യുകെയില്‍ ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കും ജീവിതച്ചെലവും മൂലം ബുദ്ധിമുട്ടു നേരിടുമ്പോഴും വീട് വാങ്ങാനിരിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. വാടകവീടുകളെ ആശ്രയിക്കുന്ന വരുമാനമുള്ള ആളുകള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
നിലവില്‍ വീടുകളുടെ വില 1.1 ശതമാനം കൂടി കുറഞ്ഞിട്ടുണ്ട്. 2012 നവംബറിന് ശേഷം ആദ്യമായാണ് വീടിന്റെ മൂല്യത്തില്‍ ഇത്രയും ഇടിവ് നേരിടുന്നത്.
ഓരോ മാസവും വില ഇടിയുന്നതായിട്ടാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ജനുവരിയില്‍ വില 0.5% കുറഞ്ഞിരുന്നു. ഉടനെ ഈ മേഖലയിലെ വില സാധാരണ നിലയിലേയ്ക്ക് വരുക സാധ്യമല്ലെന്ന് ബില്‍ഡിംഗ് സൊസൈറ്റിയിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സമ്പദ്‌വ്യവസ്ഥ കടുത്ത വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ തൊഴില്‍ വിപണി ദുര്‍ബലമാകുമെന്ന് ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്‌നര്‍ പറഞ്ഞു. എന്നാല്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ 2021- ലേതിനേക്കാള്‍ വളരെ മുകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഒരു വസ്തുവിന്റെ വില ഇപ്പോള്‍ 257,406 പൗണ്ട് ആണെങ്കില്‍ ജനുവരിയില്‍ 258,297 പൗണ്ട് ആയിരുന്നു. നിലവിലെ വില 2022 ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന നിരക്കിനേക്കാള്‍ 3.7% കുറവാണ്. വായ്പയെടുക്കാനുള്ള ഉയര്‍ന്ന ചെലവ് ജനങ്ങളെ വീട് വാങ്ങിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതും വില കുറയാനുള്ള കാരണങ്ങളില്‍ ഒന്നാണ്. തുടര്‍ച്ചയായി ആറ് മാസമായി വീടിന്റെ വിലകള്‍ പ്രതിമാസ അടിസ്ഥാനത്തില്‍ കുറയുകയായിരുന്നു. കുതിച്ചുയരുന്ന ജീവിതച്ചെലവ് നേരിടാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഏര്‍പ്പെടുത്തിയതിനാല്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ കഴിഞ്ഞ വര്‍ഷം ഉയര്‍ന്നിരുന്നു. എന്നാല്‍ സെപ്റ്റംബറിലെ ലിസ് ട്രസിന്റെ മിനി ബജറ്റിന് ശേഷം മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറയാന്‍ തുടങ്ങി. എന്നാലും നിലവിലെ വില 2021 അവസാനത്തിലെ നിരക്കിനേക്കാള്‍ മുകളിലാണ്.
ഈ വര്‍ഷം അവസാനം വരെ പലിശ നിരക്ക് ഉയര്‍ത്തിക്കൊണ്ടു പോകാനുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനമാണ് വീട് വിപണിക്കു തിരിച്ചടിയായി മാറിയത്. മോര്‍ട്ട്‌ഗേജ് സ്വന്തമായുള്ള ലക്ഷക്കണക്കിന് കുടുംബങ്ങള്‍ റീമോര്‍ട്ടഗേജിനു ചെല്ലുമ്പോള്‍ ബാങ്കുകള്‍ നല്‍കുന്ന പുതിയ നിരക്ക് താങ്ങാനാവാത്തതാണ്. കുറഞ്ഞത് അഞ്ഞൂറ് പൗണ്ടിന്റെ വര്‍ധന സഹിക്കേണ്ട സ്ഥിതിയാണ്. വലിയ സ്ഥാപനങ്ങളില്‍ ആയിരക്കണക്കിന് ആളുകളുടെ ജോലി നഷ്ടം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതോടെ വീടുകള്‍ കൈവശം വയ്ക്കാന്‍ പ്രയാസപ്പെടുകയാണ് അനേകമാളുകള്‍. സാഹചര്യങ്ങള്‍ ഇത്തരത്തില്‍ പ്രതികൂലം ആയതോടെ വാങ്ങല്‍ ശേഷി കാര്യമായി ഇടിഞ്ഞു.
വീട് വാങ്ങാന്‍ താല്പര്യം ഉണ്ടെങ്കിലും പല കുടുംബങ്ങളുടെയും വാങ്ങല്‍ ശേഷി കാര്യമായി കുറഞ്ഞെന്നാണ് മോര്‍ട്ടഗേജ് അപേക്ഷ നല്‍കുമ്പോള്‍ ബാങ്കുകള്‍ കണ്ടെത്തുന്നത്. വരുമാനവും ചിലവും തമ്മില്‍ ഉള്ള അന്തരം വിലയിരുത്തിയാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ജനങ്ങളുടെ വാങ്ങല്‍ ശേഷി നിശ്ചയിക്കുന്നത്. വാങ്ങല്‍ ശേഷിയില്‍ പിന്നോക്കം പോയാല്‍ വീട് വായ്പ ലഭിക്കുന്ന തുകയിലും ഏറെ കുറവുണ്ടാകും. ഇതോടെ ആഗ്രഹിച്ച വീട് വാങ്ങാന്‍ ഉള്ള പണം കയ്യില്‍ ഇല്ലെന്ന തിരിച്ചറിവാണ് ജനങ്ങള്‍ക്കുണ്ടാകുന്നത്. ഇത് വിലകൂടിയ വീടുകളുടെ കച്ചവടത്തെയാണ് ഏറെ പ്രതികൂലമായി ബാധിക്കുന്നത്. കടം വാങ്ങിയും മറ്റും അക്കൗണ്ടില്‍ പണമിട്ടാല്‍ പോലും ഇപ്പോള്‍ ഇത്തരം വരുമാന സ്രോതസിന്റെ വിവരം കൂടി ബാങ്കുകള്‍ തിരക്കും.
ജീവിത ചിലവ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ അനേകം കുടുംബങ്ങളുടെ വാര്‍ഷിക ബജറ്റ് താളം തെറ്റുന്ന സാഹചര്യം നിലനില്‍ക്കുന്നത് വീട് വിപണിയില്‍ പ്രതിഫലിക്കുന്നു. വലിയ വീടുകള്‍ കയ്യൊഴിഞ്ഞു ചെറിയ വീടുകള്‍ തേടുന്നതും വില കൂടിയ പ്രദേശത്തു നിന്നും വില കുറഞ്ഞ സ്ഥലങ്ങളിലേക്ക് മാറുവാനും സാധാരണക്കാര്‍ നിര്‍ബന്ധിതരാകുകയാണ്.