യുകെയില്‍ യഥാര്‍ത്ഥ വരുമാന വളര്‍ച്ച രണ്ടര വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് ഔദ്യോഗിക കണക്കുകള്‍. ശമ്പള വര്‍ധനയുടെ വളര്‍ച്ചാ നിരക്കും പണപ്പെരുപ്പംവും കൂടി പലിശ നിരക്ക് ഉയര്‍ത്താനിടയാക്കുമോയെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ആശങ്കയുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് പലിശ നിരക്ക് കുറയ്ക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍.
ബോണസുകള്‍ ഒഴികെയുള്ള ശരാശരി റെഗുലര്‍ പേ ഫെബ്രുവരി വരെ മൂന്ന് മാസങ്ങളില്‍ 6 ശതമാനത്തില്‍ നില്‍ക്കുന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറഞ്ഞു. പണപ്പെരുപ്പ നിരക്ക് കൂടി പ്രതിഫലിക്കുമ്പോള്‍ വരുമാന വളര്‍ച്ച 2.4 ശതമാനത്തിലാണ്. 2021 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
അടിസ്ഥാന നിരക്ക് 5.8 ശതമാനം ആയിരിക്കുമെന്നാണ് ഇക്കണോമിസ്റ്റുകള്‍ പ്രതീക്ഷിച്ചിരുന്നത്. മുന്‍ മാസത്തെ 6.1 ശതമാനത്തില്‍ നിന്നും ചെറിയ താഴ്ച മാത്രമാണ് യഥാര്‍ത്ഥത്തില്‍ രേഖപ്പെടുത്തിയത്. സാമ്പത്തിക ഞെരുക്കം നേരിടുന്ന കുടുംബങ്ങള്‍ക്ക് ഈ വര്‍ദ്ധന സന്തോഷ വാര്‍ത്തയാണെങ്കിലും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ഇത് ആശങ്കയുടെ വാര്‍ത്തയാണ്.
പണപ്പെരുപ്പത്തിന് എതിരായ പോരാട്ടത്തിന്റെ ഭാഗമായി ഉയര്‍ത്തിയ പലിശ നിരക്കുകള്‍ കുറയ്ക്കാനുള്ള കാത്തിരിപ്പിലാണ് കേന്ദ്ര ബാങ്ക്. വരുമാന വളര്‍ച്ചയുടെ വേഗത കുറയുന്നതിനായാണ് ഇവര്‍ കാത്തിരിക്കുന്നത്. വരുമാനം വര്‍ദ്ധിക്കുന്നത് ഡിമാന്‍ഡ് കൂട്ടുകയും, തല്‍ഫലമായി വിലവര്‍ദ്ധനവിനെയും ബാധിക്കുമെന്നാണ് ആശങ്ക.
ഇതിനിടെ യുകെയിലെ തൊഴിലില്ലായ്മ നിരക്ക് 3.9 ശതമാനത്തില്‍ നിന്നും 4.2 ശതമാനത്തിലേക്ക് ഉയര്‍ന്നതായി ഒഎന്‍എസ് കണക്കുകള്‍ വ്യക്തമാക്കി. വേക്കന്‍സികള്‍ കുറയുന്നതിന്റെയും, വരുമാന വളര്‍ച്ച കുറയുന്നതിന്റെയും പ്രതിഫലനമാണ് ഈ കണക്കുകളില്‍ കാണുന്നതെന്ന് ഒഎന്‍എസ് പറയുന്നു.