ബിസിനസ്‌

ബ്രിട്ടനില്‍ ജൂലൈയില്‍ പണപ്പെരുപ്പം 2.2 ശതമാനത്തിലെത്തി, വീണ്ടും ആശങ്ക

ലണ്ടന്‍: ജൂണില്‍ രണ്ടു ശതമാനത്തിലേയ്ക്ക് താഴ്ന്ന ബ്രിട്ടനിലെ പണപ്പെരുപ്പം ജൂലൈയില്‍ 2.2 ശതമാനത്തിലെത്തി. ഡിസംബറിന് ശേഷമുള്ള ആദ്യ വര്‍ദ്ധനവാണിത്. 2023 ജൂലൈയില്‍ എനര്‍ജി വില കുറഞ്ഞതിന്റെ ഭാഗമായി മാസാമാസ വിലകളില്‍ 0.4 ശതമാനം ഇടിവ് നേരിട്ടതുമായുള്ള താരതമ്യമാണ് ഈ വര്‍ദ്ധനവിന് ഇടയാക്കുന്നത്. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് 2.75 ശതമാനത്തിലേക്ക് ഉയര്‍ന്ന ശേഷമാകും വീണ്ടും തിരിച്ചിറങ്ങുകയെന്ന് കേന്ദ്ര ബാങ്ക് പ്രവചിക്കുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കുകള്‍ പുറത്തുവന്നതോടെയാണ് ഗവണ്‍മെന്റിന്റെ ജീവിതച്ചെലവ് പ്രതിസന്ധി കണക്കാക്കുന്ന അടിസ്ഥാനഘടകം വീണ്ടും ഉയര്‍ന്നതായി വ്യക്തമായി.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പണപ്പെരുപ്പം 2 ശതമാനത്തില്‍ നിലനിര്‍ത്താനാണ് ലക്ഷ്യമിടുന്നത്. അതേസമയം ഈ വര്‍ദ്ധന ബാങ്ക് ഓഫ് ഇംഗ്ലണ്ടും, വിപണിയും പ്രതീക്ഷിച്ചതുമാണ്. ഇതിനിടെ യുകെയിലെ പാവപ്പെട്ട കുടുംബങ്ങള്‍ ഉയര്‍ന്ന ഭക്ഷ്യവിലക്കയറ്റം നേരിടുന്നതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. 2021 മുതല്‍ 2023 വരെയുള്ള ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ ധനികരായ കുടുംബങ്ങളെ അപേക്ഷിച്ച് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വിലക്കയറ്റം കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 5.25 ശതമാനത്തില്‍ നിന്നും 5 ശതമാനത്തിലേക്ക് താഴ്ത്തിയത് ഈ മാസമാണ്. 16 വര്‍ഷത്തിനുശേഷമായിരുന്നു കുറയ്ക്കല്‍. ഇത് മോര്‍ട്ട്‌ഗേജുകാര്‍ക്കും, മറ്റ് കടങ്ങള്‍ എടുത്തവര്‍ക്കും ഏറെ ആശ്വാസകരമായിരുന്നു ഈ തീരുമാനം. എന്നാല്‍ കൂടുതല്‍ പലിശ കുറയ്ക്കലുകള്‍ ഉടനെ പ്രതീക്ഷിക്കേണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് പണപ്പെരുപ്പം താഴ്ന്നതാണ് പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. 14 തവണ വര്‍ദ്ധിപ്പിച്ച പലിശ നിരക്കുകള്‍ 2022 ഒക്ടോബറില്‍ 11 ശതമാനം വരെ എത്തിയിരുന്നു. റഷ്യയുടെ ഉക്രെയിന്‍ അധിനിവേശം ഇന്ധന, ഭക്ഷ്യ വിലകള്‍ കുതിക്കാന്‍ ഇടയാക്കിയതോടെയായിരുന്നു ഇത്.

എന്നാല്‍ ബുധനാഴ്ച ജൂലൈയിലെ പണപ്പെരുപ്പ നിരക്ക് പുറത്തുവരുമ്പോള്‍ ചെറിയ തോതില്‍ വര്‍ദ്ധന രേഖപ്പെടുത്തുമെന്ന് വിദഗ്ധര്‍ പറഞ്ഞിരുന്നു. എനര്‍ജി നിരക്ക് കണക്കുകൂട്ടുന്നതിലെ വ്യത്യാസമാണ് ഇതിലേക്ക് നയിക്കുക. ഇതോടെ കൂടുതല്‍ പലിശ നിരക്ക് കുറയ്ക്കലിന് സാധ്യത അസ്തമിക്കുകയും ചെയ്യും.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions