ലണ്ടന്‍: പ്രവാസികള്‍ക്ക് സന്തോഷം പകര്‍ന്നു രൂപയ്‌ക്കെതിരെ പൗണ്ട് മികച്ച നിലയില്‍. ശനിയാഴ്ച ഒരു യുകെ പൗണ്ടിന്റെ മൂല്യം 107.53 രൂപയായി. കഴിഞ്ഞവര്‍ഷം മാസങ്ങളോളം 86 രൂപയിലേക്കു വീണ മൂല്യത്തിലാണ് ഈ കുതിപ്പ് . സെപ്റ്റംബര്‍ പകുതി മുതല്‍ പൗണ്ട് അതിന്റെ ഏറ്റവും മോശം സമയത്തിലൂടെയായിരുന്നു കടന്നു പോയത്.
ലിസ് ട്രസിന്റെ മിനി-ബജറ്റിന് ശേഷം സര്‍ക്കാര്‍ വായ്പാ ചെലവ് കുത്തനെ ഉയര്‍ന്നു. അന്നത്തെ ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെങ് വലിയ നികുതിയിളവ് വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്ന് നിക്ഷേപകര്‍ പരിഭ്രാന്തരായി, അവര്‍ക്ക് എങ്ങനെ പണം നല്‍കുമെന്ന് പറയാതെയായിരുന്നു പ്രഖ്യാപനം. 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നികുതി വെട്ടിക്കുറവ് നീക്കങ്ങളോട് സാമ്പത്തിക വിപണികള്‍ ശക്തമായി പ്രതികരിച്ചതിനാല്‍ പൗണ്ട് ഡോളറിനെതിരെ 37 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണിരുന്നു. ഓഹരികളും ഇടിഞ്ഞു. പൗണ്ടിന്റെ വീഴ്ച യുകെയിലെ പ്രവാസി സമൂഹത്തിനു വലിയ തിരിച്ചടിയായിരുന്നു. ഇത് നാട്ടിലേയ്ക്ക് പണമയക്കലിനെ ബാധിച്ചിരുന്നു.
പിന്നീട് റിഷി സുനാക് പ്രധാനമന്ത്രിയായി എത്തിയ ശേഷമാണ് പൗണ്ടിന്റെ മൂല്യം 100 രൂപ വീണ്ടും പിന്നിട്ടത്. എന്നാല്‍ ഇടക്കാലത്ത് ഇത് 100 നും താഴേക്കു പോയിരുന്നു. നിലവില്‍ പൗണ്ടിന്റെ മൂല്യവര്‍ധന നാട്ടിലേക്ക് പണം അയക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേട്ടമാണ്.
യുകെയിലെ പലിശ നിരക്കു വര്‍ധനയും ആഗോള വിപണിയില്‍ ഡോളറിന് അല്‍പം തളര്‍ച്ച നേരിട്ടതുമാണ് പൗണ്ടിനു നേട്ടമായത്. എന്നാല്‍ പൗണ്ടിന്റെ വിലക്കയറ്റം നാട്ടിലെ സ്വത്തുക്കള്‍ വിറ്റു യുകെയില്‍ പണം എത്തിക്കാന്‍ പദ്ധതി ഇടുന്നവര്‍ക്ക് തിരിച്ചടിയാണ്. വിദ്യാര്‍ഥി വീസയില്‍ യുകെയില്‍ എത്തി ജോലി ചെയ്യുന്നവര്‍ക്കും പഠന ശേഷം പോസ്റ്റ് സ്റ്റഡി വര്‍ക് വീസയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇപ്പോഴത്തെ മൂല്യ വര്‍ധന നേട്ടമാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയമാണിത്.
കുടുംബമായി യുകെയില്‍ സ്ഥിരതാമസമാക്കിയവര്‍ ജോലി ചെയ്തു കിട്ടുന്ന തുക ഇവിടെ തന്നെ ചെലവഴിക്കുകയാണ് പതിവ്. ഇവര്‍ക്ക് യുകെ പൗണ്ടിന്റെ മൂല്യം ഉയര്‍ന്നത് കാര്യമായ നേട്ടം ഉണ്ടാക്കില്ല. നാട്ടില്‍ മാതാപിതാക്കള്‍ ഉള്ള കുടുംബങ്ങള്‍ക്ക് പണമയക്കാന്‍ നല്ല സമയമാണ്.
ഈ വര്‍ഷം മാര്‍ച്ചില്‍ 97.07 ഇന്ത്യന്‍ രൂപയെന്ന മൂല്യത്തിലേക്ക് കുറഞ്ഞ യുകെ പൗണ്ട് ഏപ്രിലില്‍ ആണ് വീണ്ടും മൂന്നക്കം കടന്നത്.