യു.കെ.വാര്‍ത്തകള്‍

സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നഗ്ന ദൃശ്യങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവയ്ക്കുന്നതും ഇനി ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റം


സ്ത്രീകളേയും പെണ്‍കുട്ടികളേയും ലക്ഷ്യമിട്ട് ഡീപ്പ് ഫേക്ക് നഗ്ന ചിത്രങ്ങള്‍ വ്യാപകമായതോടെ കടുത്ത നിലപാടുമായി സര്‍ക്കാര്‍. സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നഗ്ന ദൃശ്യങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവയ്ക്കുന്നതും ഇനി മുതല്‍ ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റമായിരിക്കും.

ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നഗ്ന ദൃശ്യങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവയ്ക്കുന്നതും ക്രിമിനല്‍ കുറ്റകൃത്യമാവും എന്ന് ചൊവ്വാഴ്ചയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. സ്ത്രീകളേയും പെണ്‍കുട്ടികളേയും ലക്ഷ്യമിട്ട് ഇത്തരം ഡീപ്പ് ഫേക്ക് നഗ്ന ചിത്രങ്ങള്‍ വലിയതോതില്‍ പെരുകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ യഥാര്‍ത്ഥമെന്ന് തോന്നുന്ന വിധത്തില്‍ നിര്‍മ്മിക്കുന്ന വീഡിയോകള്‍, ചിത്രങ്ങള്‍, ശബ്ദം എന്നിവയെ ആണ് ഡീപ്പ് ഫേക്കുകള്‍ എന്നു വിളിക്കുന്നത്. എന്നാല്‍ ഈ സാങ്കേതിക വിദ്യകള്‍ ദുരുപയോഗം ചെയ്ത് വ്യക്തികളുടെ നഗ്നത കൃത്രിമമായി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അനുവാദമില്ലാതെയും മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാകുക എന്ന ഉദ്ദേശത്തോടെയും അവരുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രസിദ്ധീകരിക്കുന്നത് 2015 മുതല്‍ ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റകൃത്യമാണ്. റിവഞ്ച് പോണ്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. എന്നാല്‍ ഈ നിയമത്തില്‍ ഡീപ്പ് ഫേക്ക് ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഇവ വ്യാപകമായിപ്രചരിച്ചു വരുകയായിരുന്നു.

യുകെ ആസ്ഥാനമായുള്ള റിവഞ്ച് പോണ്‍ ഹെല്‍പ്പ് ലൈനില്‍ നിന്നുള്ള വിവരം അനുസരിച്ച് 2017 ന് ശേഷം ഡീപ്പ് ഫേക്ക് ഉപയോഗിച്ച് നഗ്ന ചിത്രങ്ങളും വീഡിയോകളും നിര്‍മ്മിക്കുന്നതില്‍ 400 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. പുതിയ നിയമം നിലവില്‍ വരുന്നതോടെ ഡീപ്പ് ഫേക്ക് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതും പങ്കുവയ്ക്കുന്നതും ക്രിമിനല്‍ കുറ്റകൃത്യമാവുകയും അതനുസരിച്ചുള്ള നിയമ നടപടികള്‍ നേരിടേണ്ടിവരികയും ചെയ്യും.

ഒരാളുടെ അനുവാദമില്ലാതെ ലൈംഗീകത പ്രദര്‍ശിപ്പിക്കുന്ന വീഡിയോകള്‍ സൃഷ്ടിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്ന് യുകെ നീതിന്യായ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കും ഇത്. പുതിയ നിയമവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് മന്ത്രാലയം അറിയിച്ചു.

  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  • കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
  • 21000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; നഴ്‌സുമാര്‍ക്കും ആശങ്ക!
  • സ്റ്റാമ്പ് ഡ്യൂട്ടി ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക
  • മെനിഞ്ചൈറ്റിസ് രോഗ ബാധ: 12,000 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കാന്‍ നടപടിയുമായി എന്‍എച്ച്എസ്
  • ലണ്ടനിലെ ലേറ്റണ്‍ സ്റ്റോണ്‍ വാര്‍ഡില്‍ റീഫോം യുകെ സ്ഥാനാര്‍ത്ഥിയായി മലയാളി
  • ജീവനക്കാര്‍ സമരത്തിനിറങ്ങിയതോടെ റസിഡന്റ് ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സ് റദ്ദാക്കി
  • പലസ്തീന്‍ ആക്ഷന്‍ നിരോധനത്തിനെതിരെ ലണ്ടനില്‍ വന്‍ പ്രതിഷേധം; 500-ലധികം പേര്‍ അറസ്റ്റില്‍
  • ഇംഗ്ലണ്ടിലെ 9 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ രോഗികള്‍ മരിക്കാന്‍ സാധ്യത കൂടുതലെന്ന്‌!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions