രൂപയ്‌ക്കെതിരെ പൗണ്ടിന്റെ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു; നേട്ടം കൊയ്ത് പ്രവാസികള്‍
ലണ്ടന്‍: ബ്രിട്ടീഷ് പൗണ്ട് രൂപയ്ക്കും ഡോളറിനുമെതിരെ കരുത്തോടെ മുന്നോട്ട്. പൗണ്ടും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഓരോ ദിവസവും. ഒരു പൗണ്ടിന്റെ ഇന്ത്യന്‍ മൂല്യം വീണ്ടും 116 രൂപ പിന്നിട്ടു. ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവര്‍ക്ക് വര്‍ധന വലിയ നേട്ടമാകും. എന്നാല്‍ പൗണ്ടിന്റെ വിലക്കയറ്റം നാട്ടിലെ സ്വത്തുക്കള്‍ വിറ്റ് യുകെയില്‍ പണം എത്തിക്കാന്‍ പദ്ധതി ഇടുന്നവര്‍ക്ക് തിരിച്ചടിയാകും. കൂടാതെ ഫീസടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും വലിയ തിരിച്ചടിയാണ്.
2023 മാര്‍ച്ചില്‍ ഒരു പൗണ്ടിന്റെ മൂല്യം 97 ഇന്ത്യന്‍ രൂപയായി കുറഞ്ഞിരുന്നു. ഏപ്രിലില്‍ പക്ഷേ വിനിമയ മൂല്യം 100 കടന്നു. 2024 ഓഗസ്റ്റില്‍ 110 രൂപയിലെത്തി. ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ 116.34 ആയി വരെ വിനിമയ മൂല്യം ഉയര്‍ന്നത്. യൂറോയ്ക്കെതിരെ 1.18 ആയി ആണ് വിനിമയ നിരക്ക്.
യുകെയില്‍ എത്തി ഒന്നും രണ്ടും വര്‍ഷം കഴിയുന്നവര്‍ സ്വന്തമായി ഒരു വീട് വാങ്ങുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് നാട്ടില്‍ നിന്നും സാധാരണയായി പണം എത്തിക്കുന്നത്. വിദ്യാര്‍ഥി വീസയില്‍ യുകെയില്‍ എത്തി ജോലി ചെയ്യുന്നവര്‍ക്കും പഠന ശേഷം പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇപ്പോഴത്തെ മൂല്യ വര്‍ധന ഉപകാരപ്രദമാണ്. ഇത്തരം വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരാണ് നാട്ടിലേക്ക് പണം അയയ്ക്കുന്നവരില്‍ ഭൂരിഭാഗവും. കുടുംബമായി യുകെയില്‍ സ്ഥിര താമസമാക്കിയവര്‍ ജോലി ചെയ്തു കിട്ടുന്ന തുക ഇവിടെ തന്നെ ചെലവഴിക്കുകയാണ് പതിവ്. ഇവര്‍ക്ക് യുകെ പൗണ്ടിന്റെ ഇന്ത്യന്‍ മൂല്യം ഉയര്‍ന്നത് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ ഇടയില്ല. ഡോളറിനെതിരെ 1.35 ആയും മെച്ചപ്പെട്ടു.
തുടരുന്ന പണപ്പെരുപ്പവും, ട്രംപ് തുടങ്ങിവെച്ച വ്യാപാര യുദ്ധവും ഇരട്ട ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവികളുടെ മുന്നറിയിപ്പ് വന്നിരുന്നു. റേച്ചല്‍ റീവ്‌സിന്റെ ബജറ്റിന് ശേഷം സാമ്പത്തിക വളര്‍ച്ച മുരടിച്ചത് ഇതില്‍ നിന്നും കൂടുതല്‍ മാറ്റത്തിനുള്ള സാധ്യതയാണ് കുറയ്ക്കുന്നത്.
ഏപ്രില്‍ മാസത്തില്‍ എല്ലാ മേഖലയിലെ ബില്ലുകളും കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് പണപ്പെരുപ്പം അതിശയിപ്പിക്കുന്ന തോതില്‍ വര്‍ദ്ധിച്ചത്. പ്രതീക്ഷകള്‍ അസ്ഥാനത്താക്കി 3.5 ശതമാനത്തിലേക്കാണ് കുതിപ്പ്.