പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിലുമധികം കുറഞ്ഞതോടെ ആറോളം ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും ഫിക്സ്ഡ് മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറച്ചു. നേഷന്‍വൈഡ്, എച്ച് എസ് ബി സി, യോര്‍ക്ക്ഷയര്‍ ബില്‍ഡിംഗ് സൊസൈറ്റി, കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റി, എംപവേര്‍ഡ് എന്നിവ ഫിക്സ്ഡ് മോര്‍ട്ട്ഗേജ് നിരക്കില്‍ 0.55 ശതമാനം വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച്ച പണപ്പെരുപ്പ നിരക്ക് 7.9 ശതമാനത്തില്‍ എത്തിയതോടെയാണ് ഈ നീക്കം. തൊട്ട് മുന്‍പത്തെ മാസം ഇത് 8.7 ശതമാനമായിരുന്നു.
പണപ്പെരുപ്പ നിരക്ക് താഴ്ന്നതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇനി പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഇടയില്ലെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ സാമ്പത്തിക വിപണിയില്‍. പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് ഗാര്‍ഹിക വായ്പ രംഗത്ത് വരുത്തിയ മാന്ദ്യം ഇതോടെ മാറാന്‍ ഇടയുണ്ടെന്നാണ് കരുതുന്നത്. ആഗസ്റ്റ് 3 ന് ആണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി അടുത്ത യോഗം ചേരുന്നത്. അന്ന് പുതിയ നിരക്ക് പ്രഖ്യാപിക്കും. നിലവിലെ സാഹചര്യത്തില്‍ നിരക്ക് കൂട്ടാനിടയില്ല.
പലിശ നിരക്ക് വര്‍ദ്ധനവ് ഉണ്ടാകില്ല എന്ന പ്രതീക്ഷയില്‍ നേഷന്‍വൈഡ് അവരുടെ ഫിക്സ്ഡ് നിരക്കുകളില്‍ 0.35 ശതമാനത്തിന്റെ കുറവ് വരുത്തി. എച്ച് എസ് ബി സിയും സമാനമായ കുറവാണ് വരുത്തിയിരിക്കുന്നത്. അതേസമയം, ടി എസ് ബി അവരുടെ ഫിക്സ്ഡ് ടേം മോര്‍ട്ട്ഗേജ് നിരക്കില്‍ വരുത്തിയിരിക്കുന്നത് 0.55 ശതമാനത്തിന്റെ കുറവാണ്. ഇതോടെ രണ്ട് വര്‍ഷ ഫിക്സ്ഡ് മോര്‍ട്ട്ഗേജിന്റെ ശരാശരി നിരക്ക് 6.81 ശതമാനത്തില്‍ എത്തി എന്നാണ് മണിഫാക്ട്സ് പറയുന്നത്. തൊട്ട് മുന്‍പത്തെ ദിവസം ഇത് 6.83 ശതമാനമായിരുന്നു. അഞ്ചു വര്‍ഷ ഫിക്സ്ഡ് മോര്‍ട്ട്ഗേജിന്റെ ശരാശരി നിരക്ക് 6.34 ശതമാനമായിരിക്കുകയാണ്.
നേഷന്‍വൈഡ് അവരുടെ സ്വിച്ചര്‍ മോര്‍ട്ട്ഗേജ് ഉദ്പന്നങ്ങളിലാണ് 0.35 ശതമാനം വരെ കുറവ് വരുത്തിയത്. കാലാവധി അവസാനിക്കാറായതിനെ തുടര്‍ന്ന് പുതിയ പാക്കെജുകള്‍ തിരയുന്ന നിലവിലെ ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും ഇത് ലഭ്യമാവുക. അതേസമയം അഞ്ച് വര്‍ഷത്തെ ഫിക്സ്ഡ് റേറ്റ് 60 ശതമാനം ലോണ്‍-ടു വാല്യൂ പാക്കേജിന്റെ നിരക്കില്‍ 0.25 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്.
എച്ച് എസ് ബി സി ആണെങ്കില്‍ 999 പൗണ്ട് ഫീയോടുകൂടിയ രണ്ട് വര്‍ഷത്തെ ഫിക്സ്ഡ് നിരക്ക് (60% എല്‍ ടി വി) യില്‍ 0.10 ശതമാനം കുറവ് പ്രഖ്യാപിച്ചപ്പോള്‍ 85% എല്‍ ടി വിയില്‍ അഞ്ച് വര്‍ഷത്തെ ഫിക്സ്ഡ് നിരക്കില്‍ 0.20ശതമാനം കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ലീഗല്‍ ഫീല്‍ ഇല്ലാതെയോ 300 പൗന്റ് ക്യാഷ് ബാക്ക് സഹിതമോ ആണ് എച്ച് എസ് ബിസി ഇത് വാഗ്ദാനം ചെയ്യുന്നത്.
ടി. എസ് ബി അവരുടെ രണ്ട് വര്‍ഷ ഫിക്സ്ഡ് നിരക്കില്‍ 0.55 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്. ആദ്യ തവണ വീട് വാങ്ങുന്നവര്‍ക്കും റീ മോര്‍ട്ട്ഗേജ് ചെയ്യുന്നവര്‍ക്കും ഇത് ലഭ്യമാകുമെന്ന് ടി എസ് ബി വക്താവ് അറിയിച്ചു. അതേസമയ യോര്‍ക്ക്ഷയര്‍ ബില്‍ഡിംഗ് സൊസൈറ്റി അവരുടെ വിവിധ ഫിക്സ്ഡ് ടേം മോര്‍ട്ട്ഗേജ് നിരക്കുകളില്‍ 0.30 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്. ഇത് 95% എല്‍ ടി വിയുള്ള ചില ഡീലുകള്‍ക്കും ബാധകമാക്കിയിട്ടുണ്ട്. ആദ്യമായി വീടു വാങ്ങുന്നവര്‍ക്കുള്ള ചില ഡീലുകളില്‍ 2000 പൗണ്ട് ക്യാഷ് ബാക്കും അവര്‍ ഓഫര്‍ ചെയ്യുന്നു.
കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റി അവരുടെ രണ്ടു വര്‍ഷ- അഞ്ചു വര്‍ഷ ഫിക്സ്ഡ് നിരക്കുകളില്‍ ചിലതില്‍ കുറവ് വരുത്തിയിട്ടുണ്ട്. 75 ശതമാനം എല്‍ ടി വിയും 999 പൗണ്ട് ഫീസുമുള്‍ല രണ്ട് വര്‍ഷ ഫിക്സ്ദ് നിരക്ക് ഇപ്പോള്‍ 6.23 ശതമാനമായപ്പോള്‍ 65% എല്‍ ടി വിയും 999 പൗണ്ട് ഫീസുമുള്ള അഞ്ച് വര്‍ഷ നിരക്ക് 6.32 ശതമാനമായി. 320 പൗണ്ടിന്റെ ക്യാഷ് ബാക്ക് ഓപ്ഷനും അവര്‍ നല്‍കുന്നുണ്ട്. എം പവേര്‍ഡ് അവരുടെ നിരക്കുകളില്‍ 0.15 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്.
അടിസ്ഥാന പലിശ നിരക്കിലെ വര്‍ദ്ധനവിനെ തുടര്‍ന്ന്, അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ 6 ശതമാനത്തിന് മുകളിലേക്ക് കുതിച്ചത് വായ്പയെടുക്കാന്‍ ഒരുങ്ങുന്ന ജനത്തിന് കനത്ത തിരിച്ചടിയായിരുന്നു. അടിസ്ഥാന പലിശ നിരക്ക് 5 ശതമാനമായതോടെ ഫലത്തില്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ ഏഴു ശതമാനമായിരുന്നു. ഒന്നരദശാബ്ദത്തിനിടെ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റ്ല്‍ റെക്കോര്‍ഡ് വര്‍ധനവ് ആണ് വന്നത്. രാജ്യത്താകമാനം ഏതാണ്ട് 773,000 മോര്‍ട്ട്‌ഗേജ് ഉടമകള്‍ക്കാണ് ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റ്(എസ് വിആര്‍) കൈവശമുള്ളത്.