ബിസിനസ്‌

പലിശ നിരക്ക് കാല്‍ ശതമാനം കുറയുമെന്ന പ്രതീക്ഷയില്‍ മോര്‍ട്ട്‌ഗേജ് വിപണി

ഈ ആഴ്ചയിലെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തില്‍ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യത തെളിയുമെന്ന പ്രതീക്ഷ ശക്തമായി. മേയ് 8ന് കാല്‍ശതമാനം പോയിന്റ് നിരക്ക് കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതിന്റെ പ്രതീസയിലാണ് മോര്‍ട്ട്‌ഗേജ് വിപണി.

പലിശ നിരക്ക് കാല്‍ ശതമാനം കുറച്ച് 4.25 ശതമാനമാക്കിയേക്കും എന്നാണു സൂചന. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ട്. ഇതുതന്നെ, പണപ്പെരുപ്പം കുറയ്ക്കുന്നതിനായി പലിശ നിരക്ക് ഉപയോഗിക്കുന്നവര്‍ക്ക് പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള കാരണമായി എടുക്കാം. മാര്‍ച്ചില്‍ ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 2.6 ശതമാനമായിരുന്നു. ഫെബ്രുവരിയിലെ 2.8 ശതമാനത്തില്‍ നിന്നുമാണ് 2.6 ശതമാനത്തിലെത്തിയതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. സമാനമായ രീതിയില്‍, ബാങ്ക് ഓഫ് ഇംഗ്ലണ്ട് സസൂക്ഷ്മം നിരീക്ഷിക്കുന്ന സേവന പണപ്പെരുപ്പ നിരക്കും അഞ്ചു ശതമാനത്തില്‍ നിന്നും 4.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്.


എല്ലാ വശത്തു നിന്നും ലഭിക്കുന്ന സൂചനകള്‍ ബ്രിട്ടന്‍ പണപ്പെരുപ്പത്തിന്റെ സമ്മര്‍ദ്ദത്തില്‍ നിന്നും പുറത്തു കടക്കുന്നു എന്നാണെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ ഇത്തവണ ഒരു തീരുമാനത്തിലെത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റിക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വരില്ലെന്നും അവര്‍ പറയുന്നു.


യുകെയുടെ വളര്‍ച്ചാ സാധ്യത വെട്ടിച്ചുരുക്കിയ ഐഎംഎഫ് നടപടിക്ക് ശേഷം ട്രംപിന്റെ താരിഫുകളെ വളരെ ഗുരുതര അപകടമായാണ് കാണുന്നതെന്ന് ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കിയിട്ടുണ്ട്.

ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ഇപ്പോഴും ജാഗ്രതയോടെ മുന്നോട്ട് എന്ന നിലപാടാണ് പങ്കുവെയ്ക്കുന്നത്. 2024 ആഗസ്റ്റ് മുതല്‍ മൂന്ന് തവണ മാത്രമാണ് നിരക്ക് കുറച്ചത്. പണപ്പെരുപ്പ സമ്മര്‍ദങ്ങളായ ഉയര്‍ന്ന ശമ്പളവളര്‍ച്ച ഉള്‍പ്പെടെ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ ജാഗ്രത.

ട്രംപിന്റെ താരിഫ് യുദ്ധം ഒരേ സമയം ഗുണവും, ദോഷവും സൃഷ്ടിക്കുന്നത് പലിശ നിരക്ക് വേഗത്തില്‍ കുറയ്ക്കാന്‍ കാരണമാകുമെന്നാണ് പറയപ്പെടുന്നത്. ഇതില്‍ ഒന്നാമത്തെ കാര്യം തീരുവ മൂലം യുകെ വളര്‍ച്ച കുറയും. അതിന് പുറമെ പണപ്പെരുപ്പവും താഴും. ഇതാണ് പലിശ കുറയ്ക്കാന്‍ ബാങ്കിന് വഴിയൊരുക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു.

മൂന്ന് മാസം കൂടുമ്പോള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ കുറയ്ക്കുമെന്നാണ് റോയിറ്റേഴ്‌സ് നടത്തിയ സര്‍വ്വെയില്‍ സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായം രേഖപ്പെടുത്തിയത്. ഇതോടെ വര്‍ഷാവസാനം പലിശകള്‍ 3.75 ശതമാനം വരെ താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ ഇത് 3.5% വരെ എത്താമെന്നും കരുതുന്നു.

എന്തായാലും 2008 സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വേഗത്തിലാണ് പലിശ നിരക്കുകള്‍ താഴുകയെന്നാണ് ഇക്കണോമിസ്റ്റുകളുടെ പ്രവചനം. ഏതാനും വര്‍ഷങ്ങള്‍ക്കിടെയുള്ള മാനംമുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന കടമെടുപ്പ് ചെലവുകള്‍ നേരിടുന്ന മോര്‍ട്ട്‌ഗേജ് ഉപഭോക്താക്കള്‍ക്ക് ഈ കണക്കുകള്‍ വലിയ ആശ്വാസമാണ് സമ്മാനിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി കാലഘട്ടത്തില്‍, 2008 ഒക്ടോബറിലെ 4.5 ശതമാനത്തില്‍ നിന്നും 2009 മാര്‍ച്ചിലാണ് 0.5 ശതമാനത്തിലേക്ക് താഴ്ന്നത്. സെപ്റ്റംബര്‍ മാസത്തോടെ പലിശ നിരക്ക് 3.5 ശതമാനത്തിലേക്ക് താഴുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബാര്‍ക്ലേസ് വ്യക്തമാക്കി. ബാര്‍ക്ലേസിന് പുറമെ എച്ച്എസ്ബിസി, നാറ്റ്‌വെസ്റ്റ് എന്നിവര്‍ ഈയാഴ്ച എല്ലാ മോര്‍ട്ട്‌ഗേജ് നിരക്കിലും 0.25 ശതമാനം പോയിന്റ് കുറവ് വരുത്തിയിട്ടുണ്ട്.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions