ബിസിനസ്‌

ഓട്ടം ബജറ്റില്‍ കൂടുതല്‍ തിരിച്ചടികള്‍! പെന്‍ഷന്‍ ഫണ്ടിലും പിടുത്തം വരും, നികുതി പരിധികള്‍ മരവിപ്പിക്കും

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ പദ്ധതികള്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ അസ്ഥിരപ്പെടുത്തുന്നതായി ആരോപണം ഉയരുമ്പോഴും റീവ്‌സിന്റെ സ്ഥാനത്തിന് ഭീഷണിയില്ല. മിനിമം വേതനം വര്‍ദ്ധിപ്പിച്ചും ബെനഫിറ്റുകള്‍ വെട്ടിക്കുറച്ചുമുള്ള റേച്ചല്‍ റീവ്‌സിന്റെ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇതിന്റെ പ്രത്യാഘാതം ഓട്ടം ബജറ്റിലും നേരിടേണ്ടി വരുമെന്നാണ് ഇപ്പോള്‍ വരുന്ന മുന്നറിയിപ്പ്.

യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത ചെലവഴിക്കല്‍ പദ്ധതികള്‍ മൂലം അടുത്ത ബജറ്റില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ നികുതി വര്‍ദ്ധനവുകള്‍ നേരിടേണ്ടി വരുമെന്നാണ് ഐഎഫ്എസ് മുന്നറിയിപ്പ് നല്‍കുന്നത്. രണ്ട് വര്‍ഷത്തേക്ക് കൂടി നികുതി പരിധികള്‍ മരവിപ്പിച്ച് നിര്‍ത്തുന്നത് ചാന്‍സലറെ സംബന്ധിച്ച് എളുപ്പമായിരിക്കുമെന്ന് അവര്‍ പറയുന്നു. ഇതുവഴി 10 ബില്ല്യണ്‍ പൗണ്ട് അധികമായി കണ്ടെത്താനും കഴിയും.

പെന്‍ഷന്‍ പോട്ടുകളില്‍ നിന്നും പിന്‍വലിക്കുന്ന തുകയ്ക്ക് നകുതി ഏര്‍പ്പെടുത്തുന്നതും ഇത്തരമൊരു എളുപ്പവഴിയാകുമെന്ന് ഐഎഫ്എസ് മുന്നറിയിപ്പില്‍ വ്യക്തമാക്കി. കൂടാതെ സമ്പത്തിന്മേലുള്ള നികുതി, ക്യാപിറ്റല്‍ ഗെയിന്‍സ് പരിഷ്‌കാരങ്ങള്‍ എന്നിവയും പരിഗണിക്കാം. എന്നാല്‍ ഇതുവഴി ട്രഷറിക്ക് വലിയ തുക ലഭിക്കാനുള്ള സാധ്യതയില്ല.

സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് പ്രഖ്യാപിച്ചതിന് ശേഷമുള്ള പതിവ് പഠനത്തിന് ശേഷമാണ് ഐഎഫ്എസ് ഈ പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്. പല പദ്ധതികളും കടുപ്പമായതിനാല്‍ ഇതുമായി മുന്നോട്ട് പോകാന്‍ റീവ്‌സിന് സാധിക്കുമോയെന്നത് പോലും സംശയമാണ്.

ഏപ്രില്‍ 2 മുതല്‍ യുഎസിലേക്ക് കാര്‍ ഇറക്കുമതി ചെയ്യുന്ന എല്ലാവര്‍ക്കും 25 ശതമാനം നികുതി അടിച്ചേല്‍പ്പിച്ച പ്രസിഡന്റ് ഡൊണാള്‍ ട്രംപിന്റെ പ്രഖ്യാപനവും യുകെയെ സംബന്ധിച്ച് അപകടകരമാണ്.

അഞ്ച് മാസം മുന്‍പ് സ്വയം തീരുമാനിച്ച സാമ്പത്തിക നയങ്ങള്‍ തിരുത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് 14 ബില്ല്യണ്‍ പൗണ്ടിന്റെ ചെലവ് ചുരുക്കല്‍ നടപ്പാക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ ഇതില്‍ അവസാനിക്കില്ലെന്നും, നിലവിലെ പൊതുഖജനാവിന്റെ ദുരവസ്ഥ വെച്ച് നോക്കിയാല്‍ ഓട്ടം സീസണില്‍ പുതിയ നികുതിവര്‍ദ്ധനയാണ് നേരിടേണ്ടി വരികയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

ബ്രിട്ടന്റെ വെല്‍ഫെയര്‍ ബജറ്റിലാണ് റീവ്‌സ് പ്രധാനമായി കത്തിവെച്ചത്. പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റ്, യൂണിവേഴ്‌സല്‍ ക്രെഡിറ്റ് എന്നിവയില്‍ നിന്നും 3.4 ബില്ല്യണ്‍ പൗണ്ടാണ് കുറവ് വരുത്തിയത്. ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ കുറയ്ക്കാനായി വോളണ്ടറി എക്‌സിറ്റ് സ്‌കീമും, എഐ ടൂളുകളും പ്രോത്സാഹിപ്പിക്കാനും നടപടിയുണ്ട്. പ്രതിരോധ മേഖലയ്ക്കായി 2.2 ബില്ല്യണ്‍ പൗണ്ട് അധികമായി നല്‍കാനാണ് പുതിയ നിര്‍ദ്ദേശം.

അടുത്ത ആഴ്ച മുതല്‍ ബ്രിട്ടനിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് അവരുടെ വരുമാനത്തില്‍ പ്രതിവര്‍ഷം 1400 പൗണ്ടിന്റെ വര്‍ദ്ധനവുണ്ടാകും. ഒക്ടോബറിലെ ബജറ്റില്‍ പരാമര്‍ശിച്ചിരുന്നത് പോലെ ഏപ്രില്‍ ഒന്നു മുതല്‍ നാഷണല്‍ ലിവിംഗ് വേജില്‍ 6.7 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിരിക്കുമെന്ന് ഇന്നലെ പാര്‍ലമെന്റില്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിനിടെ റെയ്ച്ചല്‍ റീവ്‌സ് സ്ഥിരീകരിച്ചു. ഇത് ഏകദേശം മുപ്പത് ലക്ഷത്തോളം പേര്‍ക്ക് പ്രയോജനകരമാകും. മിനിമം വേതനം നിലവിലെ 11.44 പൗണ്ടില്‍ നിന്നും 6.7 ശതമാനം വര്‍ദ്ധിച്ച് മണിക്കൂറില്‍ 12.21 പൗണ്ടായാണ് ഉയരുന്നത്.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions