ബിസിനസ്‌

പലിശ നിരക്ക് 5.25% ആയി ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്ഗേജുകള്‍ ഇനിയും ഉയരും

തുടര്‍ച്ചയായ 14-ാം തവണയും പലിശ നിരക്ക് ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. 5 ശതമാനത്തില്‍ നിന്നും 5.25 ശതമാനത്തിലേക്ക് ആണ് നിരക്കുകള്‍ ഉയര്‍ത്തിയത്. ഇതോടെ പലിശ നിരക്കുകള്‍ 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായി. ഇത് നടപ്പായാല്‍ വിപണിയില്‍ കൂടുതല്‍ സമ്മര്‍ദത്തിന് വഴിയൊരുക്കും. മോര്‍ട്ട്ഗേജുകളും ലോണ്‍ പേയ്‌മെന്റുകളും ഉയരും. പണപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതുവരെ പലിശനിരക്ക് ഉയര്‍ത്തുമെന്ന് ആണ് പറഞ്ഞിരിക്കുന്നത്. ജൂണില്‍ പണപ്പെരുപ്പം 7.9 ശതമാനമായി കുറഞ്ഞിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ചതിലും നാലിരട്ടിയാണിത്.


പലിശ നിരക്ക് സംബന്ധിച്ച് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയിലെ അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടായിരുന്നു. ഒമ്പത് അംഗങ്ങളില്‍, ഗവര്‍ണര്‍ ഉള്‍പ്പെടെ ആറ് പേര്‍ നിരക്കുകള്‍ 5.25% ആയി ഉയര്‍ത്തുന്നതിന് വോട്ട് ചെയ്തപ്പോള്‍ രണ്ട് പേര്‍ 5.5% ആയി കൂടുതല്‍ വര്‍ദ്ധനവാണ് മുന്‍പോട്ട് വച്ചത്. ബാക്കി അംഗങ്ങള്‍ 5% നിരക്കില്‍ നിലനിര്‍ത്താന്‍ വോട്ട് ചെയ്തു.


പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ സാമ്പത്തികശേഷിയുള്ളവരെയാണ് ഏറെ ബാധിക്കുക. രാജ്യത്തെ സമ്പദ് വ്യവസ്ഥ നിയന്ത്രണ വിധേയമാക്കാന്‍ കുറച്ച് നാളുകള്‍ വേണമെന്നും 2025 ജൂണില്‍ സാധാരണ നിലയിലേക്ക് പണപ്പെരുപ്പം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു. ഉയര്‍ന്ന പലിശ നിരക്കുകള്‍ ആളുകള്‍ ലോണുകള്‍ എടുക്കുന്നത് ഒരു പരിധി വരെ കുറയ്ക്കുന്നു. ഇത് ആളുകളുടെ ജീവിത ചിലവുകള്‍ ചുരുക്കുമെന്നാണ് പ്രതീക്ഷ.


ഭക്ഷ്യ സാധനങ്ങളുടെ ഉയര്‍ന്ന വിലയാണ് പണപ്പെരുപ്പം മൂലം ജനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന്. എന്നാല്‍ വിലയിലുള്ള വര്‍ദ്ധനവ് പല ഘട്ടങ്ങളായി ആണ് മാര്‍ക്കറ്റില്‍ പ്രതിഫലിക്കുന്നത് എന്ന കാര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ലാഭം വര്‍ധിപ്പിക്കാന്‍ അനാവശ്യമായി കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നതിന് തെളിവുകളില്ലെന്ന് ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി 'കോര്‍പ്പറേറ്റ് ലാഭത്തില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.


എന്നാല്‍ പണപ്പെരുപ്പം വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ തുടരേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി സുനാക് ആവര്‍ത്തിച്ചു. നിലവിലെ അവസ്ഥയില്‍ മോര്‍ട്ട്‌ഗേജ് കാലാവധി നീട്ടുകയോ, പലിശ മാത്രം അടച്ച് പിടിച്ചുനില്‍ക്കുകയോ ചെയ്യാനാണ് പ്രധാനമന്ത്രി ഉപദേശിക്കുന്നത്. തിരിച്ചടവ് നടത്താന്‍ ബുദ്ധിമുട്ടുമ്പോള്‍ തങ്ങളുടെ ബാങ്കുകളുമായി സംസാരിച്ച് പോംവഴി കണ്ടെത്താനും അദ്ദേഹം ആവശ്യപ്പെടുന്നു.


ജീവിതച്ചെലവ് പ്രതിസന്ധികള്‍ മൂലം കുറഞ്ഞ വരുമാനക്കാരായ 2.3 മില്ല്യണ്‍ കുടുംബങ്ങള്‍ ലോണെടുത്തും, ക്രെഡിറ്റ് ഉപയോഗിച്ചും ബില്ലുകള്‍ അടയ്ക്കാന്‍ നിര്‍ബന്ധിതമായി. ഉയരുന്ന പലിശ നിരക്കുകള്‍ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കടമെടുപ്പ് കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് മാറ്റി.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions