പണപ്പെരുപ്പം പിടിച്ചു നിര്‍ത്താനായി പലിശ നിരക്ക് അടിക്കടി കൂട്ടിയിട്ടും ഫലമില്ല. പിടിച്ചു നിര്‍ത്താനാവാതെ പണപ്പെരുപ്പം കുതിയ്ക്കുകയാണ്. അതോടെ പലിശ നിരക്കുകള്‍ വീണ്ടും ഉയരുമെന്ന കാര്യം ഏതാണ്ടുറപ്പായി. ഇതു മോര്‍ഗേജ് വിപണിയെ തകര്‍ക്കും, കടമെടുത്തവര്‍ കുത്തുപാളയെടുക്കും.
പണപ്പെരുപ്പത്തിന് എതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചീഫ് ഇക്കണോമിസ്റ്റ് ഹൗ പില്‍ തന്നെ വ്യക്തമാക്കി. ജോലിക്കാരുടെ ക്ഷാമവും, സപ്ലൈ ചെയിന്‍ പ്രതിസന്ധിയും പണപ്പെരുപ്പം ഉയര്‍ത്തി നിര്‍ത്തും. അതുകൊണ്ട് തന്നെ പണപ്പെരുപ്പത്തിന് എതിരായ പോരാട്ടത്തിന്റെ ഭാഗമായി കൂടുതല്‍ പലിശ നിരക്ക് വര്‍ദ്ധനവുകള്‍ ഉണ്ടാകുന്നതിനെ താന്‍ അനുകൂലിക്കുന്നതായി ഹൗ പില്‍ വ്യക്തമാക്കി.
എനര്‍ജി വിലകള്‍ സ്ഥിരത കൈവരിച്ചാലും, ജോലിക്കാരുടെ ക്ഷാമവും, സപ്ലൈ ചെയിന്‍ പ്രതിസന്ധിയും ഉള്‍പ്പെടെയുള്ളവ പണപ്പെരുപ്പത്തെ കൂടുതല്‍ കാലം ഉയര്‍ത്തി നിര്‍ത്തുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
അടുത്ത മാസം ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടുമൊരു അര ശതമാനം പോയിന്റ് പലിശ നിരക്ക് വര്‍ദ്ധന പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് കേവലം 0.1 ശതമാനത്തില്‍ നിന്നിരുന്ന പലിശ നിരക്കുകള്‍ ഇപ്പോള്‍ 3.5 ശതമാനത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞു. അത് വൈകാതെ നാലില്‍ എത്തും.
എന്നാല്‍ പണപ്പെരുപ്പത്തെ തോല്‍പ്പിക്കാനുള്ള പോരാട്ടത്തില്‍ ചില ജോലിക്കാരും, സ്ഥാപനങ്ങളും കുറഞ്ഞ വരുമാനവും, ലാഭവും സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് ഫില്‍ വാദിക്കുന്നു. ഫെബ്രുവരിയില്‍ ബാങ്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധര്‍ കരുതുന്നുണ്ടെങ്കിലും എത്രത്തോളം ഇതുമായി മുന്നോട്ട് പോകുമെന്ന സംശയം ബാക്കിയാണ്. പല എംപിസി അംഗങ്ങളും അടുത്തിടെ നടത്തിയ വര്‍ദ്ധനവുകളില്‍ വോട്ട് ചെയ്യേണ്ടെന്ന് തീരുമാനിച്ചിരുന്നു.
വരുംമാസങ്ങളില്‍ വര്‍ദ്ധനവുകള്‍ തുടരുമെന്ന മുന്നറിയിപ്പ് മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്ക് കൂടുതല്‍ വേദന സമ്മാനിക്കും. ജീവിതച്ചെലവുകള്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന ഘട്ടത്തില്‍ വലിയ വര്‍ദ്ധനവുകള്‍ ആവശ്യപ്പെട്ട് പല മേഖലയിലെയും ജീവനക്കാര്‍ സമരങ്ങള്‍ നടത്തുകയാണ്. ഏതായാലും ഉടനെന്നും ജനത്തിന് ആശ്വസിക്കാന്‍ വകയുണ്ടാവില്ല.
ബ്രിട്ടനില്‍ ജീവിതച്ചെലവ് പ്രതിസന്ധിയുടെ പാതി മാത്രമാണ് പിന്നിട്ടതെന്നും ചുരുങ്ങിയത് ഇനിയും 12 മാസം കൂടിയെങ്കിലും ജനങ്ങള്‍ കടുത്ത പരീക്ഷണം അനുഭവിക്കേണ്ടിവരുമെന്നും ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് വന്നിരുന്നു. ഇതുമൂലം അടുത്ത ഏതാനും വര്‍ഷങ്ങള്‍ കൂടി കൈയില്‍ കിട്ടുന്ന വരുമാനത്തില്‍ 7 ശതമാനത്തിന്റെ കുറവ് നേരിടുമെന്നാണ് മുന്നറിയിപ്പ്.