പലിശ നിരക്കുകള്‍ വീണ്ടും മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണ് ഇത്. തുടര്‍ച്ചയായി നാല് യോഗങ്ങളിലായി പലിശ നിരക്കുകള്‍ 5.25 ശതമാനത്തില്‍ നിലനിര്‍ത്താനാണ് മോണിറ്ററി പോളിസി കമ്മിറ്റി തയ്യാറായത്.
മൂന്നിന് എതിരെ ആറ് വോട്ടുകള്‍ക്കാണ് നിലവിലെ നിലയില്‍ തന്നെ നിരക്കുകള്‍ നിലനിര്‍ത്താന്‍ എംപിസി വോട്ട് ചെയ്തത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പണപ്പെരുപ്പം സംബന്ധിച്ച 'നല്ല' വാര്‍ത്തയാണ് ലഭിക്കുന്നതെന്ന് ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കി.
എന്നാല്‍ ലക്ഷ്യമിടുന്ന 2 ശതമാനത്തിലേക്ക് പണപ്പെരുപ്പം കുറയുമെന്ന് ഉറപ്പാക്കാന്‍ കമ്മിറ്റിക്ക് കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നിലവാരത്തില്‍ നിരക്ക് തുടരുന്നുവെന്നും ഉറപ്പായാല്‍ മാത്രമാണ് പലിശ നിരക്ക് കുറയ്ക്കുകയെന്ന് ഗവര്‍ണര്‍ സ്ഥിരീകരിച്ചു.
ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്ന തരത്തിലാണ് പണപ്പെരുപ്പ പ്രവചനങ്ങള്‍ പുറത്തുവരുന്നത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പണപ്പെരുപ്പ നിരക്ക് 2 ശതമാനത്തിലേക്ക് താഴുമെന്നാണ് മോണിറ്ററി പോളിസി റിപ്പോര്‍ട്ട്. മുന്‍ പ്രവചനങ്ങളെ അപേക്ഷിച്ച് 18 മാസം നേരത്തെയാണ് ഈ മാറ്റം സംഭവിക്കുക.
അതേസമയം ലക്ഷ്യമിട്ട 2 ശതമാനത്തില്‍ താല്‍ക്കാലികമായി മാത്രമാണ് പണപ്പെരുപ്പം നിലയുറപ്പിക്കുക. വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇത് വര്‍ദ്ധിക്കുകയും, 2025-ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ 2.8 ശതമാനത്തിലേക്ക് മാറുകയും ചെയ്യുമെന്നാണ് പ്രവചനം. 10 ശതമാനത്തില്‍ നിന്നുമാണ് 4 ശതമാനത്തിലേക്ക് പണപ്പെരുപ്പം താഴ്ന്നത്.
പലിശ നിരക്കുകള്‍ കുറച്ചെങ്കില്‍ അത് മോര്‍ട്ട്‌ഗേജ് വിപണിക്ക് 'പോസിറ്റീവ്' സന്ദേശം ആകുമായിരുന്നു.