പണപ്പെരുപ്പം രണ്ടുശതമാനത്തില്‍ തുടരുകയും രാജ്യ സാമ്പത്തിക വളര്‍ച്ച കാണിക്കുകയും ചെയ്യുന്ന ചെയുന്ന പശ്ചാത്തലത്തില്‍ നാല് വര്‍ഷത്തിനിടയിലെ യുകെയില്‍ ആദ്യത്തെ പലിശ നിരക്ക് കുറയ്ക്കല്‍ നടക്കുമെന്ന് പ്രവചനം. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം പലിശ നിരക്ക് കുറയ്ക്കല്‍ അടുത്ത ആഴ്ച നടക്കും.
റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി നടത്തിയ സര്‍വേയില്‍, ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഓഗസ്റ്റ് ഒന്നിലെ സമ്മേളനത്തില്‍ പലിശ നിരക്ക് 5% ആയി കുറയ്ക്കുമെന്ന് കരുതുന്നു.
തുടര്‍ച്ചയായ 14 വര്‍ദ്ധനവിന് ശേഷം പലിശ നിരക്ക് നിലവില്‍ 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 5.25% ആണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഡാറ്റാബേസ് അനുസരിച്ച് 2020 മാര്‍ച്ചിലാണ് പലിശ നിരക്ക് അവസാനമായി കുറച്ചത് - ഏതാണ്ട് ഇതേ സമയത്താണ് യുകെയിലുടനീളം കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. അതോടെ സാമ്പത്തിക തിരിച്ചടിയുമുണ്ടായി.
പണപ്പെരുപ്പം കുറയ്ക്കാനുള്ള ശ്രമത്തിലാണ് ബാങ്ക് തുടരെ പലിശ നിരക്ക് ഉയര്‍ത്തിയത്. പണപ്പെരുപ്പം 2 ശതമാനമായി കുറയ്ക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ പണപ്പെരുപ്പം ഈ താഴ്ന്ന നിലയിലെത്തിയിട്ടും ബാങ്ക് നിരക്ക് 5.25 ശതമാനത്തില്‍ നിലനിര്‍ത്തുകയായിരുന്നു. ഇതിനു പ്രധാന കാരണം തിരഞ്ഞെടുപ്പ് സമയവുമായിരുന്നു. കഴിഞ്ഞ വര്‍ഷം യുകെ ഭവന വിപണി ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മൂലം കനത്ത സമ്മര്‍ദത്തിലായിരുന്നു.
ആഗസ്റ്റ് 1-ാം തീയതിയാണ് പലിശ നിരക്കിനെ സംബന്ധിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത അവലോകനയോഗം കൂടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി മോര്‍ട്ട്‌ഗേജ് ചെലവുകള്‍ കുത്തനെ കുതിക്കുന്ന അവസ്ഥയായിരുന്നു.
4 ശതമാനത്തില്‍ താഴെയുള്ള ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ വീണ്ടും എത്തിയത് ഇതിനിടെ ഭവന വിപണിയില്‍ മുന്നേറ്റമുണ്ടാക്കും. നാഷണല്‍ വൈഡ് ബില്‍ഡിംഗ് സൊസൈറ്റി ബുധനാഴ്ച മുതല്‍ രണ്ട്, മൂന്ന്, അഞ്ച് വര്‍ഷത്തെ ഫിക്സഡ് മോര്‍ട്ട്ഗേജ് ഉല്‍പ്പന്നങ്ങളില്‍ 0.25 ശതമാനം വരെ നിരക്ക് കുറയ്ക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി 3.99% വിലയുള്ള അഞ്ച് വര്‍ഷത്തെ ഫിക്സഡ് ഡീല്‍ ആണ് നാഷണല്‍ വൈഡ് ബില്‍ഡിംഗ് സൊസൈറ്റി ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. വസ്തുവിന്റെ മൂല്യത്തിന്റെ 60% വരെ കടം വാങ്ങാന്‍ ആഗ്രഹിക്കുന്ന പുതിയ ഉപഭോക്താക്കള്‍ക്ക് ഇത് ലഭ്യമാകും.
നാഷണല്‍ വൈഡ് ബില്‍ഡിംഗ് സൊസൈറ്റി മോര്‍ട്ട്ഗേജ് കുറച്ചതിന്റെ അടിസ്ഥാനത്തില്‍ സമീപ ദിവസങ്ങളില്‍, എച്ച്എസ്ബിസിയും ഹാലിഫാക്സും ഉള്‍പ്പെടെയുള്ള വായ്പാ ദാതാക്കള്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. 3.99 % മോര്‍ട്ട്ഗേജ് നിരക്കുകളില്‍ വീടുവാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമാണ് ഈ നിരക്കുകള്‍ ലഭ്യമാകുക.