സാമ്പത്തിക പ്രതിസന്ധി നീളുമെന്ന പ്രവചനങ്ങള്‍ക്കിടയില്‍ ബാങ്കിങ് ജോലികളില്‍ വെട്ടിനിരത്തല്‍. ഈ വര്‍ഷം ഇതുവരെ 60,000 ല്‍ അധികം ജീവനക്കാരെ വിവിധ ബാങ്കുകള്‍ പിരിച്ചു വിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2023-ലെ തൊഴില്‍ നഷ്ടങ്ങള്‍ക്ക് പ്രധാന കാരണം വാള്‍ സ്ട്രീറ്റ് വായ്പാദാതാക്കള്‍ തന്നെയാണ്. കുതിച്ചുയരുന്ന പലിശ നിരക്കിനൊപ്പം അവരുടെ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് ബിസിനസ്സിന് എത്താനാകാതെ പോയതാണ് പ്രധാന കാരണം.
ഇതോടെ കോവിഡ് -19 ല്‍ നിന്നാരംഭിച്ച സമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടങ്ങള്‍ സംഭവിക്കുന്ന വര്‍ഷമായി മാറിയിരിക്കുകയാണ് 2023. ഇന്‍വെസ്റ്റ്മെന്റ് ബാങ്കുകള്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് പ്രതിസന്ധി അഭിമുഖീകരിക്കുന്നത്. അതിനു പുറമെ ക്രെഡിറ്റ് സ്യുസ് യു എസ് എസ് ബി ഏറ്റെടുത്തപ്പോള്‍ മാത്രം നഷ്ടമായത് 13,000 തൊഴിലുകളായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളില്‍ 20 ബാങ്കുകളില്‍ നിന്ന് മാത്രമായി ചുരുങ്ങിയത് 61,905 പേരെ പിരിച്ചു വിട്ടതായാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓഹരി വിപണിയിലും അതുപോലെ വായ്പ സേവനത്തിലും പുറകോട്ട് പോയതോടെയാണിത്. 2007-08 ന് ശേഷം ബാങ്കിംഗ് മേഖലയില്‍ ഏറ്റവും അധികം തൊഴില്‍ നഷ്ടങ്ങള്‍ സംഭവിച്ച വര്‍ഷം കൂടിയാണിത്. അന്ന് ഏകദേശം 1,40,000 പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.
ബാങ്കിംഗ് സ്ഥാപനങ്ങള്‍ വെളിപ്പെടുത്തിയ കണക്കുകളില്‍ നിന്നും ശേഖരിച്ച ഈ വിവരങ്ങളില്‍ പക്ഷെ, ചെറിയ ബാങ്കുകളുടെയും, ചെറിയ രീതിയിലുള്ള തൊഴില്‍ നഷ്ടങ്ങളുടെയൂം കണക്കുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല എന്നും ഫിനാന്‍ഷ്യല്‍ ടൈംസ് പറയുന്നു. ഇതിനു മുന്‍പ് 2015-16 കാലഘട്ടത്തിലാണ് ഇതുപോലെ വലിയ അളവിലുള്ള തൊഴില്‍ നഷ്ടം ഈ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്ന്, കുറഞ്ഞ പലിശ നിരക്കുമായി പൊരുത്തപ്പെട്ടുപോകാന്‍ വായ്പാ ദാതാക്കള്‍ക്ക് കഴിയാതെ പോയതായിരുന്നു പ്രശ്നം. ഓഹരി വിപണിയില്‍ ബാങ്കുകളുടെ ഓഹരിമൂല്യം താഴേക്ക് വരുന്നത് ആശങ്ക കൂട്ടുന്നുണ്ട്.
പുതുവര്‍ഷത്തില്‍ ബാങ്കുകള്‍ കൂടുതല്‍ പുറത്താക്കലുകള്‍ നടത്തുമെന്നാണ് വിലയിരുത്തല്‍ .