ശരവേഗത്തില്‍ കുതിയ്ക്കുകയായിരുന്ന യുകെയിലെ പണപ്പെരുപ്പം എട്ടു മാസത്തിന് ശേഷം ആദ്യമായി 10 ശതമാനത്തില്‍ താഴെയെത്തി. കഴിഞ്ഞ ആഗസ്റ്റിന് ശേഷം ഇതാദ്യമായാണ് പണപ്പെരുപ്പം 10 ശതമാനത്തില്‍ താഴെ വരുന്നത്. ഇതോടെ ഇനി പലിശ നിരക്ക് വര്‍ധന ഉണ്ടാവില്ലെന്ന പ്രതീക്ഷയാണ് ഉള്ളത്. കഴിഞ്ഞ മാസം ഉപഭോക്തൃ സൂചിക പണപ്പെരുപ്പം 9.8 ശതമാനത്തിലെത്തി എന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ഇന്ന് ഔദ്യോഗികമായി പുറത്തുവിടും. രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധിയുടെ പകുതിദൂരം മാത്രമാണ് ഇതുവരെ ബ്രിട്ടീഷുകാര്‍ സഞ്ചരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം കാരണം പണപ്പെരുപ്പം 10. 4 ശതമാനത്തിലെത്തിയിരുന്നു കഴിഞ്ഞ ഫെബ്രുവരിയില്‍. പിന്നീട് അത് മെല്ലെ താഴുകയായിരുന്നു. പച്ചക്കറി ക്ഷാമം ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും മദ്യേതര പാനീയങ്ങളുടെ വില പ്രതിവര്‍ഷം 18 ശതമാനം വരെ ഉയരുന്നതിന് കാരണമായി. കഴിഞ്ഞ 45 വര്‍ഷക്കാലത്തെ ഏറ്റവും കൂടിയ വിലവര്‍ദ്ധനവായിരുന്നു അത്. വരും മാസങ്ങളിലും ശരാശരി ബ്രിട്ടീഷ് കുടുംബങ്ങളില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകും. എന്നാല്‍, സര്‍ക്കാരും ബാങ്ക് ഓഫ് ഇംഗ്ലണ്ടും പണപ്പെരുപ്പം കുറച്ചുകൊണ്ടുവരുന്നതില്‍ ശ്രദ്ധ ചെലുത്തുകയാണ്.
പെട്രോളിന്റെ വിലയില്‍ ഉണ്ടായ കുറവാണ് ഇപ്പോള്‍ പ്രധാനമായും പണപ്പെരുപ്പം കുറയാന്‍ ഇടയാക്കിയത്. വിതരണ ശൃംഖലയിലെ തടസങ്ങളും ചരക്ക് ഗതാഗത കൂലിയില്‍ വന്ന കുറവും ചരക്കുകളുടെ വില കുറയുന്നതിനിടയാക്കി. അതുപോലെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതും പണപ്പെരുപ്പം വര്‍ദ്ധിക്കുന്നത് തടയാന്‍ ഇടയാക്കി.