ബിസിനസ്‌

പലിശ നിരക്കും ജീവിത ചിലവും: യുകെയില്‍ വീട് വില തുടര്‍ച്ചയായി ഇടിയുന്നു


പലിശ നിരക്കും ജീവിത ചിലവും കുതിച്ചുയരുന്നത് മൂലം ബ്രിട്ടനില്‍ വീട് വിപണി തകര്‍ച്ചയില്‍. വീട് വാങ്ങാന്‍ ആഗ്രഹിച്ചിരുന്ന പാതി പേരും വിപണി വിട്ടെന്നാണ് പ്രമുഖ സേര്‍ച്ച് എഞ്ചിനായ സൂപ്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. യുകെയില്‍ വീട് വില ഏറ്റവും ആധികാരികമായി നല്‍കുന്ന സൈറ്റുകളില്‍ പ്രമുഖമാണ് സൂപ്ല.


ഈ വര്‍ഷം അവസാനം വരെ പലിശ നിരക്ക് ഉയര്‍ത്തിക്കൊണ്ടു പോകാനുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനമാണ് വീട് വിപണിക്കു തിരിച്ചടിയായി മാറിയത്. മോര്‍ട്ട്‌ഗേജ് സ്വന്തമായുള്ള ലക്ഷക്കണക്കിന് കുടുംബങ്ങള്‍ റീമോര്‍ട്ടഗേജിനു ചെല്ലുമ്പോള്‍ ബാങ്കുകള്‍ നല്‍കുന്ന പുതിയ നിരക്ക് താങ്ങാനാവാത്തതാണ്. കുറഞ്ഞത് അഞ്ഞൂറ് പൗണ്ടിന്റെ വര്‍ധന സഹിക്കേണ്ട സ്ഥിതിയാണ്. വലിയ സ്ഥാപനങ്ങളില്‍ ആയിരക്കണക്കിന് ആളുകളുടെ ജോലി നഷ്ടം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതോടെ വീടുകള്‍ കൈവശം വയ്ക്കാന്‍ പ്രയാസപ്പെടുകയാണ് അനേകമാളുകള്‍. ടെസ്‌കോയും മറ്റും മാനേജര്‍ പോസ്റ്റുകള്‍ വെട്ടിക്കുറച്ചപ്പോള്‍ ഫോര്‍ഡ് അടക്കമുള്ള ഓട്ടോമൊബൈല്‍ കമ്പനികള്‍ വില്പന ഇടിവ് ചൂണ്ടിക്കാട്ടി പിരിഞ്ഞു പോകാനുള്ള നോട്ടീസ് നല്‍കുകയാണ്. സാഹചര്യങ്ങള്‍ ഇത്തരത്തില്‍ പ്രതികൂലം ആയതോടെ വാങ്ങല്‍ ശേഷി കാര്യമായി ഇടിഞ്ഞു.


വീട് വാങ്ങാന്‍ താല്പര്യം ഉണ്ടെങ്കിലും പല കുടുംബങ്ങളുടെയും വാങ്ങല്‍ ശേഷി കാര്യമായി കുറഞ്ഞെന്നാണ് മോര്‍ട്ടഗേജ് അപേക്ഷ നല്‍കുമ്പോള്‍ ബാങ്കുകള്‍ കണ്ടെത്തുന്നത്. വരുമാനവും ചിലവും തമ്മില്‍ ഉള്ള അന്തരം വിലയിരുത്തിയാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ജനങ്ങളുടെ വാങ്ങല്‍ ശേഷി നിശ്ചയിക്കുന്നത്. വാങ്ങല്‍ ശേഷിയില്‍ പിന്നോക്കം പോയാല്‍ വീട് വായ്പ ലഭിക്കുന്ന തുകയിലും ഏറെ കുറവുണ്ടാകും. ഇതോടെ ആഗ്രഹിച്ച വീട് വാങ്ങാന്‍ ഉള്ള പണം കയ്യില്‍ ഇല്ലെന്ന തിരിച്ചറിവാണ് ജനങ്ങള്‍ക്കുണ്ടാകുന്നത്. ഇത് വിലകൂടിയ വീടുകളുടെ കച്ചവടത്തെയാണ് ഏറെ പ്രതികൂലമായി ബാധിക്കുന്നത്. കടം വാങ്ങിയും മറ്റും അക്കൗണ്ടില്‍ പണമിട്ടാല്‍ പോലും ഇപ്പോള്‍ ഇത്തരം വരുമാന സ്രോതസിന്റെ വിവരം കൂടി ബാങ്കുകള്‍ തിരക്കും.


ജീവിത ചിലവ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ അനേകം കുടുംബങ്ങളുടെ വാര്‍ഷിക ബജറ്റ് താളം തെറ്റുന്ന സാഹചര്യം നിലനില്‍ക്കുന്നത് വീട് വിപണിയില്‍ പ്രതിഫലിക്കുന്നു. വലിയ വീടുകള്‍ കയ്യൊഴിഞ്ഞു ചെറിയ വീടുകള്‍ തേടുന്നതും വില കൂടിയ പ്രദേശത്തു നിന്നും വില കുറഞ്ഞ സ്ഥലങ്ങളിലേക്ക് മാറുവാനും സാധാരണക്കാര്‍ നിര്‍ബന്ധിതരാകുകയാണ്.



എങ്കിലും ആശുപത്രി, സ്‌കൂള്‍, ബിസിനസ് സ്ഥാപനങ്ങള്‍, മോട്ടോര്‍വേയുടെ സാമീപ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ചേര്‍ന്ന ഹോട്ട് സ്‌പോട്ടുകളില്‍ വില കുറയുന്നുമില്ല. കുടിയേറ്റക്കാരുടെ സാന്നിധ്യം കൂടിയ മേഖലകള്‍ ആണിവ.

നാല് മാസമായി തുടര്‍ച്ചയായി വില ഇടിഞ്ഞത് നല്ല സൂചനയല്ലെന്നു ഏറ്റവും കൂടുതല്‍ വായ്പ നല്‍കുന്ന സ്ഥാപനമായ ഹാലിഫാക്സും പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷമായി ചൂട് പിടിച്ചു കിടന്ന വിപണി അല്പം തണുക്കുന്നതും നല്ലതാണു എന്ന അഭിപ്രായവും ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്നു.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions