നീണ്ട ഇടവേളയ്ക്കു ശേഷം രൂപയ്ക്കെതിരെ പൗണ്ടിന്റെ മുന്നേറ്റം. രൂപയ്ക്കെതിരെ പൗണ്ട് നൂറ് കടന്നു. അടുത്തിടെ 86ലേക്ക് വീണ വിലയാണ് ഇപ്പോള്‍ കുതിച്ചു കയറിയത്. ക്വസി ക്വാര്‍ട്ടങ്ങിന്റെ മിനി ബജറ്റിനെ തുടര്‍ന്ന് വലിയ ഇടിവ് നേരിട്ട ശേഷമാണു സുനാക് പ്രധാനമന്ത്രി ആയി എത്തിയ ശേഷം ഓഹരി വിപണിയുടെ പിന്തുണയില്‍ പൗണ്ട് കുതിച്ചു തുടങ്ങിയത്. 100.12 എന്നതാണ് പുതിയ നില.
പലിശ നിരക്ക് വര്‍ധനയും പൗണ്ടിന് കരുത്തേകി. കൂടാതെ ആഗോള വിപണിയില്‍ ഡോളര്‍ അല്‍പം തളര്‍ച്ച നേരിട്ടത് പൗണ്ടിന് നേട്ടമായി.
റിഷി സുനക്കിനെ പ്രധാനമന്ത്രിയായി നിയമിച്ചതിനെ നിക്ഷേപകര്‍ സ്വാഗതം ചെയ്തതോടെ പൗണ്ടിന്റെ മൂല്യം ഉയര്‍ന്നതായിരുന്നു . ഡോളറിനെതിരെ മിനി ബജറ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേയ്ക്ക് എത്തുകയും ചെയ്തു. സെപ്റ്റംബര്‍ പകുതി മുതല്‍ പൗണ്ട് അതിന്റെ ഏറ്റവും മോശം സമയത്തിലൂടെയായിരുന്നു കടന്നു പോയത്. ലിസ് ട്രസിന്റെ മിനി-ബജറ്റിന് ശേഷം സര്‍ക്കാര്‍ വായ്പാ ചെലവ് കുത്തനെ ഉയര്‍ന്നു.
അന്നത്തെ ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെങ് വലിയ നികുതിയിളവ് വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്ന് നിക്ഷേപകര്‍ പരിഭ്രാന്തരായി, അവര്‍ക്ക് എങ്ങനെ പണം നല്‍കുമെന്ന് പറയാതെയായിരുന്നു പ്രഖ്യാപനം.
പുതിയ ചാന്‍സലര്‍ ജെറമി ഹണ്ട് - മിസ് ട്രസിന്റെ മിക്കവാറും എല്ലാ നികുതിയിളവുകളും മാറ്റി. 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നികുതി വെട്ടിക്കുറവ് നീക്കങ്ങളോട് സാമ്പത്തിക വിപണികള്‍ ശക്തമായി പ്രതികരിച്ചതിനാല്‍ പൗണ്ട് ഡോളറിനെതിരെ 37 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണിരുന്നു. ഓഹരികളും ഇടിഞ്ഞു.
പൗണ്ടിന്റെ വീഴ്ച യുകെയിലെ പ്രവാസി സമൂഹത്തിനു വലിയ തിരിച്ചടിയായിരുന്നു. ഇത് നാട്ടിലേയ്ക്ക് പണമയക്കലിനെ ബാധിച്ചിരുന്നു.