് ട്രസിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ ആകട്ടെ എന്നായിരുന്നു അയര്‍ലന്‍ഡ് പ്രധാനമന്തി പ്രതികരിച്ചത്.