ലണ്ടന്‍: ഉയര്‍ന്നുകൊണ്ടിരുന്ന യുകെ പണപ്പെരുപ്പം മെയ് മാസത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുമെന്ന് വ്യാഴാഴ്ച നടന്ന സിറ്റി/യൂഗോവ് സര്‍വേ വ്യക്തമാക്കുന്നു. പണപ്പെരുപ്പ പ്രതീക്ഷകള്‍ 4.2% ല്‍ നിന്ന് 4.0% ആയി കുറഞ്ഞുവെന്ന് സര്‍വേ പറയുന്നു.
എന്നിരുന്നാലും, ദീര്‍ഘകാല പണപ്പെരുപ്പ പ്രതീക്ഷകള്‍ തുടര്‍ച്ചയായ മൂന്നാം മാസവും 4.2% ല്‍ മാറ്റമില്ലാതെ തുടരുന്നുവെന്ന് സര്‍വേ വ്യക്തമാക്കുന്നു.
'തുടര്‍ച്ചയായ മാസങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന പ്രതീക്ഷകള്‍ക്ക് ശേഷം ഇത് കുറച്ച് ആശ്വാസം നല്‍കും,'-സിറ്റി വിശകലന വിദഗ്ധര്‍ പറഞ്ഞു.
'എന്നാല്‍ ഉയര്‍ന്ന നിലയെയും ദീര്‍ഘകാല സ്ഥിരതയെയും കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നു,' അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ആഴ്ചയിലെ ഡാറ്റ കാണിക്കുന്നത് ബ്രിട്ടന്റെ പണപ്പെരുപ്പ നിരക്ക് ഏപ്രിലില്‍ പ്രതീക്ഷിച്ചതിലും വലിയ 3.5% എത്തിയെന്നാണ്, 2024 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്, ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുന്നതിന്റെ വേഗത കുറയ്ക്കുമെന്ന് നിക്ഷേപകരെ വാതുവയ്ക്കാന്‍ പ്രേരിപ്പിച്ചു.
ഏപ്രില്‍ മാസത്തില്‍ എല്ലാ മേഖലയിലെ ബില്ലുകളും കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് പണപ്പെരുപ്പം അതിശയിപ്പിക്കുന്ന തോതില്‍ വര്‍ദ്ധിച്ചത്. വാട്ടര്‍ ബില്ലുകള്‍, എനര്‍ജി ചെലവുകള്‍, കൗണ്‍സില്‍ ടാക്‌സ് എന്നിവയെല്ലാം നാടകീയമായ തോതിലാണ് കഴിഞ്ഞ മാസം വര്‍ദ്ധിച്ചത്.
എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനിലെ വര്‍ദ്ധനവും, നാഷണല്‍ മിനിമം വേജിലെ വര്‍ദ്ധനവും വിലക്കയറ്റം സൃഷ്ടിക്കാന്‍ കമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളായിരുന്നു. എന്നാല്‍ ഇത് പരിഗണിച്ചും സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കിയതിലും ഏറെ തോതില്‍ പണപ്പെരുപ്പം ഉയര്‍ന്നു.
ഗ്യാസ്, വൈദ്യുതി, വെള്ളം, ഗതാഗംത എന്നിങ്ങനെ സകല ബില്ലുകളും ഉയര്‍ന്നത് കുടുംബങ്ങള്‍ക്ക് ഏപ്രില്‍ മാസം ദുരിത മാസമായി മാറിയിരുന്നു. കുടുംബങ്ങളുടെ ബില്ലുകളില്‍ സുപ്രധാന തോതില്‍ വര്‍ധന രേഖപ്പെടുത്തിയത് പണപ്പെരുപ്പം കുത്തനെ ഉയരാന്‍ ഇടയാക്കിയെന്ന് ഒഎന്‍എസ് പറയുന്നു.
മാര്‍ച്ച് മാസത്തില്‍ 2.6 ശതമാനത്തിലേക്ക് താഴ്ന്ന ശേഷം ഈ കുതിപ്പ് നടത്തിയത് അധികൃതരെ സ്തബ്ധരാക്കിയിരുന്നു.