യു.കെ.വാര്‍ത്തകള്‍

എ ഐ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിസാ നടപടികള്‍ ലളിതമാക്കാന്‍ ബ്രിട്ടന്‍, ഇന്ത്യക്കാര്‍ക്ക് ഗുണകരം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധര്‍ക്കുള്ള വിസ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന് യുകെ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെയും വ്യവസായത്തെയും ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഈ വര്‍ഷം പുറത്തിറക്കിയ എ ഐ ഓപ്പറേറ്റിംഗ് പ്ലാനിലാണ് ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ക്ക് അവസരം ഒരുക്കുന്ന വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്. ആഗോളതലത്തില്‍ എ ഐ മേഖലയില്‍ ജോലി ചെയ്യുന്ന മികച്ച ടെക്നോളജി വിദഗ്ധരെ യുകെയില്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്.

ടെക് സംരംഭകനായ മാറ്റ് ക്ലിഫോര്‍ഡ് ആണ് സര്‍ക്കാരിനു വേണ്ടി പുതിയ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. സ്റ്റാര്‍ട്ടപ്പുകളെയും വിദേശ പ്രതിഭകളെയും യുകെയിലേക്ക് താമസം മാറ്റാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വിസ ചെലവ് കുറയ്ക്കാനും നടപടിക്രമങ്ങള്‍ ലളിതമാക്കാനും ക്ലിഫോര്‍ഡ് ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം കുടിയേറ്റം കുറയ്ക്കുന്നതിനായി വിസ നിയമങ്ങള്‍ കര്‍ശനമാക്കിയത് പല മേഖലകളെയും പ്രതികൂലമായി ബാധിച്ചതായും ആണ് വിലയിരുത്തപ്പെടുന്നത്. യുകെയില്‍ ജോലി ചെയ്യുന്നതിനുള്ള വിദഗ്ധ തൊഴിലാളികളുടെ ശമ്പള പരിധി 38, 700 പൗണ്ട് ആയി ഉയര്‍ത്തിയിരുന്നു. ഇത് കൂടാതെ ആശ്രിത വിസയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കിയിരുന്നു. ഇതിന്റെ ഫലമായി 2024 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള വിസ അപേക്ഷകള്‍ 2023 ലെ ഇതേ കാലയളവില്‍ 942,500 ല്‍ നിന്ന് 547,000 ആയി കുറഞ്ഞുവെന്നാണ് യുകെ ഹോം ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത്.

കൂടുതല്‍ വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വിസ നിയമങ്ങളുടെ അവലോകനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഈ വര്‍ഷാവസാനം ഒരു ഇമിഗ്രേഷന്‍ ധവളപത്രം പുറപ്പെടുവിക്കുമെന്ന് കഴിഞ്ഞദിവസം ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പ്രഖ്യാപിച്ചത് ഇതിന് തുടര്‍ച്ചയായാണ്. ഏറ്റവും ഉയര്‍ന്ന വൈദഗ്ധ്യമുള്ള ആളുകള്‍ രാജ്യത്തെത്താനുള്ള ,പ്രത്യേകിച്ച് AI ,ലൈഫ് സയന്‍സസ് മേഖലകളിലെ വിസകള്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ ഞങ്ങള്‍ വീണ്ടും പരിശോധിക്കും എന്ന് ഡാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവേ ചാന്‍സലര്‍ പറഞ്ഞു.

ഹോം ഓഫീസിന്റെ സ്കില്‍ഡ് വിസ സമ്പ്രദായ പ്രകാരം ബിസിനസുകള്‍ക്ക് വിദേശത്ത് നിന്ന് ജീവനക്കാരെ നിയമിക്കാന്‍ ഇതിനകം തന്നെ കഴിയും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ പ്രധാന അപേക്ഷകരില്‍ നിന്ന് സ്കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കായി 50,900 അപേക്ഷകള്‍ ലഭിച്ചിരുന്നുവെന്നാണ് ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്.

  • ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതം: യുകെയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടാകും, വില വര്‍ധനയും
  • ബ്രക്സിറ്റിന് ശേഷം ബ്രിട്ടന്‍ വീണ്ടും ഇയു നിയമങ്ങളിലേക്ക് തിരിച്ചുപോകുന്നു!
  • ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ മേയ് രണ്ടാം വാരത്തോടെ യാഥാര്‍ഥ്യമാകും
  • ഇറാന്‍ യുദ്ധവും വിലക്കയറ്റവും: വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്
  • പള്ളിയ്ക്ക് പുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നൂറുകണക്കിന് പേരുടെ പ്രതിഷേധം
  • ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം
  • എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി
  • യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം
  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions