യുകെയിലെ പണപ്പെരുപ്പം വീണ്ടും താഴുമെന്ന് സൂചന നല്‍കി പതിവ് ശമ്പള വര്‍ദ്ധന നവംബര്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ 6.6 ശതമാനത്തിലേക്ക് താഴ്ന്നതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍. പ്രതീക്ഷിച്ച നിലയില്‍ ശമ്പളവര്‍ദ്ധന തണുക്കുന്നത് ബ്രിട്ടന്റെ പണപ്പെരുപ്പത്തില്‍ അനുഗ്രഹമായി മാറുകയാണ്. ഇതിന് മുന്‍പുള്ള മൂന്ന് മാസങ്ങളില്‍ ശമ്പള വര്‍ദ്ധന 7.2 ശതമാനത്തിലായിരുന്നു.
ശമ്പള സമ്മര്‍ദം കുറയുന്നത് പലിശ നിരക്ക് കുറയ്ക്കുന്നത് നേരത്തെയാക്കാനുള്ള നീക്കം ത്വരിതപ്പെടുത്തും. ഇതോടെ രാജ്യത്തിന്റെ പണപ്പെരുപ്പ നിരക്ക് ഈ മാസം 3.8 ശതമാനത്തിലേക്ക് താഴുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. സ്പ്രിംഗ് സീസണില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്ന 2% നിരക്ക് സാധ്യമാണെന്നും ഇവര്‍ പ്രവചിക്കുന്നു.
ലേബര്‍ വിപണി കടുപ്പമായതും, കുതിച്ചുയര്‍ന്ന ശമ്പളവുമാണ് നിരക്ക് നിശ്ചയിക്കുന്നവര്‍ക്ക് പണി ബുദ്ധിമുട്ടാക്കി മാറ്റിയത്. രാജ്യത്തെ വേക്കന്‍സികളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. ഇതെല്ലാം ചേരുന്നതോടെ പലിശ നിരക്കുകള്‍ വീണ്ടും കുറയുമെന്നതാണ് സ്ഥിതി.
അതേസമയം, പൗണ്ടിന്റെ മൂല്യം ഡോളറിന് എതിരെ 0.5% കുറവ് വന്നിട്ടുണ്ട്. എന്നിരുന്നാലും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാനുള്ള നടപടികളില്‍ നിന്നും പിന്നോട്ട് പോകില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്.