പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിലുമധികം കുറഞ്ഞതോടെ ഇനിയൊരു പലിശനിരക്ക് വര്‍ധനയ്ക്കു സാധ്യതയില്ലെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിനു വിരുദ്ധമായി മറ്റൊരു പലിശ നിരക്ക് വര്‍ദ്ധനവിന് കളമൊരുക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നാണു റിപ്പോര്‍ട്ടുകള്‍. ഈയാഴ്ച പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടപടി കൈക്കൊള്ളുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
വ്യാഴാഴ്ച മോണിറ്ററി കമ്മിറ്റി തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ തുടര്‍ച്ചയായ 14-ാം വട്ടവും പലിശ നിരക്ക് ഉയരുമെന്നാണ് കരുതുന്നത്. കാല്‍ശതമാനം പോയിന്റ് വര്‍ദ്ധനവ് നടപ്പായാല്‍ നിരക്കുകള്‍ 5.25 ശതമാനത്തിലേക്കാണ് എത്തുക. അടിയന്തര ആവശ്യങ്ങള്‍ ഹൃസ്വകാല വായ്പ എടുത്തവര്‍ക്ക് മുതല്‍ വര്‍ദ്ധിക്കുന്ന മോര്‍ട്ട്‌ഗേജ് ചെലവുകള്‍ നേരിടുന്നവര്‍ക്ക് വരെ കൂടുതല്‍ കടക്കെണി സമ്മാനിക്കുന്നതാണ് ഈ നീക്കം.
ജീവിതച്ചെലവ് പ്രതിസന്ധികള്‍ മൂലം കുറഞ്ഞ വരുമാനക്കാരായ 2.3 മില്ല്യണ്‍ കുടുംബങ്ങള്‍ ലോണെടുത്തും, ക്രെഡിറ്റ് ഉപയോഗിച്ചും ബില്ലുകള്‍ അടയ്ക്കാന്‍ നിര്‍ബന്ധിതമായെന്ന് ജോസഫ് റൗണ്‍ട്രീ ഫൗണ്ടേഷന്‍ പരിശോധനകള്‍ വ്യക്തമാക്കി. ജീവിതച്ചെലവ് പ്രതിസന്ധികള്‍ കൂടുതല്‍ അപകടകരമായ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന് ജെആര്‍എഫിലെ സീനിയര്‍ ഇക്കണോമിസ്റ്റ് റേച്ചല്‍ ഇയര്‍വേക്കര്‍ പറഞ്ഞു.
പണപ്പെരുപ്പം കുറയുമ്പോഴും ഈ പ്രതിസന്ധി ഘട്ടത്തിലെ രണ്ടാം തരംഗത്തിലേക്കാണ് രാജ്യം പ്രവേശിക്കുന്നത്. ഉയരുന്ന പലിശ നിരക്കുകള്‍ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കടമെടുപ്പ് കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് മാറ്റി, റേച്ചല്‍ കൂട്ടിച്ചേര്‍ത്തു. പലിശ നിരക്കുകള്‍ ഉയരുന്നത് മോര്‍ട്ട്‌ഗേജുകാരെ സാരമായി ബുദ്ധിമുട്ടിക്കുന്നുണ്ട്. പ്രതിമാസ തിരിച്ചടവില്‍ നൂറുകണക്കിന് പൗണ്ട് വര്‍ദ്ധനവാണ് ഇതുമൂലം നേരിടുന്നത്.
അതേസമയം, രാജ്യത്ത് വാടക നിരക്കുകളും റെക്കോര്‍ഡ് വേഗത്തില്‍ ഉയരുന്നുണ്ട്. വാടകയ്ക്ക് ലഭ്യമായ ഭവനങ്ങളുടെ എണ്ണം കുറയുന്നതും, പലിശ നിരക്കുകള്‍ ഭയന്ന് വീട് വാങ്ങുന്നതില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞ് നില്‍ക്കുന്നതും ഭവനവിപണിയില്‍ ഇടിവിന് കാരണമാകുന്നുണ്ട്. ഈ ഘട്ടത്തില്‍ വാടക നല്‍കുന്ന പണത്തില്‍ താഴെ പ്രതിമാസ തിരിച്ചടവ് നടത്തി വീട് സ്വന്തമാക്കുന്നവരും ഏറെയാണ്.
പലിശ നിരക്ക് വര്‍ദ്ധനവിന് ഇനി സാധ്യതയില്ലെന്ന് കരുതി ആറോളം ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും ഫിക്സ്ഡ് മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറച്ചതായിരുന്നു.
പലിശ നിരക്ക് വര്‍ദ്ധനവ് ഉണ്ടാകില്ല എന്ന പ്രതീക്ഷയില്‍ നേഷന്‍വൈഡ് അവരുടെ ഫിക്സ്ഡ് നിരക്കുകളില്‍ 0.35 ശതമാനത്തിന്റെ കുറവ് വരുത്തി. എച്ച് എസ് ബി സിയും സമാനമായ കുറവാണ് വരുത്തിയിരിക്കുന്നത്. അതേസമയം, ടി എസ് ബി അവരുടെ ഫിക്സ്ഡ് ടേം മോര്‍ട്ട്ഗേജ് നിരക്കില്‍ വരുത്തിയിരിക്കുന്നത് 0.55 ശതമാനത്തിന്റെ കുറവാണ്. ഇതോടെ രണ്ട് വര്‍ഷ ഫിക്സ്ഡ് മോര്‍ട്ട്ഗേജിന്റെ ശരാശരി നിരക്ക് 6.81 ശതമാനത്തില്‍ എത്തി എന്നാണ് മണിഫാക്ട്സ് പറയുന്നത്. തൊട്ട് മുന്‍പത്തെ ദിവസം ഇത് 6.83 ശതമാനമായിരുന്നു. അഞ്ചു വര്‍ഷ ഫിക്സ്ഡ് മോര്‍ട്ട്ഗേജിന്റെ ശരാശരി നിരക്ക് 6.34 ശതമാനമായിരിക്കുകയാണ്.
നേഷന്‍വൈഡ് അവരുടെ സ്വിച്ചര്‍ മോര്‍ട്ട്ഗേജ് ഉദ്പന്നങ്ങളിലാണ് 0.35 ശതമാനം വരെ കുറവ് വരുത്തിയത്. കാലാവധി അവസാനിക്കാറായതിനെ തുടര്‍ന്ന് പുതിയ പാക്കെജുകള്‍ തിരയുന്ന നിലവിലെ ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും ഇത് ലഭ്യമാവുക. അതേസമയം അഞ്ച് വര്‍ഷത്തെ ഫിക്സ്ഡ് റേറ്റ് 60 ശതമാനം ലോണ്‍-ടു വാല്യൂ പാക്കേജിന്റെ നിരക്കില്‍ 0.25 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്.
എച്ച് എസ് ബി സി ആണെങ്കില്‍ 999 പൗണ്ട് ഫീയോടുകൂടിയ രണ്ട് വര്‍ഷത്തെ ഫിക്സ്ഡ് നിരക്ക് (60% എല്‍ ടി വി) യില്‍ 0.10 ശതമാനം കുറവ് പ്രഖ്യാപിച്ചപ്പോള്‍ 85% എല്‍ ടി വിയില്‍ അഞ്ച് വര്‍ഷത്തെ ഫിക്സ്ഡ് നിരക്കില്‍ 0.20ശതമാനം കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ലീഗല്‍ ഫീല്‍ ഇല്ലാതെയോ 300 പൗന്റ് ക്യാഷ് ബാക്ക് സഹിതമോ ആണ് എച്ച് എസ് ബിസി ഇത് വാഗ്ദാനം ചെയ്യുന്നത്.
ടി. എസ് ബി അവരുടെ രണ്ട് വര്‍ഷ ഫിക്സ്ഡ് നിരക്കില്‍ 0.55 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്. ആദ്യ തവണ വീട് വാങ്ങുന്നവര്‍ക്കും റീ മോര്‍ട്ട്ഗേജ് ചെയ്യുന്നവര്‍ക്കും ഇത് ലഭ്യമാകുമെന്ന് ടി എസ് ബി വക്താവ് അറിയിച്ചു. അതേസമയ യോര്‍ക്ക്ഷയര്‍ ബില്‍ഡിംഗ് സൊസൈറ്റി അവരുടെ വിവിധ ഫിക്സ്ഡ് ടേം മോര്‍ട്ട്ഗേജ് നിരക്കുകളില്‍ 0.30 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്. ഇത് 95% എല്‍ ടി വിയുള്ള ചില ഡീലുകള്‍ക്കും ബാധകമാക്കിയിട്ടുണ്ട്. ആദ്യമായി വീടു വാങ്ങുന്നവര്‍ക്കുള്ള ചില ഡീലുകളില്‍ 2000 പൗണ്ട് ക്യാഷ് ബാക്കും അവര്‍ ഓഫര്‍ ചെയ്യുന്നു.
കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റി അവരുടെ രണ്ടു വര്‍ഷ- അഞ്ചു വര്‍ഷ ഫിക്സ്ഡ് നിരക്കുകളില്‍ ചിലതില്‍ കുറവ് വരുത്തിയിട്ടുണ്ട്. 75 ശതമാനം എല്‍ ടി വിയും 999 പൗണ്ട് ഫീസുമുള്‍പ്പെടെ രണ്ട് വര്‍ഷ ഫിക്സ്ഡ് നിരക്ക് ഇപ്പോള്‍ 6.23 ശതമാനമായപ്പോള്‍ 65% എല്‍ ടി വിയും 999 പൗണ്ട് ഫീസുമുള്ള അഞ്ച് വര്‍ഷ നിരക്ക് 6.32 ശതമാനമായി. 320 പൗണ്ടിന്റെ ക്യാഷ് ബാക്ക് ഓപ്ഷനും അവര്‍ നല്‍കുന്നുണ്ട്. എം പവേര്‍ഡ് അവരുടെ നിരക്കുകളില്‍ 0.15 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്.
അടിസ്ഥാന പലിശ നിരക്കിലെ വര്‍ദ്ധനവിനെ തുടര്‍ന്ന്, അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ 6 ശതമാനത്തിന് മുകളിലേക്ക് കുതിച്ചത് വായ്പയെടുക്കാന്‍ ഒരുങ്ങുന്ന ജനത്തിന് കനത്ത തിരിച്ചടിയായിരുന്നു. അടിസ്ഥാന പലിശ നിരക്ക് 5 ശതമാനമായതോടെ ഫലത്തില്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ ഏഴു ശതമാനമായിരുന്നു. ഒന്നരദശാബ്ദത്തിനിടെ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റ്ല്‍ റെക്കോര്‍ഡ് വര്‍ധനവ് ആണ് വന്നത്. രാജ്യത്താകമാനം ഏതാണ്ട് 773,000 മോര്‍ട്ട്‌ഗേജ് ഉടമകള്‍ക്കാണ് ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റ്(എസ് വിആര്‍) കൈവശമുള്ളത്.
പലിശ നിരക്ക് കൂടിയാൽ ഇതെല്ലാം മാറിമറിയും.