തുടര്‍ച്ചയായ ഒന്‍പതാം വട്ടവും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കൂട്ടി. 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 3 ശതമാനത്തില്‍ നിന്നും 3.5 ശതമാനത്തിലേക്കാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. നവംബറില്‍ 2.25 ശതമാനത്തില്‍ നിന്നും 3 ശതമാനമായി ഒറ്റയടിക്ക് ഉയര്‍ത്തിയ ശേഷമുള്ള ഏറ്റവും വലിയ ഒറ്റത്തവണ വര്‍ദ്ധനവാണ് ഡിസംബറിലേത്. ഇതോടെ ലോണുകള്‍, ക്രെഡിറ്റ് കാര്‍ഡ്, മോര്‍ട്ട്‌ഗേജ് തിരിച്ചടവ് എന്നിവ ചെലവേറിയതായി മാറും. നിരക്ക് വര്‍ദ്ധനയുടെ സന്തോഷം സേവിംഗ്‌സുകാര്‍ക്ക് ലഭിക്കുമെന്നതാണ് ആകെയുള്ള സന്തോഷവാര്‍ത്ത. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ബേസ് റേറ്റ് അടിസ്ഥാനമാക്കിയാണ് ഹൈസ്ട്രീറ്റ് ബാങ്കുകള്‍ കസ്റ്റമേഴ്‌സിന് ഓഫര്‍ ചെയ്യുന്ന പലിശ നിരക്കുകള്‍ നിശ്ചയിക്കുന്നത്.
ലക്ഷക്കണക്കിന് കുടുംബങ്ങളുടെ മോര്‍ട്ട്‌ഗേജ് ബില്ലുകള്‍ വീണ്ടും ഉയരും. എന്നാല്‍ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെട്ടതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് കൂട്ടിച്ചേര്‍ത്തു. 2023-ലെ ആദ്യ മാസങ്ങളില്‍ തന്നെ പണപ്പെരുപ്പം താഴേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി ബാങ്ക് വ്യക്തമാക്കി. ഗവണ്‍മെന്റിന്റെ എനര്‍ജി സപ്പോര്‍ട്ടിന്റെ ബലത്തില്‍ പണപ്പെരുപ്പ പ്രവചനങ്ങള്‍ 0.75 ശതമാനം പോയിന്റ് കുറയ്ക്കാന്‍ ഇവര്‍ തയ്യാറായിട്ടുണ്ട്.
ഹെഡ്‌ലൈന്‍ സിപിഐ പരമോന്നതിയില്‍ എത്തിയെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി ചൂണ്ടിക്കാണിച്ചു. ഈയാഴ്ച ഇത് 10.7 ശതമാനത്തിലാണ്, മുന്‍പ് പ്രവചിച്ചതിലും താഴെയാണിതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. സ്പ്രിംഗ് സീസണ്‍ അവസാന ഭാഗത്തിലെത്തുമ്പോഴേക്കും പണപ്പെരുപ്പം കൂടുതല്‍ വേഗത്തില്‍ താഴുമെന്നാണ് കരുതുന്നത്. ജിഡിപി നിലവിലെ പാദത്തില്‍ കേവലം 0.1 ശതമാനം മാത്രമാണ് താഴുകയെന്നാണ് ഇപ്പോള്‍ ബാങ്കിന്റെ പ്രതീക്ഷ.
വരുമാനത്തില്‍ കനത്ത സമ്മര്‍ദം നേരിടുന്നതിനാലാണ് മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്ക് 3 ശതമാനത്തില്‍ നിന്നും 3.5 ശതമാനത്തിലേക്ക് ഉയര്‍ത്തിയതെന്ന് ബെയ്‌ലി വ്യക്തമാക്കി.