പലിശ നിരക്കും മോര്‍ട്ട്‌ഗേജ് നിരക്കും ഇനിയും കുതിയ്ക്കുമെന്ന സൂചന നല്‍കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ പലിശ നിരക്കുകള്‍ 4 ശതമാനത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്വീകരിക്കുമെന്ന് ആണ് റിപ്പോര്‍ട്ട്. പണപ്പെരുപ്പത്തിന് എതിരായുള്ള പോരാട്ടം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇതെന്നാണ് വിശദീകരണം.
നിലവിലെ 3.5 ശതമാനം പലിശ നിരക്കില്‍ നിന്നുമാണ് 15 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് പലിശകള്‍ ഉയരാനുള്ള സാധ്യത പ്രവചിക്കപ്പെടുന്നത്. 2021 ഡിസംബറില്‍ 0.1 ശതമാനത്തില്‍ ഇരുന്ന പലിശ നിരക്കാണ് പണപ്പെരുപ്പം കൈവിട്ടതോടെ ഉയര്‍ത്താന്‍ ബാങ്ക് നിര്‍ബന്ധിതമായത്.
മോര്‍ട്ട്‌ഗേജുകളുടെയും, മറ്റ് ലോണുകളുടെയും ചെലവ് ഉയര്‍ത്താന്‍ ഇത് കാരണമായി. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മെല്ലെപ്പോക്കിലേക്ക് നീക്കാനും പലിശ നിരക്ക് മാറ്റങ്ങള്‍ വഴിയൊരുക്കി. പലിശ നിരക്കുകള്‍ തുടര്‍ച്ചയായി വര്‍ദ്ധിക്കുന്നത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന ആശങ്കകളുണ്ടായിരുന്നു.
ബേസ് റേറ്റ് വീണ്ടും ഉയര്‍ത്തുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ചേര്‍ന്ന ശേഷം ഫെബ്രുവരി 2ന് തീരുമാനം പ്രഖ്യാപിക്കും. പണപ്പെരുപ്പം ഡിസംബറില്‍ 10.5 ശതമാനത്തില്‍ നിന്നതായി ഇന്നലെ ഡാറ്റ പുറത്തുവന്നിരുന്നു. മുന്‍ മാസത്തെ 10.7 ശതമാനത്തില്‍ നിന്നുമാണ് ഈ കുറവ്. ഒക്ടോബറില്‍ 41 വര്‍ഷത്തിനിടെയുള്ള 11.1 ശതമാനമെന്ന റെക്കോര്‍ഡില്‍ പണപ്പെരുപ്പം തൊട്ടിരുന്നു.
പെട്രോള്‍, ഡീസല്‍ ചെലവുകള്‍ കുത്തനെ കുറഞ്ഞതും, വസ്ത്രങ്ങള്‍, ഫൂട്ട് വെയര്‍ എന്നിവയുടെ നിരക്ക് വര്‍ദ്ധനകള്‍ക്ക് വേഗത കുറഞ്ഞതുമാണ് പണപ്പെരുപ്പം താഴാന്‍ ഇടയാക്കിയതെന്ന് ഒഎന്‍എസ് കണക്കുകള്‍ പറയുന്നു. അതേസമയം ഭക്ഷ്യവിലകള്‍ കുതിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16.8 ശതമാനം അധികമാണ് ഭക്ഷ്യവില. അതുകൊണ്ടുതന്നെ ഉടനെയൊന്നും ഒരാശ്വാസം പ്രതീക്ഷിക്കാനാവില്ല.