യുകെയുടെ വളര്‍ച്ചാ പ്രവചനങ്ങള്‍ കുത്തനെ താഴുന്നു; പലിശ കുറയ്ക്കല്‍ കടുത്ത വെല്ലുവിളി
അടുത്ത രണ്ട് വര്‍ഷത്തേക്ക് യുകെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കുത്തനെ കുറയുമെന്ന് മുന്നറിയിപ്പ്. ഡൊണാള്‍ഡ് ട്രംപിന്റെ ആഗോള താരിഫ് യുദ്ധത്തില്‍ ഉപഭോക്താക്കളുടെ ചെലവഴിക്കലും, ബിസിനസ്സ് നിക്ഷേപങ്ങളും ബാധിക്കപ്പെടുന്നതാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നതെന്നാണ് ഇവൈ ഐറ്റം ക്ലബ് പ്രവചിക്കുന്നത്.
ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയിലേക്കുള്ള ആത്മവിശ്വാസം റെക്കോര്‍ഡ് താഴ്ചയിലേക്ക് എത്തിയെന്നാണ് ഒരു സര്‍വ്വെ വ്യക്തമാക്കുന്നത്. ബ്രിട്ടനിലെ കാല്‍ശതമാനം പേരും അടുത്ത വര്‍ഷം സമ്പദ്ഘടന മോശമാകുമെന്ന് കരുതുന്നതായി ഇപ്‌സോസ് മോറി സര്‍വ്വെ പറയുന്നു. കേവലം 7% പേര്‍ മാത്രമാണ് മെച്ചപ്പെടുമെന്ന് കരുതുന്നത്. 13% പേര്‍ സമാനമായ നിലയില്‍ തുടരുമെന്നും പറയുന്നു.
യുകെയുടെ ജിഡിപി ഈ വര്‍ഷം 0.8% വളരുമെന്നാണ് ഇവൈ പ്രവചനം. ഫെബ്രുവരിയില്‍ 1% വളര്‍ച്ച പ്രവചിച്ച സ്ഥാനത്താണ് ഈ ഇടിവ്. 2026 വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 1.6 ശതമാനത്തില്‍ നിന്നും 0.9 ശതമാനത്തിലേക്കും കുറച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് യുകെയുടെ ഈ വര്‍ഷത്തെ വളര്‍ച്ചാനിരക്ക് 1.1 ശതമാനമായിരിക്കുമെന്ന് പ്രവചിച്ചിരുന്നു.
1.6 ശതമാനത്തില്‍ നിന്നുമാണ് ഇവര്‍ വളര്‍ച്ചാ നിരക്ക് താഴ്ത്തിയത്. ട്രംപിന്റെ വ്യാപാര നയങ്ങള്‍ യുകെയ്ക്ക് വളര്‍ച്ചാ 'ഷോക്ക്' നല്‍കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലിയും വ്യക്തമാക്കുന്നു. ഈ ഘട്ടത്തില്‍ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതമാകുന്നുണ്ട്. എന്നാല്‍ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ മോണിറ്ററി പോളിസി കമ്മിറ്റി ഇതിന് തയ്യാറാകുമോയെന്ന് ഇപ്പോഴും ഉറപ്പില്ല.
യുകെയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നതായിരുന്നു പുതിയ ബജറ്റ് പ്രഖ്യാപനം. ഇതുമൂലം വലിയ സമ്മര്‍ദ്ദങ്ങളാണ് സംരഭകര്‍ക്ക് സൃഷ്ടിക്കുന്നത്. ജീവിത ചെലവ് ഉയരുന്ന അവസ്ഥയാണ്. ഇതിനിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാത്തതിലും വ്യാപകമായ അമര്‍ഷം ഉയരുന്നു. മോര്‍ട്ട്‌ഗേജ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പലരും. ഇപ്പോഴിതാ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ന്റെ പ്രവചനപ്രകാരം ഈ വര്‍ഷം തന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചേക്കുമെന്നാണ്. പണപ്പെരുപ്പം ഉയര്‍ന്നാലും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് മൂന്നു തവണയെങ്കിലും കുറയ്ക്കുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്.
വെള്ളത്തിനും ഊര്‍ജ്ജനിരക്കും വര്‍ദ്ധിക്കുമ്പോള്‍ പണപ്പെരുപ്പം താഴാന്‍ സാധ്യതയില്ല. 3.1 ശതമാനമാകും ബ്രിട്ടനിലെ പണപ്പെരുപ്പമെന്നാണ് പ്രവചനം. ഇത്തവണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രവചനങ്ങളും അഭ്യൂഹങ്ങളും ഉണ്ടായിരുന്നെങ്കിലും നടപടിയുണ്ടായില്ല. പലിശ നിരക്ക് കുറയുന്നത് മോര്‍ട്ട്ഗേജുകാര്‍ക്ക് ആശ്വാസമാകും.