യുകെയില്‍ പണപ്പെരുപ്പ നിരക്ക് പ്രഖ്യാപിത ലക്ഷ്യമായ രണ്ടു ശതമാനത്തില്‍; പലിശ നിരക്ക് കുറയുമോ?
ലണ്ടന്‍: നീണ്ട ഇടവേളയ്ക്കു ശേഷം, യുകെയില്‍ 11 ശതമാനത്തിനു മുകളിലായിരുന്ന പണപ്പെരുപ്പ നിരക്ക് രണ്ടു ശതമാനത്തില്‍ എത്തി. മൂന്നുവര്‍ഷത്തിനിടെ ആദ്യമായാണ് പണപ്പെരുപ്പ നിരക്ക് രണ്ടു ശതമാനത്തില്‍ എത്തുന്നത്. കഴിഞ്ഞ മാസം 2.3 ശതമാനത്തിലായിരുന്ന പണപ്പെരുപ്പ നിരക്കാണ് ഓഫിസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കില്‍ രണ്ടുശതമാനത്തില്‍ എത്തിയത്. പലിശനിരക്ക് കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിട്ടിരുന്ന നിലയിലേക്ക് പണപ്പെരുപ്പ നിരക്ക് എത്തിച്ചേര്‍ന്നതിന്റെ ആശ്വസത്തിലാണ് ബ്രിട്ടനിലെ വീട് ഉടമകളും വീടു വാങ്ങാന്‍ കാത്തിരിക്കുന്നവരും.
പണപ്പെരുപ്പ നിരക്ക് സ്ഥിരമായി രണ്ടശതമാനത്തിനടുത്ത് നിലനില്‍ക്കുന്ന സാഹചര്യമുണ്ടായാലേ പലിശനിരക്കില്‍ കുറവു വരുത്താനാകൂ എന്ന നിലപാടിലായിരുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പണപ്പെരുപ്പത്തിലെ ഈ സ്ഥിരത ഉറപ്പുവരുത്തിയശേഷം വേനലിന്റെ മധ്യത്തിലോ അവസാനത്തിലോ പലിശനിരക്കില്‍ കുറവു വരുത്തുമെന്നായിരുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചന നല്‍കിയിരുന്നത്.
തുടര്‍ച്ചയായി രണ്ട് മാസങ്ങളില്‍ പണപ്പെരുപ്പ നിരക്ക് കുറയുകയും അത് രണ്ടുശതമാനത്തില്‍ എത്തുകയും ചെയ്ത സാഹചര്യത്തില്‍ പലിശ കുറയ്ക്കുന്നതില്‍ അനുകൂല തീരുമാനം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുന്നുണ്ട്. രാജ്യം തിരഞ്ഞെടുപ്പിന്റെ മധ്യത്തിലായതിനാല്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനം ഉണ്ടാകുമോ എന്നകാര്യം സംശയമാണ്. എങ്കിലും കണക്കുകളുടെ പിന്‍ബലത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനം എടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. എങ്കില്‍ അത് സര്‍ക്കാരിന് നേട്ടമാകും.
2022 ഒക്ടോബറിലാണ് ബ്രിട്ടനിലെ പണപ്പെരുപ്പ നിരക്ക് 40 വര്‍ഷത്തെ റിക്കാര്‍ഡ് ഭേദിച്ച് 11.1 ശതമാനത്തില്‍ എത്തിയത്. യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയിലുണ്ടായ കുതിച്ചുകയറ്റമാണ് പണപ്പെരുപ്പ നിരക്ക് എല്ലാ പരിധിയും ലംഘിച്ച് മുന്നേറാന്‍ കാരണമായത്. ഇതിനെ നേരിടാന്‍ ഘട്ടം ഘട്ടമായി പലിശനിരക്ക് ഉയര്‍ത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 0.25 ശതമാനത്തിലായിരുന്ന ദേശീയ പലിശ നിരക്ക് 5.25 എന്ന നിരക്കില്‍ എത്തിച്ചു. ഇതോടെ മോര്‍ട് ഗേജിലും മറ്റു വായ്പകളിലും പലിശ കൂടുതല്‍ നല്‍കേണ്ട സ്ഥിതിയിലായി ജനങ്ങള്‍.