പതിനഞ്ചു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേയ്ക്ക്
ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് ഉയര്‍ത്തി. നിരക്ക് 4 ല്‍ നിന്ന് 4.25 ശതമാനമാക്കി . മോര്‍ട്ട്‌ഗേജ് തിരിച്ചടവുള്ളവര്‍ക്ക് നൂറ് കണക്കിന് പൗണ്ടിന്റെ വര്‍ധനവുണ്ടാക്കുന്നതാണിത്. പുതിയ പണപ്പെരുപ്പത്തിനുള്ള സാധ്യത വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ബാങ്ക് ഇത്തരത്തില്‍ പലിശനിരക്കുയര്‍ത്തിയിരിക്കുന്നതെന്നത് ആശങ്കയേറ്റുന്നു.
നോണ്‍ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ ഇനി വര്‍ഷത്തില്‍ നൂറ് കണക്കിന് പൗണ്ടിന്റെ വര്‍ധന അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. യുഎസിലെ സിലിക്കണ്‍വാലി ബാങ്കും മറ്റ് ചില പ്രമുഖ ബാങ്കുകളും കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ന്നടിഞ്ഞത് ലോകമാകമാനം കടുത്ത സാമ്പത്തിക മാന്ദ്യഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്കുയര്‍ത്തിയിരിക്കുന്നത്. യുകെയില്‍ ഇന്നലെ പണപ്പെരുപ്പം കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് 10.1 ശതമാനത്തില്‍ നിന്നും ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ10.4 ശതമാനത്തിലെത്തിയത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് മേല്‍ കടുത്ത സമ്മര്‍ദമാണുണ്ടാക്കിയിരിക്കുന്നത്.
മോണിറ്ററി പോളിസി കമ്മിറ്റി രണ്ടിനെതിരേ ഏഴ് വോട്ടുകള്‍ നല്‍കിയാണ് ബാങ്കിന്റെ പലിശനിരക്ക് വര്‍ധനവ് പാസാക്കിയത്. അടിസ്ഥാനപലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള ബാങ്കിന്റെ നീക്കത്തെ താന്‍ പിന്തുണക്കുന്നുവെന്നാണ് ചാന്‍സലര്‍ ജെറമി ഹണ്ട് പ്രതികരിച്ചിരിക്കുന്നത്. രാജ്യത്തെ കുടുംബങ്ങളുടെ ധനകാര്യത്തിന് മേല്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഏറ്റവും ഒടുവിലത്തെ പ്രഹരമെന്നാണ് ഡെബ്റ്റ് ഹെല്‍പ്പ് ചാരിറ്റികള്‍ പലിശനിരക്ക് വര്‍ധനവിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
കസ്റ്റമര്‍മാരെ പിഴിയുന്ന നടപടി ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിര്‍ത്തി വയ്ക്കണമെന്നാണ് ട്രഷറി വാച്ച് ഡോഗായ ട്രഷറി കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. വേരിയബിള്‍ നിരക്കിലുള്ള മോര്‍ട്ട്‌ഗേജെടുത്തവരുടെ തിരിച്ചടവ് നിരക്ക് ഇതിനെ തുടര്‍ന്ന് കുതിച്ചുയരുമെന്നാണ് ട്രഷറി കമ്മിറ്റിയുടെ ചെയര്‍വുമണായ ടോറി എംപി ഹാരിയറ്റ് ബാള്‍ഡ് വിന്‍ മുന്നറിയിപ്പേകുന്നത്. നിക്ഷേപകര്‍ക്കുള്ള പലിശനിരക്ക് വളരെ കുറഞ്ഞ നിരക്കിലേ ബാങ്ക് വര്‍ധിപ്പിച്ചിട്ടുള്ളുവെന്നും ഇത് ഇപ്പോഴും ഒരു ശതമാനത്തില്‍ കുറവാണെന്നും അവര്‍ ആരോപിക്കുന്നു.
സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കുറയുന്നതും, കൈവിട്ട് കുതിക്കുന്ന വിലക്കയറ്റവും ബാലന്‍സ് ചെയ്യാനുള്ള ശ്രമങ്ങളാണ് മോണിറ്ററി പോളിസി കമ്മിറ്റി നടത്തുന്നത്.
പണപ്പെരുപ്പം 'വഴിത്തിരിവില്‍' എത്തിയെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്
ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി മുമ്പ് പറഞ്ഞത്. എന്നാല്‍ വിജയം പ്രഖ്യാപിക്കാന്‍ ഇപ്പോഴും സമയമായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഘട്ടത്തില്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലേക്ക് പോകുമെന്ന മുന്‍ പ്രവചനങ്ങളുടെ കടുപ്പം കുറയ്ക്കാനും ബാങ്ക് തയ്യാറായിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് 2021 ഡിസംബറില്‍ അടിസ്ഥാന നിരക്ക് വെറും 0.1 ശതമാനമായിരുന്നു. കോവിഡ് 19 സമ്പദ്ഘടനയെ മന്ദഗതിയില്‍ ആക്കിയപ്പോള്‍, പൊതുജനങ്ങളെ ധാരാളമായി ചെലവ് ചെയ്യാന്‍ പ്രേരിപ്പിക്കുകയായിരുന്നു ഭരണകൂടം. ഇത് പണപ്പെരുപ്പത്തില്‍ എത്തിയപ്പോള്‍ അതിന് തടയിടാന്‍ പലിശ നിരക്ക് 2 ശതമാനം വരെ ഉയര്‍ത്തിയിരുന്നു. അതാണ് ഇപ്പോള്‍ 4 ശതമാനവും കടന്നു പോകുന്നത്.