മോര്‍ട്ട്‌ഗേജ് എടുത്ത ജനങ്ങള്‍ക്ക് മേല്‍ കടുത്ത ആഘാതം ഏല്‍പ്പിച്ചു ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 4% ആയി വര്‍ദ്ധിപ്പിച്ചു. ബേസ് റേറ്റ് 3.5 ശതമാനത്തില്‍ നിന്നും 4 ശതമാനത്തിലേക്കാണ് ബാങ്ക് ഉയര്‍ത്തിയത്. തുടര്‍ച്ചയായ 10-ാം തവണയാണ് വര്‍ദ്ധന. 2008-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് മോര്‍ട്ട്‌ഗേജ് തിരിച്ചടവുകാരെ സംബന്ധിച്ച് കനത്ത ആഘാതമാണ്. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാന്‍ ബാങ്ക് ബുദ്ധിമുട്ടുന്നതിനിടെയാണ് ഈ നീക്കം.
മോര്‍ട്ട്‌ഗേജ് അടവുകളില്‍ ശരാശരി 50 പൗണ്ട് വീതം കൂട്ടിച്ചേര്‍ക്കാന്‍ പ്രഖ്യാപനം വഴിയൊരുക്കും. എന്നിരുന്നാലും കാര്യങ്ങള്‍ കടുപ്പമാക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്ക് അവസാനമാകുന്നുവെന്നാണ് പ്രതീക്ഷ. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കുറയുന്നതും, കൈവിട്ട് കുതിക്കുന്ന വിലക്കയറ്റവും ബാലന്‍സ് ചെയ്യാനുള്ള ശ്രമങ്ങളാണ് മോണിറ്ററി പോളിസി കമ്മിറ്റി നടത്തുന്നത്.
പണപ്പെരുപ്പം 'വഴിത്തിരിവില്‍' എത്തിയെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്
ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കുന്നത്. എന്നാല്‍ വിജയം പ്രഖ്യാപിക്കാന്‍ ഇപ്പോഴും സമയമായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഘട്ടത്തില്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലേക്ക് പോകുമെന്ന മുന്‍ പ്രവചനങ്ങളുടെ കടുപ്പം കുറയ്ക്കാനും ബാങ്ക് തയ്യാറായിട്ടുണ്ട്.
ബാങ്കിന്റെ തീരുമാനത്തെ പിന്തുണച്ച ചാന്‍സലര്‍ ജെറമി ഹണ്ട് നികുതി വെട്ടിക്കുറയ്ക്കാന്‍ ആവശ്യപ്പെടുന്ന ടോറി എംപിമാരുടെ ആവശ്യം തള്ളി. ബാങ്കിന്റെ തീരുമാനങ്ങള്‍ക്കൊപ്പം നീങ്ങുന്ന നിലപാടുകളാകും ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും വരിക, നികുതി വെട്ടിക്കുറയ്ക്കുന്നത് പണപ്പെരുപ്പത്തിന് തീയിടുന്നതായി മാറും, അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് 2021 ഡിസംബറില്‍ അടിസ്ഥാന നിരക്ക് വെറും 0.1 ശതമാനമായിരുന്നു. കോവിഡ് 19 സമ്പദ്ഘടനയെ മന്ദഗതിയില്‍ ആക്കിയപ്പോള്‍, പൊതുജനങ്ങളെ ധാരാളമായി ചെലവ് ചെയ്യാന്‍ പ്രേരിപ്പിക്കുകയായിരുന്നു ഭരണകൂടം. ഇത് പണപ്പെരുപ്പത്തില്‍ എത്തിയപ്പോള്‍ അതിന് തടയിടാന്‍ പലിശ നിരക്ക് 2 ശതമാനം വരെ ഉയര്‍ത്തിയിരുന്നു. അതാണ് ഇപ്പോള്‍ 4 ശതമാനത്തില്‍ എത്തി.
ഏതായാലും പണപ്പെരുപ്പം കുറഞ്ഞു വരുന്നുണ്ട്. ഒക്ടോബറില്‍ 11.1 ശതമാനത്തിലെത്തിയ പണപ്പെരുപ്പം നവംബറില്‍ 10.7 ആയും ഡിസംബറില്‍ 10.5 ആയും കുറഞ്ഞു. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും അത് 7.3 ശതമാനമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.