നാല് വര്‍ഷത്തിനു ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചു; ഭാവനവിപണി ഉഷാറാവും
2020 ന് ശേഷം ആദ്യമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് കുറച്ചു. പണപ്പെരുപ്പം രണ്ടുശതമാനത്തില്‍ തുടരുകയും രാജ്യ സാമ്പത്തിക വളര്‍ച്ച കാണിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ആണ് പലിശ നിരക്ക് കുറയ്ക്കല്‍ തീരുമാനം. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഓഗസ്റ്റ് ഒന്നിലെ സമ്മേളനത്തില്‍ പലിശ നിരക്ക് 5.25 ശതമാനത്തില്‍ നിന്ന് 5% ശതമാനമായാണ് കുറച്ചത്.
തുടര്‍ച്ചയായ 14 വര്‍ധനവിന് ശേഷം പലിശ നിരക്ക് നിലവില്‍ 16വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 5.25% ല്‍ തുടരുകയായിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഡാറ്റാബേസ് അനുസരിച്ച് 2020 മാര്‍ച്ചിലാണ് പലിശ നിരക്ക് അവസാനമായി കുറച്ചത് - ഏതാണ്ട് ഇതേ സമയത്താണ് യുകെയിലുടനീളം കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. അതോടെ സാമ്പത്തിക തിരിച്ചടിയുമുണ്ടായി.
പണപ്പെരുപ്പം കുറയ്ക്കാനുള്ള ശ്രമത്തിലാണ് ബാങ്ക് തുടരെ പലിശ നിരക്ക് ഉയര്‍ത്തിയത്. പണപ്പെരുപ്പം 2 ശതമാനമായി കുറയ്ക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ പണപ്പെരുപ്പം ഈ താഴ്ന്ന നിലയിലെത്തിയിട്ടും ബാങ്ക് നിരക്ക് 5.25 ശതമാനത്തില്‍ നിലനിര്‍ത്തുകയായിരുന്നു. ഇതിനു പ്രധാന കാരണം തിരഞ്ഞെടുപ്പ് സമയവുമായിരുന്നു. കഴിഞ്ഞ വര്‍ഷം യുകെ ഭവന വിപണി ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മൂലം കനത്ത സമ്മര്‍ദത്തിലായിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി മോര്‍ട്ട്‌ഗേജ് ചെലവുകള്‍ കുത്തനെ കുതിക്കുന്ന അവസ്ഥയായിരുന്നു. ഇനിയതിന് മാറ്റമുണ്ടാകും. വായ്പാ ദാതാക്കള്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഈ സമയത്ത് യുകെ വിപണി ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മൂലം കനത്ത സമ്മര്‍ദത്തിലായിരുന്നു. യുകെയില്‍ 11 ശതമാനത്തിനു മുകളിലായിരുന്ന പണപ്പെരുപ്പ നിരക്ക് മൂന്നുവര്‍ഷത്തിനിടെ ആദ്യമായാണ് രണ്ടു ശതമാനത്തില്‍ എത്തിയത്. പണപ്പെരുപ്പ നിരക്ക് സ്ഥിരമായി രണ്ടശതമാനത്തിനടുത്ത് നിലനില്‍ക്കുന്ന സാഹചര്യമുണ്ടായാലേ പലിശനിരക്കില്‍ കുറവു വരുത്താനാകൂ എന്ന നിലപാടിലായിരുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്.
2022 ഒക്ടോബറിലാണ് ബ്രിട്ടനിലെ പണപ്പെരുപ്പ നിരക്ക് 40 വര്‍ഷത്തെ റിക്കാര്‍ഡ് ഭേദിച്ച് 11.1 ശതമാനത്തില്‍ എത്തിയത്. യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയിലുണ്ടായ കുതിച്ചുകയറ്റമാണ് പണപ്പെരുപ്പ നിരക്ക് എല്ലാ പരിധിയും ലംഘിച്ച് മുന്നേറാന്‍ കാരണമായത്. ഇതിനെ നേരിടാന്‍ ഘട്ടം ഘട്ടമായി പലിശനിരക്ക് ഉയര്‍ത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 0.25 ശതമാനത്തിലായിരുന്ന ദേശീയ പലിശ നിരക്ക് 5.25 എന്ന നിരക്കില്‍ എത്തിച്ചു. ഇതോടെ മോര്‍ട് ഗേജിലും മറ്റു വായ്പകളിലും പലിശ കൂടുതല്‍ നല്‍കേണ്ട സ്ഥിതിയിലായി ജനങ്ങള്‍. അതിനാണ് നീണ്ട ഇടവേളയ്ക്കു ശേഷം മാറ്റം ഉണ്ടായിരിക്കുന്നത്.