ബിസിനസ്‌

പലിശ നിരക്കുകള്‍ വീണ്ടും 5.25%ല്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ആശ്വാസം അകലെ

പലിശ നിരക്കുകള്‍ വീണ്ടും തല്‍സ്ഥിതിയില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ഉടനെയൊന്നും പലിശ നിരക്കുകള്‍ താഴാന്‍ സാധ്യതയില്ലെന്ന ശക്തമായ സൂചനയും ബാങ്ക് മുന്നോട്ട് വെച്ചു. 15 വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 5.25 ശതമാനത്തില്‍ അടിസ്ഥാന പലിശ നിരക്കുകള്‍നിലനിര്‍ത്താനാണ് ബാങ്കിന്റെ മോണിറ്ററി പോളിസി അംഗങ്ങള്‍ തീരുമാനിച്ചത്.


ഒന്‍പത് അംഗങ്ങളില്‍ മൂന്ന് പേര്‍ വീണ്ടും പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനെ അനുകൂലിച്ചു. പണപ്പെരുപ്പം കുറഞ്ഞതോടെ നിരക്ക് കുറച്ചു വരും മാസങ്ങളില്‍ മോര്‍ട്ട്‌ഗേജുകാര്‍ക്കും, ബിസിനസ്സുകാര്‍ക്കും അല്‍പ്പം ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷകള്‍ ഉയര്‍ന്നതായിരുന്നു. അതിനിടെയാണ് പലിശ നിരക്കുകള്‍ നിലവിലെ അവസ്ഥയില്‍ തുടരുന്നത്. യുകെ സമ്പദ് വ്യവസ്ഥ സ്തംഭിക്കുന്നുവെന്ന് വ്യക്തമാകുന്നതിനിടെയാണ് ഈ നിലപാട്.


ഇതിനിടെ യുഎസ് അധികൃതര്‍ അടുത്ത വര്‍ഷം നിരക്ക് കുറയ്ക്കുമെന്ന സൂചനകളാണ് നല്‍കിയത്. ഇതോടെ ഡോളറിനെതിരെ പൗണ്ടിന്റെ നിരക്ക് കുതിച്ചുയര്‍ന്നു. ബ്രിട്ടനില്‍ പതിയെ, മിതമായ രീതിയിലാകും കുറവ് വരുത്തുകയെന്ന് ട്രേഡര്‍മാര്‍ കരുതുന്നു. ഇതോടെ ഗില്‍റ്റുകളില്‍ നിന്നും ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുമെന്ന് ഉറപ്പായി.


കുതിച്ചുകയറിയ പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമങ്ങളിലാണ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി. തുടര്‍ച്ചയായ 14 യോഗങ്ങളില്‍ റേറ്റ് വര്‍ദ്ധിപ്പിക്കാനാണ് എംപിസി തീരുമാനിച്ചത്. കടമെടുപ്പ് ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നത് വഴി ചെലവുകള്‍ കുറയ്ക്കാനും, വിലക്കയറ്റം നിയന്ത്രിക്കാനുമാണ് ശ്രമം. 2025 അവസാനത്തോടെ ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് ഹെഡ്‌ലൈന്‍ സിപിഐ എത്തിച്ചേരാന്‍ ഇടയില്ലെന്ന് എംപിസി ആവര്‍ത്തിച്ചു.

'പണപ്പെരുപ്പത്തിന് എതിരായ പോരാട്ടത്തില്‍ വളവ് തിരിഞ്ഞുകഴിഞ്ഞു. യഥാര്‍ത്ഥ വേതനം വര്‍ദ്ധിക്കുന്നുണ്ട്. എന്നിരുന്നാലും ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് പണപ്പെരുപ്പം എത്തിക്കണം. ജോലി ചെയ്യുന്ന ജനങ്ങള്‍ക്കും, ബിസിനസ്സുകള്‍ക്കുമായി നികുതി വെട്ടിക്കുറയ്ക്കാനും, ജോലി ചെയ്യുന്നവരെ സഹായിക്കാനും, ജിഡിപിയില്‍ വലിയ വളര്‍ച്ചയുമാണ് ലക്ഷ്യമിടുന്നത്', ട്രഷറി വക്താവ് പ്രതികരിച്ചു.


ബാങ്ക് ഓഫ് ഇംഗ്ലണ്ട് രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ ഏറെ വൈകിപ്പോയെന്ന് വിമര്‍ശനം കേട്ടിരുന്നു. 15 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പലിശ നിരക്കുകളാണ് യുകെ നേരിടുന്നത്. ജി7 ധനിക രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം യുകെയിലാണ്. പണപ്പെരുപ്പം കുറഞ്ഞതായി വ്യക്തമായതോടെ പലിശ നിരക്കുകള്‍ കുറയ്ക്കാനും, നികുതി വെട്ടിക്കുറച്ച് സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാനുമുള്ള മുറവിളി തുടങ്ങി. പ്രത്യേകിച്ച് അടുത്ത പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ ഇത് ടോറികളെ സംബന്ധിച്ച് സുപ്രധാനമാണ്. യുകെ നിലവില്‍ സാമ്പത്തിക മാന്ദ്യത്തില്‍ അല്ലെങ്കിലും, ചെറിയതോതില്‍ മാത്രമുള്ള വളര്‍ച്ച നിരക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions